Nokia: വിവോക്കും വണ്‍പ്ലസിനും പണി കൊടുത്ത് നോക്കിയ; വില്‍പ്പന നിര്‍ത്തിവെക്കാന്‍ ഉത്തരവ്

ചൈനീസ് മൊബൈല്‍ ബ്രാന്‍ഡുകളായ ഓപ്പോയുടെയും(Oppo) വണ്‍പ്ലസിന്റെയും(One Plus) വില്‍പ്പനയ്ക്ക് ജര്‍മനിയില്‍(Germany) വിലക്ക്. ഫിന്‍ലെന്‍ഡ് കമ്പനിയായ നോക്കിയ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നുണ്ടായ കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇരു ബ്രാന്‍ഡുകളുടെയും വില്‍പ്പന തടഞ്ഞത്. ഒരുകാലത്ത് ലോക മൊബൈല്‍ വിപണി അടക്കിഭരിച്ചിരുന്ന നോക്കിയയുടെ പേരിലുള്ള വിവിധ പേന്റന്റുകളാണ് ഈ പ്രശ്നത്തിന്റെ മൂല കാരണം.

നോക്കിയയുടെ പേരില്‍ പേറ്റന്റുള്ള 5ജി സാങ്കേതികവിദ്യ തങ്ങളുടെ അനുവാദം കൂടാതെ ബിബികെ ഗ്രൂപ്പിന് കീഴിലുള്ള ഓപ്പോയും വണ്‍പ്ലസും ഉപയോഗിച്ചെന്നാണ് നോക്കിയയുടെ ഹര്‍ജി. ഹര്‍ജിയെ തുടര്‍ന്ന് നോക്കിയക്ക് ലൈസന്‍സ് ഫീസ് നല്‍കാത്തപക്ഷം ജര്‍മനിയില്‍ ഓപ്പോയുടെയും വണ്‍പ്ലസിന്റെയും വില്‍പ്പന അനുവദിക്കാന്‍ പറ്റില്ലെന്ന് മ്യൂണിച്ച് 1 കോടതി ഉത്തരവിടുകയായിരുന്നു. ആഗസ്റ്റ് അഞ്ചു മുതല്‍ വില്‍പ്പന വിലക്ക് പ്രാബല്യത്തില്‍ വന്നു. വിലക്കിനെ തുടര്‍ന്ന് ഓപ്പോയുടെയും വണ്‍പ്ലസിന്റെയും ജര്‍മനിയിലെ വെബ്സൈറ്റുകളില്‍ നിന്ന് ഫോണുകള്‍ പിന്‍വലിച്ചിരിക്കുകയാണ്. എന്നാല്‍ ഓപ്പോ, വണ്‍പ്ലസ് ഫോണുകള്‍ ഇനിയും ഉപയോഗിക്കുന്നതിന് തടസമില്ലെന്നും സര്‍വീസും കൃത്യമായ സുരക്ഷാ അപ്ഡേറ്റുകള്‍ ഇനിയും ലഭിക്കുമെന്നും ഇരു ബ്രാന്‍ഡുകളും വ്യക്തമാക്കിയിട്ടുണ്ട്.

നോക്കിയക്ക് ലൈസന്‍സ് ഫീ നല്‍കുക എന്നത് ഓപ്പോയ്ക്കും വണ്‍പ്ലസിനും അത്ര എളുപ്പമല്ല കാര്യമല്ല. ആഗോളതലത്തിലുള്ള കരാറാണ് നോക്കിയ ആവശ്യപ്പെട്ടിരിക്കുന്നത്. ആഗോളതലത്തില്‍ ഇരു ബ്രാന്‍ഡുകളും ഇതുവരെ വിറ്റ എല്ലാ ഫോണുകള്‍ക്കും ഒരു ഫോണിന് 2.50 യൂറോ (204 രൂപ) യാണ് ലൈസന്‍സ് ഫീയായി നല്‍കേണ്ടി വരിക. ഓപ്പോക്കും വണ്‍പ്ലസിനും മാത്രമല്ല ഇവരുടെ മാതൃകമ്പനിയായ ബിബികെ ഗ്രൂപ്പിന് കീഴീലുള്ള എല്ലാ ബ്രാന്‍ഡുകള്‍ക്കും ഈ ലൈസന്‍സ് ഫീ ബാധകമാകും. ഇതോടെ വിവോ, ഐക്യൂ, റിയല്‍മി എന്നീ ബ്രാന്‍ഡുകള്‍ വിറ്റ മോഡലുകള്‍ക്കും ലൈസന്‍സ് ഫീ നല്‍കേണ്ട വരും. അത്രയും ഭീമമായ തുക നല്‍കുക എന്നത് ബിബികെയുടെ ലാഭത്തില്‍ വലിയ ഇടിവുണ്ടാക്കും. ഓപ്പോയ്ക്കും വിവോയ്ക്കും വലിയ പങ്കാളിത്തമില്ലാത്ത ജര്‍മനി പോലൊരു വിപണിക്ക് വേണ്ടി അത്രയും വലിയ നഷ്ടം സഹിക്കാന്‍ കമ്പനി തയാറാകില്ലെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയിലടക്കം മോഡലുകള്‍ക്ക് അവര്‍ വില കൂട്ടേണ്ടി വരും. അത് വില്‍പ്പനയെ പ്രതികൂലമായി ബാധിക്കും.

അതേസമയം ജര്‍മനിയില്‍ മാത്രമല്ല യുകെ, നെതര്‍ലന്‍ഡ്സ്, സ്പെയിന്‍, ഫ്രാന്‍സ്, ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളിലും ഇതേവിഷയം ഉന്നയിച്ച് നോക്കിയ നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News