മുസ്ലീം ലീഗ് MLA സംഘ പരിവാർ വേദിയിൽ

മഞ്ചേശ്വരത്തെ മുസ്ലീം ലീഗ് എം എൽ എ സംഘ പരിവാർ അനുകൂല സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതായി വിവാദം. ഹൊസങ്കടിയിൽ സംഘപരിവാർ അനുകൂല ജാതി സംഘടനയുടെ പരിപാടിയിലാണ് പങ്കെടുത്തത്. എം എൽ എ പങ്കെടുത്ത വേദിയിൽ ആർ എസ് എസ് നേതാക്കളുടെ ചിത്രങ്ങൾ.

ഞായറാഴ്ച ഹൊസങ്കടിയിലാണ് മഞ്ചേശ്വരത്തെ മുസ്ലീം ലീഗ് എം എൽ എ എ കെ എം അഷ്റഫ് സംഘപരിവാർ അനുകൂല സംഘടനയുടെ വേദിയിലെത്തിയത്. സംഘ പരിവാർ അനുകൂല ജാതി സംഘടനയായ ബാക്കുട സേവാ സമാജത്തിന്റെ കേരള– കർണാടക സമ്മേളനത്തിലാണ്‌ മുഖ്യാതിഥിയായി എംഎൽഎ പങ്കെടുത്തത്‌.

ഹൊസങ്കടിയിൽ ആർ എസ് എസ് ഓഫീസ് പ്രവർത്തിക്കുന്നതിനടുത്ത് വിശ്വ ഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. ആർഎസ്‌എസ്‌ നേതാക്കളായ ഹെഡ്‌ഗേവാർ, ഗോൾവാൾക്കർ എന്നിവരുടെ ചിത്രങ്ങൾ വേദിയിൽ കാണാം.

ആർഎസ്‌എസ്‌ – ബിജെപി- വിഎച്ച്‌പി പരിപാടികൾ മാത്രം നടക്കാറുള്ള ഓഡിറ്റോറിയമാണിത്. മുസ്ലീം ലീഗ് എം എൽ എ സംഘപരിവാർ അനുകൂല സംഘടനയുടെ വേദിയിലെത്തിയ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

സംഘ പരിവാർ അനുകൂല ജാതി സംഘടനയുടെ വേദിയാണെന്നറിഞ്ഞിട്ടും എം എൽ എ പരിപാടിയിൽ പങ്കെടുത്തുവെന്നാണ് വിമർശനമുയരുന്നത്. ആർ എസ് എസ് – ബി ജെ പി പ്രാദേശിക നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

എന്നാൽ ഒരു സമുദായ സംഘടനയുടെ പരിപാടിയിൽ മാത്രമാണ് മുഖ്യാതിഥിയായി പങ്കെടുത്തതെന്നാണ് എം എൽ എയുടെ വിശദീകരണം. ആർ എസ് എസ് നേതാക്കളുടെ ഫോട്ടോ മോർഫ് ചെയ്ത് ചേർത്തതാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നുമാണ് എ കെ എം അഷ്റഫ് സംഭവത്തെ ന്യായീകരിച്ച് പുറത്തിറക്കിയ വീഡിയോയിൽ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here