Movie; ദേവരകൊണ്ടയുടെ ‘ലൈഗർ’, കേരള വിതരണാവകാശം ശ്രീഗോകുലം മൂവീസിന്

വിജയ് ദേവരകൊണ്ട (vijay-deverakonda), അനന്യ പാണ്ഡേ, രമ്യാ കൃഷ്ണൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന പുരി ജഗന്നാഥ് ചിത്രം ലൈഗറിന്റെ കേരള വിതരണവകാശം ശ്രീഗോകുലം മൂവീസിന്. ആഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പ്രശസ്ത ബോക്സിംഗ് താരം മൈക്ക് ടൈസൺ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കേരളത്തിൽ നൂറ്റമ്പതിലേറെ തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രചരണാർത്ഥം വിജയ് ദേവരകൊണ്ട ഉൾപ്പടെയുള്ള താരങ്ങളും അണിയറ പ്രവർത്തകരും 18ന് കേരളത്തിലെത്തുമെന്ന് ശ്രീഗോകുലം മൂവീസ് അറിയിച്ചു. ഇന്ത്യ മുഴുവൻ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു ചിത്രം വിതരണത്തിനെടുത്ത് കേരളത്തിലെത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ശ്രീഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലൻ പറഞ്ഞു.

തെലുങ്കിലെ മുൻനിര സംവിധായകരിലൊരാളായ പുരി ജഗന്നാഥ് മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന മെഗാ ബജറ്റ് ചിത്രമാണ് ലൈഗർ. പാൻ ഇന്ത്യൻ റീലീസ് ആയാണ് ലൈഗർ ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പെടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്. മലയാളം പതിപ്പിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തിൽ പ്രദർശിപ്പിക്കും.

ചിത്രത്തിന്റെ ട്രെയ്ലറും പാട്ടും ഇതിനകം തന്നെ വലിയ ഹിറ്റായി മാറിയിട്ടുണ്ട്. ഓണം റിലീസ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടാണ് ശ്രീഗോകുലം മൂവീസിന്റെ അടുത്ത ചിത്രം. വിക്രം നായകനാവുന്ന കോബ്ര, അജയ് വാസുദേവ്- കുഞ്ചാക്കോ ബോബൻ ചിത്രം പകലും പാതിരാവും എന്നിവയും ശ്രീഗോകുലം മൂവിസിന്റെ വരാനിരിക്കുന്ന ചിത്രങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here