
ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാ രാമം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.
ഇപ്പോഴിതാ തന്‍റെ ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ച പ്രക്ഷകര്‍ക്ക് നന്ദിപറയുകയാണ് ദുല്‍ഖര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ദുല്‍ഖര്‍ നന്ദി കത്ത് പങ്കുവെച്ചത്.
തനിക്കുള്ള സന്തോഷവും നന്ദിയും വാക്കുകളില്‍ പറയാന്‍ കഴിയില്ലെന്നും, സ്വന്തം പോലെ തന്നെ സ്വീകരിച്ചതിന് നന്ദിയെന്നുമാണ് ദുല്‍ഖര്‍ കത്തില്‍ പറയുന്നത്. കത്ത് പുറത്ത് വന്നതിന് പിന്നാലെ ആരാധകരും സിനിമാ പ്രേമികളും കത്ത് ഏറ്റെടുത്ത് കഴിഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച കത്തിന്റെ പൂര്‍ണരൂപം
എന്നെ അത്ഭുതപ്പെടുത്തിയ തെലുങ്ക് പ്രേക്ഷകര്‍ക്ക്,
തെലുങ്കില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത എന്റെ ആദ്യത്തെ സിനിമ ‘ഓകെ ബംഗാരം'(ഓ.കെ കണ്‍മണി) ആണ്. ആ ചിത്രത്തില്‍ അവസരം നല്‍കിയതിന് മണി സാറിന് നന്ദി, നിങ്ങള്‍ എല്ലാവരും ആ ചിത്രത്തിലൂടെ എനിക്കൊരു അവസരം നല്‍കി, അതിലൂടെ എനിക്ക് അളവറ്റ സ്‌നേഹവും നല്‍കി. പിന്നീട്, നാഗിയും വൈജയന്തിയും എനിക്കൊരു അവസരം തന്നു. ‘മഹാനടി’ യില്‍ ജെമിനിയായി അഭിനയിക്കാന്‍.
ഗ്രേ ഷേഡുകള്‍ ഉണ്ടായിരുന്നിട്ടും ആ വേഷത്തിനും നിങ്ങള്‍ എനിക്ക് സ്‌നേഹവും ബഹുമാനവും നല്‍കി. സിനിമ ഞാന്‍ പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഞാന്‍ പോകുന്നിടത്തെല്ലാം ‘അമ്മഡി’ എന്റെ ജീവിതത്തിന്റെ സ്ഥായിയായി മാറി. കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ ഡബ്ബ് ചെയ്ത ചിത്രങ്ങളായിരുന്നിട്ടും ആ ചിത്രങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ സ്‌നേഹം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ്.
സ്വപ്നയും ഹനുവും സീതാ രാമവുമായി എന്നെ സമീപിച്ചപ്പോള്‍, ഞാന്‍ സുരക്ഷിതമായ കൈകളിലാണെന്ന് എനിക്കറിയാമായിരുന്നു. അവര്‍ ഒരു നിലവാരമുള്ള സിനിമ നല്‍കുമെന്ന് എനിക്കറിയാമായിരുന്നു, മാത്രമല്ല എപ്പോഴും അതുല്യവും വഴിത്തിരിവാകുന്നതുമായ തെലുങ്ക് സിനിമകള്‍ മാത്രമേ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.
ഒട്ടനവധി കലാകാരന്മാരുടെയും പ്രതിഭകളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രയത്നമാണ് സീതാ രാമം. അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരും കാരണമാണ് അത് മനോഹരമായി മാറിയത്. റിലീസായ ദിവസം ഞാന്‍ കരഞ്ഞുപോയി, കാരണം സിനിമയുടെ അമിതഭാരം തോന്നിയതിനാലും ആളുകള്‍ എങ്ങനെ സിനിമ സ്വീകരിക്കുന്നു എന്ന ചിന്തയിലുമായിരുന്നു അത്. ഹനു, മൃണാള്‍, രശ്മിക, സുമന്ത് അന്ന, വിശാല്‍, പി.എസ് വിനോദ് സാര്‍, പിന്നെ എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയുന്ന ഒന്നല്ല.
തെലുങ്കിലെ സിനിമാ പ്രേമികളായ പ്രേക്ഷകരെ നിങ്ങള്‍ക്ക് നന്ദി. സിനിമ കലയിലെ ഏറ്റവും വലിയ വിശ്വാസികള്‍ക്ക് നന്ദി. എന്നെ നിങ്ങളുടേതാണെന്ന് തോന്നിപ്പിച്ചതിന് നന്ദി.
നിങ്ങളുടെ സ്‌നേഹപൂര്‍വ്വം,
റാം (ദുല്‍ഖര്‍ സല്‍മാന്‍)
ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന ചിത്രം കാശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാല്‍ ചന്ദ്രശേഖര്‍ ചിത്രത്തിന്റെ സംഗീതസംവിധാനവും പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തരുണ്‍ ഭാസ്‌ക്കര്‍, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാര്‍, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, വെണ്ണല കിഷോര്‍ എന്നിങ്ങനെ ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു.
നിര്‍മ്മാതാക്കള്‍: അശ്വിനി ദത്ത്, ബാനര്‍: സ്വപ്ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സുനില്‍ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസല്‍ അലി ഖാന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ശീതള്‍ ശര്‍മ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഗീതാ ഗൗതം, പി.ആര്‍.ഒ.: ആതിര ദില്‍ജിത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here