തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി; ഐസക് പ്രതിയല്ലെന്ന് ഇ ഡി

കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ബുധനാഴ്‌ചവരെ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇഡി തനിക്ക് നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി മുന്‍ ധനമന്ത്രികൂടിയായ  ഐസക്ക് ഹൈക്കോതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. തോമസ് ഐസക്കിനെ പ്രതിയായിട്ടല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. തെളിവു തേടാനാണ് വിളിച്ചതെന്നും ഇഡി അറിയിച്ചു. ഹർജി അടുത്ത ബുധനാഴ്‌ച പരിഗണിക്കാൻ ഹൈക്കോടതി മാറ്റി.

ഇഡി നൽകിയ നോട്ടീസ്‌ അവ്യക്തമാണ്‌. തന്നോട്‌ ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ നിലവിൽ ഇഡിയുടെ കൈവശമുള്ളവയാണ്‌. നോട്ടീസുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണം. കിഫ്‌ബിയോ താനോ ചെയ്‌ത കുറ്റമെന്തെന്ന്‌ നോട്ടീസിൽ പറഞ്ഞിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്നും തോമസ് ഐസക്ക്‌ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം രാഷ്ട്രീയ എതിരാളികളെ ഒറ്റപ്പെടുത്താനും സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനുമാണ് കേന്ദ്രം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി)  ഉപയോഗിക്കുന്നതെന്ന് മുൻ ധനമന്ത്രി ഡോ തോമസ് ഐസക് പറഞ്ഞിരുന്നു. ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായാണ് ഇഡി പ്രവർത്തിക്കുന്നത്. കേരളത്തെ പാപ്പരാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് തനിക്ക് ഇഡി അയച്ച സമൻസ് പിൻവലിക്കണമെന്നും സുപ്രീം കോടതി വിധി പ്രകാരം തെറ്റാണ് ഈ സമൻസ് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഏകപക്ഷീയമായ രണ്ട് സമൻസാണ് അയച്ചിരിക്കുന്നത്. ഞാൻ ‘ഫെമ’ ലംഘിച്ചിട്ടുണ്ടെങ്കിൽ ആദ്യം ചൂണ്ടിക്കാട്ടേണ്ടത് ആർബിഐ ആണ്.

ഇഡിയുടെ സർക്കാർ വിരുദ്ധ നടപടികൾക്കെതിരെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും പ്രതിരോധിക്കും. ഇഡിക്ക് മുന്നിൽ ഹാജരാകേണ്ട എന്നത് വ്യക്തിപരമായ തീരുമാനം അല്ലെന്നും പാർട്ടിയുമായി ആലോചിച്ച് എടുത്തതതാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News