Chess Olympiad: ലോകചെസ് ഒളിമ്പ്യാഡിലെ മലയാളിത്തിളക്കം നിഹാല്‍

ലോകചെസ് ഒളിമ്പ്യാഡില്‍ കൊച്ചു കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ മിടുമിടുക്കനാണ് തൃശൂര്‍ സ്വദേശി നിഹാല്‍ സരിന്‍ . ഫിഡെ റേറ്റിങ്ങില്‍ തന്നേക്കാള്‍ ഏറെ മുന്നിലുള്ളവരെ മറികടന്നായിരുന്നു ഈ 18 കാരന്റെ വ്യക്തിഗത സ്വര്‍ണ നേട്ടം. നിഹാലിന് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.

മാമല്ലപുരം വേദിയായ അന്താരാഷ്ട്ര ചെസ് ഒളിമ്പ്യാഡില്‍ നാടിന്റെ യശസ്സ് ഉയര്‍ത്തിയ നിഹാലിന് എല്ലാ വിധ ആശംസകളും നേരുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രണ്ടാം ബോര്‍ഡില്‍ മികച്ച പ്രകടനം കാഴ്ച വച്ച കളിക്കാരന്‍ എന്ന നിലയിലാണ് ഇന്ത്യന്‍ ബി ടീമിലുള്‍പ്പെട്ട നിഹാല്‍ സരിന് സ്വര്‍ണമെഡല്‍ ലഭിച്ചത്. 2774ആയിരുന്നു നിഹാലിന്റെ റേറ്റിംഗ് . 11 റൌണ്ടുകളിലായി നടന്ന മത്സരത്തില്‍ ഒറ്റ കളി പോലും ഈ മലയാളി ഗ്രാന്റ് മാസ്റ്റര്‍ തോറ്റില്ല.

5 ജയവും 5 സമനിലയും ഉള്‍പ്പെടെ കളിച്ച 10 കളികളില്‍ നിഹാല്‍ നേടിയത് ഏഴര പോയിന്റാണ്. ടൂര്‍ണമെന്റില്‍ രണ്ടാം ബോര്‍ഡില്‍ കളിച്ച ആര്‍ക്കും ഈ നേട്ടം ഉണ്ടാക്കാനായില്ല. ക്യൂബയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ ലൂയിസ് പെരസ്, ജര്‍മന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ മത്യാസ് ബ്ലൂ ബോബിന്‍ എന്നിവരെല്ലാം നിഹാലിന്റെ കളി മിടുക്കിന് മുന്നില്‍ അടിയറവ് പറഞ്ഞു. പതിനാലാം വയസില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടിയതോടെയാണ് ഈ മലയാളി താരം ചെസ് ലോകത്ത് ശ്രദ്ധേയനായത്. ഈ രംഗത്ത് നിഹാലിന് പ്രേരണയും പ്രചോദനവും മുത്തച്ഛനായ ഉമ്മറാണ്. തൃശൂര്‍ ജില്ലയിലെ പൂത്തോളില്‍ ഡോ. എ സരിന്റെയും ഡോ. എ ഷിജിന്റെയും മൂത്ത മകനാണ് അന്താരാഷ്ട്ര ചെസ് ഒളിമ്പ്യാഡില്‍ മലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിയ നിഹാല്‍ സരിന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News