Nitish Kumar : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകും

ബിഹാറിൽ (bihar) പുതിയ സർക്കാർ നാളെ അധികാരമേൽക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. ജനതാദൾ യുനൈറ്റഡ് (ജെഡിയു) നേതാവ് നിതീഷ് കുമാർ (Nitish Kumar)  ഇത് എട്ടാം തവണയാണ് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും.

ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടർന്നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചത്. ബിജെപിയുമായുള്ള സഖ്യം പാർട്ടിയെ ദുർബലമാക്കിയെന്ന ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് എൻഡിഎ വിട്ടതെന്ന് നിതീഷ് കുമാർ പ്രതികരിച്ചു.

ആർജെഡിയുടെയും കോൺഗ്രസിൻറെയും ഇടതുപക്ഷത്തിൻറെയും പിന്തുണയോടെ നിതീഷിൻറെ നേതൃത്വത്തിൽ വിശാലസഖ്യ സർക്കാർ നാളെ അധികാരത്തിലേറും.

അധികാരമേറ്റത് മുതൽ ബിജെപിയുമായുള്ള കലഹം, നിതീഷ് കുമാർ ഒരു വർഷവും 9 മാസവും പൂർത്തിയാക്കിയാണ് കടുത്ത തീരുമാനത്തിലേക്ക് എത്തുന്നത്. രാവിലെ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ ഇനി ബിജെപിയുമായി ഒത്തുപോകാനാകില്ലെന്ന് നിതീഷ് കുമാർ അറിയിച്ചു.

ഏത് നിമിഷവും പാർട്ടി ശിഥിലമാകാമെന്ന് എംഎൽഎമാരും മുന്നറിയിപ്പ് നൽകുകയും ചെയ്തു. പിന്നാലെ ആർജെഡിയും കോൺഗ്രസും സംയുക്ത യോഗം ചേർന്ന് നിതീഷ് കുമാറിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ബിജെപി ഒഴികെ എല്ലാ കക്ഷികളും കൂടെ നിൽക്കാൻ തീരുമാനിച്ചു. അങ്ങനെ 164 എംഎൽഎമാർ പിന്തുണച്ച കത്തുമായി ഗവർണ്ണർ ഫാഗു ചൗഹാനെ കണ്ട് രാജി വച്ച വിവരം അറിയിച്ചു.

സപ്ത കക്ഷി സർക്കാർ അധികാരത്തിൽ വരുമെന്ന് തേജസ്വി യാദവിനൊപ്പം പിന്നീട് മാധ്യമങ്ങളെ കണ്ട നിതീഷ് കുമാർ വ്യക്തമാക്കി.

നിതീഷ് കുമാറിനെ അനുനയിപ്പിക്കാൻ അവസാന വട്ട ശ്രമവും നടത്തിയ ബിജെപിക്കുണ്ടായ ക്ഷീണം ചെറുതല്ല. കഴിഞ്ഞ രാത്രി അമിത് ഷാ തന്നെ ഇടപെട്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ നീക്കവും പാളി.ജെഡിയുവിൽ നിന്ന് രാജിവച്ച മുൻ കേന്ദ്രമന്ത്രി ആർസിപി സിംഗ് വഴി മഹാരാഷ്ട്ര മോഡലിൽ വിമത നീക്കത്തിന് ബിജെപി ശ്രമിക്കുന്നുവെന്ന സൂചന കൂടി കിട്ടിയതോടെ നിതീഷ് കുമാറിൻറെ നീക്കങ്ങൾക്ക് വേഗം കൂടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here