Mumbai : ബിജെപി വാഷിംഗ് മെഷീൻ പോലെയാണെന്ന് മുൻ മുംബൈ മേയർ

മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനത്തിന് പുറകെ പരക്കെ പ്രതിഷേധം.ബിജെപി (BJP) ഒരു വാഷിംഗ് മെഷീൻ പോലെയാണെന്ന് മുൻ മുംബൈ (Mumbai) മേയർ കിഷോരി പെഡ്‌നേക്കർ.

വിവാദങ്ങൾ നേരിടുന്നവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ നടപടിക്കെതിരെയാണ് വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. വിമത ശിവസേന എംഎൽഎമാരായ സഞ്ജയ് റാത്തോഡ്, അബ്ദുൾ സത്താർ, ബിജെപി നേതാവ് വിജയ് കുമാർ ഗാവിത് എന്നിവരടക്കം 18 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.

വിമത എംഎൽഎ സഞ്ജയ് റാത്തോഡ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മുൻ സംസ്ഥാന സർക്കാരിൽ മന്ത്രിയായിരുന്നു. എന്നിരുന്നാലും, പൂനെയിൽ ഒരു സ്ത്രീയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം അദ്ദേഹം രാജിവച്ചിരുന്നു. പിന്നീട് ജൂണിൽ ഷിൻഡെ ക്യാമ്പിൽ ചേരുകയായിരുന്നു

അതേസമയം, ആരോപണ വിധേയനായ വ്യക്തിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് നിർഭാഗ്യകരമാണെന്ന് സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റ് ചിത്ര കിഷോർ വാഗ് തുറന്നടിച്ചു .

ആദിവാസി വികസന വകുപ്പിലെ അഴിമതിയിലും ക്രമക്കേടുകളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബിജെപി നേതാവ് വിജയ് കുമാർ ഗാവിത്, ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിലെ കൃത്രിമത്വവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ പെട്ടിരുന്ന അബ്ദുൾ സത്താർ എന്നിവരെ മന്ത്രിസഭയിൽ എടുത്തതിനെതിരെയും വിമർശനങ്ങൾ ഉയർന്നു.

ബിജെപി ഒരു വാഷിംഗ് മെഷീൻ പോലെയാണെന്നും എന്ത് കുറ്റകൃത്യം ചെയ്ത നേതാക്കളും അവിടെ പോയിക്കഴിഞ്ഞാൽ ശുദ്ധരായി പുറത്തുവരുമെന്നുമാണ് കിഷോരി പെഡ്‌നേക്കർ പരിഹസിച്ചത് . സഞ്ജയ് റാത്തോഡിന് വീണ്ടും മന്ത്രി സ്ഥാനം നൽകിയത് വളരെ നിർഭാഗ്യകരമാണെന്നാണ് മുംബൈ മേയർ കിഷോരി പെഡ്നേകർ പറയുന്നത്.

അതെ സമയം ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഒരു പഴയ വിഡിയോയും വൈറലാകുകയാണ് – സഞ്ജയ് റാത്തോഡിനെ കൊലപാതകത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യണമെന്നായിരുന്നു അന്ന് കിരിത് സോമയ്യ ആവശ്യപ്പെട്ടത് . എന്നാൽ ഇന്ന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ സോമയ്യ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News