മാത്യു കുഴല്‍ നാടനെ ഏറ്റു പിടിച്ച ഇ ഡി ക്ക് കിട്ടിയത് എട്ടിന്റെ പണി

കിഫ്ബിക്കും തോമസ് ഐസക്കിനും എതിരായ ഇ ഡി നീക്കത്തെ ഇന്ന് തള്ളിപ്പറയുന്ന യു ഡി എഫ് നേതാക്കള്‍ തന്നെയാണ് ഇ ഡി ഇടപെടലിന് വഴിവച്ച പരാതികള്‍ക്ക് പിന്നില്‍. കിഫ്ബിക്കെതിരായ സംഘപരിവാര്‍ ശ്രമങ്ങളെ ഇതുവരെ പിന്തുണച്ചവരാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള യു ഡി എഫ് നേതാക്കള്‍. സംഘപരിവാര്‍ സംഘടനാ നേതാവിനൊപ്പം കിഫ്ബിക്കെതിരെ ഹൈക്കോടതിയില്‍ വാദിച്ചത് മാത്യു കുഴല്‍ നാടന്‍ എം എല്‍ എ യായിരുന്നു. ഹര്‍ജിയിലെ കുഴല്‍നാടന്റെ വാദങ്ങളാണ് ഇപ്പോള്‍ ഇ ഡി ഏറ്റുപിടിച്ചിചിരിക്കുന്നത്.

2019 ല്‍ കിഫ്ബിക്കെതിരെ സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതാവ് രഞ്ജിത്ത് കാര്‍ത്തികേയന്‍ സമര്‍പ്പിച്ച ഹര്‍ജിയാണിത്. ആവശ്യം കിഫ്ബി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണം. സംഘപരിവാര്‍ നേതാവിനായി കോടതിയില്‍ അന്ന് വാദിച്ചത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. 2 ഇടതു വിരുദ്ധ ശക്തികള്‍ ഒന്നിച്ച് ഒരേ രഹസ്യ കേന്ദ്രത്തിലിരുന്ന് ആലോചിച്ച് തീരുമാനിച്ചത് എന്നായിരുന്നു ആ നീക്കത്തെ അന്ന് ഭരണകക്ഷി വിലയിരുത്തിയത്.

കിഫ്ബി ഫണ്ടിന്റെ വിനിയോഗം തടയണം എന്ന വികസന വിരുദ്ധമായ ആവശ്യമാണ് അന്ന് മാത്യു കുഴല്‍ നാടന്‍ കോടതിയില്‍ ഉന്നയിച്ചത് . കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് രണ്ട് തവണ ഹര്‍ജി പിന്‍വലിച്ച് ഓടേണ്ടി വന്നു ഹര്‍ജിക്കാരന്. എഴുപതിനായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ഹൈക്കോടതിയുടെ പിന്തുണ സര്‍ക്കാരിന് കരുത്തായി .എന്നാല്‍ ആ ഹര്‍ജിയിലെ വാദങ്ങള്‍ മറയാക്കിയാണ്ആ ദ്യം സി എ ജി യും ഇപ്പോള്‍ ഇ ഡി യും കിഫ്ബിക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചത്. രണ്ടിനും പിന്നില്‍ സംഘപരിവാര്‍ താത്പര്യമാണെന്ന് തുടര്‍ നടപടികള്‍ തെളിയിച്ചു.

ആദ്യം സംഘപരിവാര്‍ താത്പര്യങ്ങള്‍ക്ക് ഒപ്പം നിന്ന യു ഡി എഫ് നേതാവ് കിഫ്ബി വിഷയത്തില്‍ ഇ ഡി വിരുദ്ധനാകുന്നതാണ് ഒടുവില്‍ കാണുന്നത്. തോമസ് ഐസക്കിന് നോട്ടീസ് നല്‍കാന്‍ ഇ ഡിക്ക് അധികാരമില്ലെന്ന വി ഡി സതീശന്റെ പ്രസ്താവന പ്രതിപക്ഷത്തെ തന്നെ തിരിഞ്ഞുകുത്തുന്നു.

ഇപ്പോള്‍ എം എല്‍ എ ആയ മാത്യു കുഴല്‍ നാടന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങളെയാണ് ഇപ്പോള്‍ പ്രതിപക്ഷം തളളിപ്പറയുന്നത്. രാഹുലിനും സോണിയയ്ക്കും എതിരായ ഇ ഡി നടപടി മാത്രമല്ല പ്രതിപക്ഷ നേതാവിന്റെ മലക്കം മറിച്ചിലിന് കാരണം. കോടികളുടെ വികസന പദ്ധതികളെ ഇനിയും തള്ളിപ്പറഞ്ഞാല്‍ വികസന വിരുദ്ധരെന്ന ആക്ഷേപം കേള്‍ക്കേണ്ടി വരുമെന്ന ആശങ്ക പ്രതിപക്ഷ നേതാവിനും കൂട്ടര്‍ക്കുo ഉണ്ട്. കിഫ്ബിക്കെതിരെയുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കാനിരിക്കെ കേരളത്തിലെ മുഖ്യപ്രതിപക്ഷത്തിന്റെ നിലപാട് എന്താകും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here