തളരാതെ മുന്നേറും; കളിക്കളത്തില്‍ കേരളം

ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസ്(Commonwealth Games) മലയാളികള്‍ കുറച്ചധികം ആവേശത്തോടെയാണ് കണ്ടിരുന്നത്. കാരണം വേറൊന്നുമല്ല, മെഡലുകള്‍ വാരിക്കൂട്ടിയ ഇന്ത്യക്കാരില്‍(India) ഒരു പിടി മലയാളികളുമുണ്ടായിരുന്നു. 22 സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ നാലാമതെത്തിയപ്പോള്‍ അതിലെ മലയാളിത്തിളക്കം ലോകശ്രദ്ധ പിടിച്ചു പറ്റി.

ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണവും വെള്ളിയും നേടി മലയാളി താരങ്ങളായ എല്‍ദോസ് പോളും, അബ്ദുല്ല അബൂബക്കറും ചരിത്രം സൃഷ്ടിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ ട്രിപ്പിള്‍ജമ്പില്‍ സ്വര്‍ണം നേടുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഒന്നും രണ്ടും സ്ഥാനം നേടിയത് മലയാളികളാണെന്നത് ഏറെ അഭിമാനിക്കുവുന്ന കാര്യമാണ്. മറ്റൊരു മലയാളി താരം എം ശ്രീശങ്കര്‍ ലോങ്ജമ്പില്‍ വെള്ളിയും നേടി. മലയാളി താരം മുഹമ്മദ് അനീസ് ആണ് ഈ വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തതും.

മെഡല്‍ പട്ടികയില്‍ ശ്രീശങ്കറും എല്‍ദോസ് പോളും അബ്ദുള്ള അബൂബക്കറുമൊക്കെ തിളങ്ങിനില്‍ക്കുമ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട വ്യക്തമായ ഒരു കണക്കു കൂടിയുണ്ട്. രാജ്യത്തെ കായികമേഖലയിലെ പശ്ചാത്തലവികസനത്തിനായി അനുവദിച്ച തുക ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ പോലും കേരളം ഇല്ല. സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനത്തിന് ഗുജറാത്തിന് 608 കോടി നല്‍കിയപ്പോള്‍ ഉത്തര്‍പ്രദേശിന് അനുവദിച്ചത് 503 കോടിയാണ്.

ഗുജറാത്തിനും ഉത്തര്‍പ്രദേശിനുമെല്ലാം വാരിക്കോരി കൊടുക്കുമ്പോള്‍ കേരളത്തെ ഇത്തരത്തില്‍ തഴയുന്നത് രാജ്യത്തിന് വലിയ നഷ്ടമാണെന്ന് കേന്ദ്രം മനസ്സിലാക്കുന്നില്ല. കേരളത്തിലെ കായികമേഖല എങ്ങനെയെല്ലാം അവഗണിക്കപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍ പുറത്ത് വിടുന്നത്. ഈ അവഗണനയൊക്കെ മറികടന്നാണ് മലയാളികളായ കായികപ്രതിഭകള്‍ ചരിത്രനേട്ടങ്ങള്‍ രാജ്യത്തിന് സമ്മാനിക്കുന്നത്.

അഞ്ജു ബോബി ജോര്‍ജിനും രഞ്ജിത്ത് മഹേശ്വരിയ്ക്കും ശേഷം എല്‍ദോസ് പോളും അബ്ദുല്ല അബൂബക്കറും ശ്രീശങ്കറുമെല്ലാം ജമ്പിങ് പിറ്റില്‍ മെഡല്‍ക്കൊയ്ത്ത് നടത്തുമ്പോള്‍ അത് കേരള സര്‍ക്കാരിന്റെ മികവ് കൂടിയാണ് കാണിയ്ക്കുന്നത്. കേന്ദ്രം എത്ര അവഗണിച്ചാലും നമ്മുടെ കായികതാരങ്ങള്‍ക്ക് അന്താരാഷ്ട്രനിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പുലര്‍ത്തിപ്പോരുന്ന നിര്‍ബന്ധബുദ്ധിയാണ് ഇവിടുത്തെ കായികതാരങ്ങളുടെ കരുത്തെന്ന് പറയാതെ വയ്യ.

സ്‌കൂള്‍ കായികമേളയില്‍ മികവ് തെളിയിക്കാറുള്ള പറളി സ്‌കൂളിലുള്‍പ്പെടെ കിഫ്ബി ഫണ്ട് വകയിരുത്തി മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കിയത് നാം കണ്ടറിഞ്ഞതാണ്. കേന്ദ്രത്തിന്റെ അവഗണനയില്‍ നമ്മള്‍ തളരില്ലെന്നതിന്റെ തെളിവാണ് കോമണ്‍വെല്‍ത്തിലെ മെഡല്‍ കൊയ്ത്ത്. ഇതൊന്നും കണ്ടില്ലെന്ന് നടിയ്ക്കുന്നവര്‍ക്ക് മുന്നില്‍ ബദലുകളുയര്‍ത്തി നമ്മള്‍ പ്രതിരോധിക്കുക തന്നെ ചെയ്യും. ആ വഴികളും അവര്‍ അടയ്ക്കാന്‍ നോക്കിയാല്‍ ആയിരം പുതിയ ബദലുകള്‍ നമ്മള്‍ വേറെ സൃഷ്ടിയ്ക്കും. അതുവഴി ഇന്ത്യയെയും കേരളത്തെയും ലോകത്തിന്റെ നെറുകയിലെത്തിയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News