Kashmir: ജമ്മു കാശ്മീരിലുണ്ടോ 75 തികഞ്ഞ സ്വാതന്ത്ര്യവും ജനാധിപത്യവും?

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ(Indian Independence) എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ജീവന്‍ നല്‍കിയും പോരാടിയും നേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും എത്രമേല്‍ സംരക്ഷിക്കപ്പെടുന്നു എന്നതാണ് കടന്നു പോയ വര്‍ഷങ്ങള്‍ ബാക്കി വയ്ക്കുന്ന ചോദ്യം. കാര്‍ഷിക നിയമവും വിവാഹപ്രായ ഭേദഗതിയുമടക്കം നിരവധി നിയമങ്ങളാണ് രണ്ടാം മോദി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ പാര്‍ലമെന്റ് കടന്നത് .
മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഓഗസ്റ്റ് മാസം അഞ്ചിനാണ് മോദി സര്‍ക്കാര്‍(Modi Govt) ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നത്. ആര്‍ എസ് എസിന്റെ പ്രഖ്യാപിത അജണ്ട നടപ്പിലാക്കുന്നതിലും അതില്‍ നിന്ന് ലഭിച്ചേക്കാവുന്ന രാഷ്ട്രീയ സാമ്പത്തിക ലക്ഷ്യങ്ങളും മാത്രമായിരുന്നോ നിയമത്തിനു പിന്നില്‍ എന്നതാണ് ഉയരുന്ന ചോദ്യം.

ജനാധിപത്യത്തെ കൂടുതല്‍ സമ്പന്നമാക്കുക എന്ന നിഷ്‌കളങ്കമെന്ന് തോന്നിയേക്കാവുന്ന ലക്ഷ്യമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിലുടനീളം. രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായുള്ള മാറ്റം ഒഴിച്ചാല്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലും പിന്നീട് ഇതുവരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഭരണത്തിന് കീഴിലും തുടരുകയാണവിടം. ഇക്കാലയളവില്‍ സിപിഐഎം നേതാവ് യൂസഫലി തരിഗാമി, മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല എന്നിവരടക്കം 5000ത്തിലധികം രാഷ്ട്രീയ സാമൂഹിക മാധ്യമപ്രവര്‍ത്തകരാണ് ഭരണകൂട വേട്ടക്കിരയായത്. 2019ല്‍ വിവിധ പ്രധിഷേധങ്ങളുടെ ഭാഗമായി അറസ്റ്റിലായ നൂറിലധികം പേര്‍ ഇന്നും ജയിലറകളിലാണ്.

ഇന്റര്‍നെറ്റ് വിച്ഛേദിച്ചും കര്‍ഫ്യൂം പ്രഖ്യാപിച്ചും വീട്ടുതടങ്കലിലാക്കിയും ഒരു ജനതയെ ആകെ ശ്വാസംമുട്ടിച്ചു മാത്രം നടപ്പിലാക്കാവുന്ന പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ആയിരുന്നു ബിജെപിയുടെത്. മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് ഭരണഘടന ഭേദഗതിയിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യം വെച്ചത്. ജമ്മു കാശ്മീരിന്റെ ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കുവാനും തീവ്രവാദ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുവാനും. അനന്ത സാധ്യതകളുള്ള ഭൂപ്രദേശത്തിന്റെ സാമ്പത്തിക സാമൂഹിക ഘടകങ്ങളെ ഇന്ത്യയുടെ പൊതുസ്വഭാവത്തിലേക്ക് ലയിപ്പിക്കല്‍. കാശ്മീരി പണ്ഡിറ്റുകള്‍ അടക്കം വിവിധ ജനവിഭാഗങ്ങളുടെ പുനരധിവാസവും സുരക്ഷയും ഈ മൂന്നു ലക്ഷ്യങ്ങളും ഓരോന്നായി ഇഴകീറി പരിശോധിച്ചാല്‍ കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ ഭൂമിയിലെ സ്വര്‍ഗത്തെ എത്രമേല്‍ നരകതുല്യമാക്കി എന്ന് വ്യക്തമാകും. അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജീവന്‍ നഷ്ടമാകുന്ന കാശ്മീരിലെ സാധാരണക്കാരുടെ എണ്ണം ആശങ്കാജനകമാണ്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷക്കാലയളവില്‍ 177 പൗരന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ 2019 മുതല്‍ 2021 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 87 പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായതായി ആഭ്യന്തരമന്ത്രാലയത്തിന്റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയില്‍ ആഭ്യന്തര വരുമാനത്തിലും നീതി ആയോഗിന്റെ വിവിധ സൂചികകളിലും മികച്ച നിലയിലായിരുന്ന കാശ്മീര്‍ ഇന്ന് നിലയില്ലാ കയത്തിലാണ്. നിരോധനാജ്ഞയും ആഭ്യന്തര സംഘര്‍ഷങ്ങളും കാശ്മീരിനെ കൂടുതല്‍ തളര്‍ച്ചയിലേക്ക് തള്ളി വിട്ടു. 2019 ന് ശേഷം വന്ന അപ്രതീക്ഷിത രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങള്‍ കാശ്മീരിലെ പഴം, കൈത്തറി പോലുള്ള ആഭ്യന്തര ഉല്‍പാദനത്തിലും വിതരണത്തിലും ശക്തമായി പ്രതിഫലിച്ചു. കാശ്മീരിലെ അനന്തസാധ്യതകള്‍ ഉള്ള ഭൂപകൃതിയെ എങ്ങനെ കമ്പോളവല്‍ക്കരിക്കാം എന്ന ആലോചനകളായിരുന്നു സര്‍ക്കാരിന്റെ മറ്റൊരു അജണ്ട, പ്രത്യേക പദവി നഷ്ടമാകുന്നതോടെ കശ്മീരിലെ ഭൂമി തടസങ്ങളില്ലാതെ രാജ്യത്തെ കുത്തകകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും.

ആഭ്യന്തര സംഘര്‍ഷത്തിന്റെ ഭീതി ഒഴിഞ്ഞെത്തിയ പണ്ഡിറ്റുകള്‍ 2008 മുതല്‍ വിവിധ കേന്ദ്രവിഷ്‌കൃത പദ്ധതികളിലൂടെ തിരിച്ചെത്തി. എന്നാല്‍ 1990 കളിലേതിനു സമാനമായ സാഹചര്യത്തിലേക്ക് അതിവേഗമാണ് കാശ്മീര്‍ മാറിക്കൊണ്ടിരിക്കുന്നത്. 2021 ല്‍ മാത്രം നാല് പണ്ഡിറ്റുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജനപ്രതിനിധികളുടെയും പോലീസുകാരുടെയും സാധാരണക്കാരുടെയും ജീവന്റെ കണക്കുകള്‍ മുന്നോട്ട് വയ്ക്കുമ്പോള്‍ അശാന്തി പര്‍വമായി കാശ്മീര്‍ മാറിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മോദി സര്‍ക്കാറിന് ഒളിച്ചോടാനാകില്ല. ദീര്‍ഘവീക്ഷണം ഇല്ലാത്ത താല്‍ക്കാലിക രാഷ്ട്രീയ സാമ്പത്തിക ലാഭങ്ങള്‍ മാത്രം ലക്ഷ്യം വച്ച് മുന്നോട്ടു നീങ്ങുന്ന ഒരു സര്‍ക്കാരിന്റെ ഇരകള്‍ മാത്രമാണ് കാശ്മീരി ജനത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here