മനോഹരമായൊരു ഡോക്ടറേറ്റ്

എംഎ പഠനശേഷം കോട്ടയം മുണ്ടക്കയത്തെ പുലിക്കുന്നില്‍ വാര്‍ക്കപ്പണിയെടുത്ത് ജീവിക്കുകയായിരുന്നു മനോഹരന്‍. ഒരുദിവസം താന്‍ പഠിച്ച കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ സ്നേഹിതന്റെ വിവാഹത്തിന് ക്ഷണമെത്തി. വിവാഹത്തിനുചെന്ന മനോഹരന്റെ ഹൃദയത്തിലേക്കാണ് ആ കാഴ്ച ഇറങ്ങിച്ചെന്നത്, ഗവേഷക വിദ്യാര്‍ഥികളൊരുമിച്ച് യൂണിവേഴ്‌സിറ്റിയുടെ ബസില്‍ വന്നിറങ്ങുന്നു. താനും അവര്‍ക്കൊപ്പം ആയിരിക്കേണ്ടതല്ലേയെന്ന ചിന്തയില്‍ അന്നുറങ്ങാന്‍ കഴിഞ്ഞില്ല, പുലിക്കുന്ന് താന്നിക്കപ്പതാല്‍ നടുപുരയിടത്തില്‍ എന്‍ കെ മനോഹരന്. ഉടനെ എസ്എഫ്‌ഐയുടെ മുന്‍ ക്യാമ്പസ് സെക്രട്ടറി ആയിരുന്ന ജോഷിയെ വിളിച്ചുപറഞ്ഞു, നാളെത്തന്നെ ക്യാമ്പസില്‍ എത്തുമെന്ന്. സുഹൃത്തുക്കളില്‍നിന്ന് വണ്ടിക്കൂലിയും വാങ്ങി ബസ് കയറി. കാര്യവട്ടത്തെത്തി പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്തു. രാത്രികളില്‍ ടെക്‌നോപാര്‍ക്കിലെ കഫറ്റീരിയയില്‍ ഭക്ഷണം വിളമ്പാന്‍ പോയി അവശ്യച്ചെലവുകള്‍ കണ്ടെത്തി. ഒടുവിലിതാ ഇക്കണോമിക്‌സില്‍ ഡോക്ടറേറ്റും നേടി.

ഉന്നത വിദ്യാഭ്യാസത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തിക സഹായം: ഒരു വിലയിരുത്തല്‍ എന്നതായിരുന്നു പഠനവിഷയം. നാട്ടില്‍ ചെല്ലുമ്പോഴെല്ലാം കൂലിപ്പണിക്കും പോയി, സിഐടിയു പുലിക്കുന്ന് യൂണിറ്റിലെ ഈ തൊഴിലാളി. ഓട്ടോക്കാരനായും വാര്‍ക്കപ്പണിക്കാരനായും വേഷംമാറുമ്പോഴും മനോഹരനില്‍ ആ സ്വപ്നം കൂടുതല്‍ തെളിച്ചത്തോടെ മനസ്സിലെത്തും, ഊര്‍ജമേറും– കോളേജ് അധ്യാപകനാകുക. അതിലേക്കുള്ള യാത്രയിലാണ് മനോഹരന്‍.

കൂലിപ്പണിക്കാരനായ കുഞ്ഞുചെറുക്കന്റെയും അമ്മിണിയുടെയും മകന്‍ കുട്ടിക്കാലത്തേ കുടുംബത്തെ തന്നാലാകുംവിധം സഹായിച്ചിരുന്നു. മുരിക്കുംവയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പഠനശേഷം ചങ്ങനാശേരി എന്‍എസ്എസ് കോളേജില്‍നിന്ന് ബിരുദംനേടി. കാര്യവട്ടം യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് സാമ്പത്തിക ശാസ്ത്രത്തിന് എംഫില്‍ പൂര്‍ത്തിയാക്കിയത്.
സിഐടിയു പുഞ്ചവല്‍ യൂണിറ്റ് അംഗവും സിപിഐ എം താന്നിക്കപ്പതാല്‍ ബ്രാഞ്ച് അംഗവുമാണ് മനോഹരന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News