Pinarayi Vijayan : സമത്വം യാഥാർഥ്യമായോ എന്ന്‌ പരിശോധിക്കണം : മുഖ്യമന്ത്രി

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ഭരണഘടന മുന്നോട്ടുവെക്കുന്ന സാമൂഹിക സാമ്പത്തിക സമത്വമെന്ന ആശയം പ്രാവർത്തികമാക്കാൻ രാജ്യത്തിന് എത്ര കണ്ട്‌ സാധിച്ചെന്ന്‌ പരിശോധിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). സ്വാതന്ത്ര്യ സമരം മുന്നോട്ടുവന്ന നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തെ സംരക്ഷിക്കാനും എത്രത്തോളം കഴിഞ്ഞെന്ന്‌ പരിശോധിക്കാനുള്ള അവസരം കൂടിയാണിത്‌.

സ്വതന്ത്ര ഇന്ത്യയിൽ തദ്ദേശ ജനതയുടെ ജീവിതം എത്രമെച്ചപ്പെട്ടുവെന്ന്‌ മനസിലാക്കാൻ ഈ പരിശോധന സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവർഗ വികസന വകുപ്പ്‌ നേതൃത്വത്തിൽ സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തനത്‌ സംസ്‌കാരം, ഭക്ഷ, പാരമ്പര്യം എന്നിവയുടെ ഖനികളാണ്‌ തദ്ദേശീയ ഗോത്രജനത. ആ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ചരിത്രത്തിന്റെ ഭാഗമായ അറിവുകളും വരും തലമുറക്ക്‌ കൈമാറേണ്ട ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്‌.

ഗോത്രവർഗ ജനതയുടെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കേരളം ഇതര ഇന്ത്യൻ സംസ്ഥാനത്തേക്കാൾ വളരെ മുന്നിലാണ്‌. ഈ രംഗങ്ങളിൽ ലോകശ്രദ്ധ നേടിയ പലതരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുമായി.വിദ്യാഭ്യാസ, ആരോഗ്യ, പാർപ്പിട, ഭൂവുടമസ്ഥ വിഷയങ്ങളിൽ ആദിവാസി ജനതയെ മുന്നിൽ കണ്ടുള്ള പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌.

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ സൗകരം ഒരുക്കുന്നതിനൊപ്പം സാമൂഹ്യവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികളും ആവിഷ്‌കരിച്ച്‌ മുന്നോട്ടു പോകുകയാണ്‌. ചരിത്രപരമായ പാരമ്പര്യം കൂടി ഉൾക്കൊണ്ട്‌ പട്ടികവർഗ വിഭാഗങ്ങളുടെ ഭാവിയെ കരുതിയുള്ള പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌.

നാടിന്റെ ചരിത്രത്തോളം പഴക്കമുള്ളതാണ്‌ അവരും അവരുടെ സംസ്‌കാരവും. അവയെ നാടിന്റെ ചരിത്വും സംസ്‌കാരവുമായി സംരക്ഷിക്കാനാണ്‌ ശ്രമം. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക വേളയിൽ ഗോത്രവർഗ സ്വാതന്ത്ര്യ സമര പോരാളികളുടെ സ്‌മരണ നിലനിർത്താൻ മ്യൂസിയം ആരംഭിക്കും.

വയനാട് സുഗന്ധഗിരിയിൽ 20 ഏക്കറിലാണ്‌ ട്രൈബൽ മ്യൂസിയം സ്ഥാപിക്കുന്നത്‌. വികസന, ക്ഷേമ പദ്ധതികൾ സമന്വയിച്ച്‌ നവകേരളം സൃഷ്ടിക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. എല്ലാവരെയും ഉൾക്കൊള്ളുന്ന മതനിരപേക്ഷ ജ്ഞാന സമൂഹമാണ്‌ വിഭാവനം ചെയ്യുന്ന നവകേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയെ മുഖ്യമന്ത്രി ആദരിച്ചു.

പട്ടികവർഗ വികസന മന്ത്രി കെ രാധാകൃഷ്‌ണൻ അധ്യക്ഷനായി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർ പാളയം രാജൻ, എ ജയതിലക്‌ ബി വിദ്യാധരൻ കാണി, വിനയ്‌ഗോയൽ, ടി വി അനുപമ എന്നിവർ സംസാരിച്ചു. വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം മന്ത്രിമാർ നിർവഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here