വിരൽ കുടിക്കുന്ന ശീലം (Thumb sucking habit) അത്ര നിസ്സാരമായി തള്ളേണ്ടതല്ല

വിരൽ കുടിക്കുന്ന ശീലം ഉണ്ടാക്കുന്ന ദന്തവൈകല്യങ്ങളെ കുറിച്ച് ചീഫ് ഡെന്റൽ സർജൻ  ഡോ തീർത്ഥ ഹേമന്ദ്. 

വിരൽ വലിച്ചു കുടിക്കുക എന്നുള്ളത് കുട്ടികളുടെ സഹജമായ ഒരു വാസനയാണ്.അവരതിൽ ആനന്ദവും സുരക്ഷിതത്വവും കണ്ടെത്തുന്നുമുണ്ട്.ഇതിനെ പലപ്പോഴും തമാശ ആയി കാണുന്ന പലരും വിരല്‍ കുടിയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ബോധവാന്മാരല്ല.കയ്യിലെ വിരലുകളില്‍ ഉണ്ടാകുന്ന മുറിവും ശുചിത്വ പ്രശ്‌നങ്ങളുമോര് ഭാഗത്ത്.അതിനേക്കാൾ വിരല്‍ കുടിക്കല്‍ ഉണ്ടാക്കുന്ന ദന്തവൈകല്യങ്ങളെ കുറിച്ച് കൂടി നമ്മൾ അറിഞ്ഞിരിക്കണം.വിരൽ കുടിക്കുന്ന ശീലം (Thumb sucking habit) അത്ര നിസ്സാരമായി തള്ളേണ്ടതല്ല എന്ന് സൂചിപ്പിക്കുകയാണ് തീർത്ഥാസ് ടൂത് അഫയർ ,ചീഫ് ഡെന്റൽ സർജൻ ആയ ഡോ തീർത്ഥ ഹേമന്ദ്. 

മൂന്ന് വയസ്സുവരെ വിരൽ കുടിക്കുന്ന ശീലം സ്വാഭാവികമാണ്.അതിനെ തടയേണ്ട ആവശ്യം പോലും ഇല്ലമിക്ക കുട്ടികളും ഒന്നോ അതിലധികമോ വിരലുകൾ ഊറുന്നതും സാധാരണമാണ്. ഭൂരിഭാഗം കുട്ടികളും തള്ളവിരലുകളാണ് ഊറുന്നത്. ഈ ശീലം 3-4 വയസ്സുവരെ സ്വാഭാവികമാകാം. ഇത് പിന്നീടും അനുസ്യൂതം തുടർന്നാൽ പല്ലിന്റെ ക്രമീകരണത്തെയും വായുടെ ശരിയായ വളർച്ചയെയും ബാധിക്കും.

കുട്ടികളുടെ മുൻവരിപ്പല്ലുകൾക്ക് തള്ളൽ, പല്ലുകൾക്കിടയിൽ വിടവ്, ഉച്ചാരണശുദ്ധിക്കുറവ്, വായ് അടയ്ക്കുമ്പോൾ താഴത്തെ നിരയിലെയും മുകളിലത്തെ നിരയിലെയും പല്ലുകൾ കടിച്ചുപിടിക്കാൻ കഴിയാതാകൽ തുടങ്ങിയവ കണ്ടുവരുന്നു. അതിനാൽ ഈ ശീലം മാറ്റിയെടുത്തില്ലെങ്കിൽ കുട്ടിയുടെ മുഖത്തിന്റെ ആകൃതിയെത്തന്നെ പ്രതികൂലമായി ബാധിക്കും.

വിരല്‍ കുടിയുണ്ടാക്കുന്ന ദന്ത പ്രശ്നങ്ങൾ

  • കുട്ടികളുടെ മേൽത്താടിയിലെ മുൻവരിപ്പല്ലുകൾ മുന്നിലേക്ക് തള്ളൽ

  • കീഴ്ത്താടിയിലെ മുൻനിരപ്പല്ലുകൾ ഉള്ളിലേക്ക് താഴൽ

  • പല്ലുകൾക്കിടയിൽ വിടവ്

  • ഉച്ചാരണശുദ്ധിക്കുറവ്,

  • താഴത്തെ നിരയിലെയും മുകളിലത്തെ നിരയിലെയും പല്ലുകൾ കടിച്ചുപിടിക്കുമ്പോൾ ഗ്യാപ് ഉണ്ടാവുക, പല്ലുകൾ നിര തെറ്റുക,

  • ചുണ്ടുകളുടെ വലിപ്പത്തിൽ വ്യത്യാസം ഉണ്ടാവുക,

  • താടിയെല്ലുകളുടെ വളർച്ചക്കുറവ് അല്ലെങ്കിൽ അമിതമായ വളർച്ച

തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ വിരൽ കുടിക്കൽ ശീലം തുടരുന്നതിനോടാനുബന്ധിച്ച് കണ്ടുവരുന്നു.അതിനാൽ ഈ ശീലം മാറ്റിയെടുത്തില്ലെങ്കിൽ കുട്ടിയുടെ മുഖത്തിന്റെ ആകൃതിയെയും അവരുടെ സംസാര ശേഷിയെയും പ്രതികൂലമായി ബാധിക്കും.അതവരുടെ സ്വഭാവ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തും.

സാധാരണയായി 4 മുതൽ 5 വരെ വയസ്സിനകം വിരൽ ഊറൽ സ്വഭാവം സ്വതേ നിന്നിരിക്കും. എന്നാൽ ഈ ശീലം പിന്നീടും തുടരുന്നുവെങ്കിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വഴക്ക് പറഞ്ഞും അടിച്ചും നേരെയാക്കാൻ ശ്രമിക്കുന്നവരാണ് പലരും.അതിലൂടെ വിപരീതഫലം മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് മനസ്സിലാക്കുക. കാരണം കുട്ടികളുടെ മാനസിക സംഘർഷങ്ങളും അവരെ ഇത്തരം ശീലങ്ങളിലേക്ക് നയിക്കാറുണ്ട്.

ശാസ്ത്രീയമായും ഫലപ്രദമായും കുട്ടികളിലെ അത്തരം ശീലങ്ങൾ മാറ്റിയെടുക്കാൻ തീർച്ചയായും ഒരു ദന്തരോഗ വിദഗ്ദ്ധനെ സമീപിക്കേണ്ടതാണ്.മൂന്ന് മുതൽ 6 വയസ്സ് വരെ കുട്ടി വിരൽ കുടിക്കുന്ന ശീലം കാണിക്കുന്നുണ്ടെങ്കിൽ വീട്ടിൽ നിന്ന് തന്നെ മാതാപിതാക്കൾക്ക് ചെയ്യാൻ പറ്റുന്ന പരിഹാരമാർഗങ്ങൾ നിങ്ങളുടെ ഡെന്റിസ്റ്റിന് നിർദേശിക്കാൻ കഴിയും.കുട്ടികൾ വിരൽ കുടിക്കാൻ കാരണം എന്താണെന്ന് കണ്ടെത്തി അത് തടയാൻ കൃത്യമായ മാർഗ്ഗനിർദേശങ്ങൾ നിങ്ങളുടെ ഡെന്റിസ്റ്റിൽ നിന്നും ലഭിക്കും.

6 വയസ്സിനു ആറു വയസ്സിനു മുകളിലും ഈ ശീലം തുടരുകയാണെങ്കിൽ ചില പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ചികിത്സാരീതി അവലംബിക്കേണ്ടി വരും.

ടങ് ക്രിബ് (Toung Crib) എന്ന് പറയുന്ന ഉപകരണം അത്തരത്തിലൊന്നാണ്.കുട്ടിയുടെ വായയുടെ അളവെടുത്ത് അതിന് യോജിക്കുന്ന രീതിയിൽ ഈ ഉപകരണം തയ്യാറാക്കി വായ്ക്കുള്ളിൽ ഘടിപ്പിക്കാവുന്നതാണ്. പ്രത്യേകമായി അളവെടുത്തു തയ്യാറാക്കുന്നത് കൊണ്ട് വേദനയും മറ്റ് അസ്വസ്ഥതകളെയും ഒന്നും പേടിക്കേണ്ട ആവശ്യമില്ല.ഇത് ഘടിപ്പിച്ചു കഴിഞ്ഞാൽ വിരൽ വായിൽ വെക്കുമ്പോൾ അത് അണ്ണാക്കിൽ തട്ടുന്നത് തടയപ്പെടുകയും വിരൽ കുടിക്കുന്നതിലൂടെ കുട്ടിക്ക് ലഭിക്കുന്ന സംതൃപ്തി കിട്ടാതെ വരികയും ചെയ്യുന്നു.

വഷളായിക്കഴിഞ്ഞാൽ നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ വില്ലൻ ആകാൻ കഴിയുന്നതും എന്നാൽ നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സ നൽകിയാൽ ഏറ്റവും എളുപ്പത്തിൽ മാറ്റാൻ പറ്റുന്നതുമാണ് വിരൽ കുടിക്കൽ എന്ന ശീലം.

ഡോ തീർത്ഥ ഹേമന്ദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News