Bihar : നിതീഷിന്‍റെ കളം മാറ്റത്തിന് രാഷ്ട്രീയ പ്രാധാന്യമേറെ

ബിജെപിക്കെതിരായ പ്രതിപക്ഷ മുന്നേറ്റങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാകും ബീഹാറിലെ രാഷ്ട്രീയ മാറ്റം. പ്രതിപക്ഷ നിരയിലെ സാധ്യതകൾ കൂടി മുന്നിൽ കണ്ടാണ് നിതീഷ് കുമാറിൻറെ കളം മാറ്റം എന്നതിനും വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

സ്വാതന്ത്ര്യസമര കാലഘട്ടത്തിലും സ്വതന്ത്ര ഇന്ത്യയിലും പല വിപ്ളവ മുന്നേറ്റങ്ങൾ കണ്ട മണ്ണാണ് ബീഹാറിൻറേത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉത്തർപ്രദേശ് പോലെ നിർണായക സ്ഥാനമുള്ള സംസ്ഥാനം. അതിനാൽ ബിഹാറിലെ മാറ്റത്തിന് വലിയ ദേശീയ പ്രാധാന്യമുണ്ട്. 2024ൽ എല്ലാവരും ബിജെപിക്കെതിരെ എന്ന സന്ദേശം കൂടി നൽകിക്കൊണ്ടാണ് നിതീഷ് കുമാർ മഹാസഖ്യത്തിലേക്ക് തിരിച്ചെത്തുന്നത്.

ജയ്പ്രകാശ് നാരായണനും കർപ്പൂരി ഠാക്കൂറുമൊക്കെ നേതൃത്വം നൽകിയ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളിൽ ആവേശം കൊണ്ടാണ് നിതീഷ് കുമാർ എന്ന രാഷ്ട്രീയ നേതാവിൻറെ ഉദയം. 1996 മുതൽ ബിജെപിയുടെ വിശ്വസ്തനായ സഖ്യകക്ഷി നേതാവ്.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ട നിതീഷ് 2015ൽ മഹാസഖ്യത്തിൻറെ മുഖ്യമന്ത്രിയായി. പക്ഷെ, അധികകാലം ആ സഖ്യം മുന്നോട്ടുപോയില്ല. ഒരിടവേളക്ക് ശേഷം നിതീഷ് വീണ്ടും മഹാസഖ്യത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഇനി മടക്കം സാധ്യമല്ലെന്ന് നിതീഷ് കുമാറിനെ അറിയാം.

മുഖ്യമന്ത്രിയായെങ്കിലും 2020ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ പകുതി സീറ്റ് മാത്രമെ ജെ.ഡിയുവിന് കിട്ടിയുള്ളു. പ്രാദേശിക പാർട്ടികളെ ദുർബലപ്പെടുത്തിയും പിളർത്തിയും എല്ലാ സംസ്ഥാനങ്ങളിലും ബിജെപി നടത്തുന്ന നീക്കങ്ങൾ ബിഹാറിലും വിദൂരമല്ലെന്ന് ഉറപ്പായിരുന്നു.

വിലക്കയറ്റം, അഗ്നിപഥ് വിഷയങ്ങളിലൊക്കെ കേന്ദ്രത്തിനെതിരെ വിമർശന മുനകൾ തൊടുത്ത് നിതീഷ് ബിജെപി നീക്കത്തോടുള്ള അതൃപ്തി പ്രകടമാക്കി. 2019ൽ നിതീഷ് കുമാർ പ്രതിപക്ഷത്തിൻറെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന ചർച്ചകൾക്കിടയിലാണ് മഹാസഖ്യം വിട്ടത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് വീണ്ടും തിരിച്ചെത്തുമ്പോൾ പ്രധാനമന്ത്രി സ്ഥാനാർത്ഥി ചർച്ചകൾ വീണ്ടും സജീവമാകും. അതുകൂടി നിതീഷിൻറെ ഇപ്പോഴത്തെ രാഷ്ട്രീയ നീക്കത്തിന് പിന്നിൽ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News