Food: ഭക്ഷണം കഴിച്ചതിന് ശേഷം നടക്കാറുണ്ടോ? എങ്കില്‍ ഇതറിയണം

വ്യായാമക്കുറവും ഭക്ഷണരീതിയും മൂലം ജീവിതശൈലീരോഗങ്ങള്‍(Lifestyle Diseases) ഇന്ന് സാധാരണമായിരിക്കുകയാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണശീലങ്ങള്‍ പരമാവധി ഒഴിവാക്കുകയും ചിട്ടയോടെ വ്യായാമവും പിന്‍തുടര്‍ന്നാല്‍ ഒരുപരിധിവരെ അസുഖങ്ങളെ ഇല്ലാതാക്കാനാവും. പലരും നടത്തമാണ് ഒരു പ്രധാന വ്യായാമമായി കണക്കാക്കുന്നത്. എന്നാല്‍ ഭക്ഷണം കഴിച്ചതിന് ശേഷമാണോ അതോ അതിന് മുമ്പ് നടക്കുന്നതാണോ കൂടുതല്‍ ഗുണകരം എന്നത് പലര്‍ക്കും ഉള്ള സംശയമാണ്, അതിന് ഒരുത്തരം നല്‍കുന്ന പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഭക്ഷണശേഷം അല്‍പമൊന്നു നടക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കും എന്ന് പറയാറുണ്ട്. എന്നാല്‍ അതുമാത്രമല്ല ഏതുഭക്ഷണം കഴിച്ചതിനുശേഷവും അല്‍പമൊന്നു നടക്കുന്നത് ബ്ലഡ് ഷുഗര്‍ നില കുറയ്ക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഇതിലൂടെ ടൈപ് 2 ഡയബറ്റിസ് സാധ്യത കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. ഭക്ഷണം കഴിച്ച് ഒരുമണിക്കൂറിനുള്ളില്‍ നടക്കുന്നതാണ് മികച്ച ഫലം നല്‍കുക എന്നും ഗവേഷകര്‍ പറയുന്നു.

ആയാസ രഹിതമായി ഏതുസമയത്തു നടക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഭക്ഷണം കഴിച്ച് ആദ്യ അറുപത്-തൊണ്ണൂറ് മിനിറ്റിനുള്ളില്‍ ബ്ലഡ് ഷുഗര്‍ നില കൂടാനുള്ള സാധ്യത ഏറെയാണെന്നും അതിനാല്‍ ഈ സമയത്ത് നടക്കുന്നത് ഗുണം ചെയ്യുമെന്നുമാണ് കണ്ടെത്തല്‍. സ്‌പോര്‍ട്‌സ് മെഡിസിന്‍ എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏഴു പഠനങ്ങള്‍ നടത്തി അവയില്‍ നിന്നുള്ള കണ്ടെത്തലാണ് പുറത്തുവന്നത്. പ്രീഡയബറ്റിക് ആയവരോ ടൈപ് 2 ഡയബറ്റിക് ആയവരോ ഇല്ലാതെയാണ് അഞ്ച് പഠനങ്ങള്‍ നടത്തിയത്. ബാക്കി രണ്ടു പഠനങ്ങളില്‍ ഇത്തരം അസുഖങ്ങള്‍ ഉള്ളവരെയും ഇല്ലാത്തവരെയും ഉള്‍പ്പെടുത്തി. പഠനത്തില്‍ പങ്കാളികളായവരോട് ദിവസത്തില്‍ പലസമയങ്ങളിലായി നില്‍ക്കാനും നടക്കാനുമൊക്കെ ആവശ്യപ്പെട്ടു. ഭക്ഷണശേഷം നടന്നവരില്‍ ബ്ലഡ്ഷുഗര്‍ നിലയിലുണ്ടായ മാറ്റവും രേഖപ്പെടുത്തി.

ഏറെനേരം ഒരിടത്തുമാത്രം ചടഞ്ഞുകൂടി ഇരിക്കരുതെന്ന് ഓര്‍മപ്പെടുത്തുന്നതാണ് പഠനം. വീട്ടിലെ ചെറിയ ജോലികളില്‍ മുഴുകിയെങ്കിലും ശരീരത്തെ സജീവമാക്കി നിലനിര്‍ത്തണം. ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കില്‍ ഇടയ്‌ക്കെഴുന്നേറ്റ് രണ്ടോ മൂന്നോ മിനിറ്റെങ്കിലും നടക്കുന്നതും ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു.

നേരത്തേയും സമാനമായ പഠനങ്ങള്‍ പുറത്തുവന്നിരുന്നു. ഒരുദിവസത്തില്‍ മറ്റേത് സമയത്തു നടക്കുന്നതിനേക്കാള്‍ ഭക്ഷണശേഷം പത്തുമിനിറ്റ് നടക്കുന്നത് ഗുണം ചെയ്യുമെന്ന് 2016ല്‍ പുറത്തുവന്ന പഠനം വ്യക്തമാക്കിയിരുന്നു. 2011ല്‍ ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ജനറല്‍ മെഡിസിനിലും സമാനമായ കണ്ടെത്തല്‍ വന്നിരുന്നു. ഭക്ഷണത്തിന് തൊട്ടുപിന്നാലെ അല്‍പനേരം നടക്കുന്നത് വണ്ണംകുറയ്ക്കാന്‍ സഹായകമാണ് എന്നതായിരുന്നു അത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News