ADVERTISEMENT
കോവിഡ് മഹാമാരിക്കും പ്രളയത്തിനുമിടയില്‍ കേരളം കിതച്ചു നിന്നപ്പോള്‍ കൈത്താങ്ങുമായി വന്ന നിരവധിപേരില്‍ മറക്കാനാവാത്ത പേരാണ് സുബൈദ ഉമ്മയുടേത്. സ്വന്തം ഉപജീവന മാര്‍ഗമായ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ഘട്ടങ്ങളിലായി 10,000 രൂപയാണ് ഉമ്മ നല്‍കിയത്. ഒരിക്കല്‍ കൂടി സുബൈദ ഉമ്മ ഇന്നലെ കൊല്ലം ജില്ലാ കളക്ടറുടെ മുൻപിലെത്തി.
ചായ കച്ചവടം നടത്തിയും ആടുവളര്‍ത്തലിലൂടെയും കുടുക്കയില്‍ സമാഹരിച്ച 10,000 രൂപ വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് അവര്‍ എത്തിയത്. ‘നമ്മുടെ നാടിന് ഒരു പ്രശ്‌നം വരുമ്പോൾ നമ്മളാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്താലേ എനിക്കൊരു സംതൃപ്തി കിട്ടു’ എന്നാണ് ഉമ്മയുടെ വാക്കുകള്‍. ഇല്ലായ്മകളില്‍ നിന്നും തനിക്കായി കഴിയുന്ന കൈസഹായം നാടിന് ചെയ്‌തെന്ന സംതൃപ്തിയോടെയാണ് ഉമ്മ മടങ്ങിയത്.
ചിലർ ഈ ഉമ്മയെ പോലെയാണ്, പല പ്രതിസന്ധികളാൽ സ്വന്തം ജീവിതം വരിഞ്ഞുമുറുകുമ്പോഴും മറ്റുള്ളവരുടെ നൊമ്പരങ്ങളെക്കുറിച്ചായിരിക്കും കൂടുതൽ ആകുലത. വാടകയ്ക്ക് എടുത്ത ചായക്കട നടത്തിയും ഒറ്റ വാങ്ങിയ വീട്ടിൽ അന്തിയുറങ്ങിയും ജീവിതം പഴയപടി തുടരുകയാണ്, മാറ്റങ്ങളേതുമില്ലാതെ. ജീവിതം പോലെ തന്നെ ഇക്കാലയളവിൽ മാറ്റമില്ലാത്ത ഒന്നുകൂടിയുണ്ട്; സുബൈദ ഉമ്മയുടെ നന്മയും നിറവുമുള്ള ഹൃദയം. തന്നെക്കൊണ്ട് ആവുന്ന വിധം സമൂഹത്തിന് നന്മ ചെയ്യണമെന്നത് സുബൈദ ബീവിക്ക് ആഗ്രഹം എന്നതിലുപരി ഒരു പ്രതിജ്ഞ പോലെയാണ്.
എല്ലാവരുടെയും സ്നേഹം മതിയെന്നും പാരിതോഷികങ്ങൾ ഒഴിവാക്കണമെന്നും സുബൈദ ഉമ്മ പറയുന്നു. രണ്ട് പെൺമക്കളും ഒരു മകനുമാണ് സുബൈദ ബീവിക്ക് ഉള്ളത്. ഭർത്താവ് അബ്ദുൽ സലാമാണ് ചായക്കടയുടെ മേൽനോട്ടം വഹിക്കുന്നത്.സ്വന്തമായി ഒരു വീടില്ലെങ്കിലും വിശാലവും സുദൃഢവുമായ ഹൃദയം സുബൈദ ഉമ്മക്ക് ഉണ്ട്. അത്തരം വിശാല മനസ്സുകളാണ് ആപത്ഘട്ടങ്ങളിൽ പോലും പതറാതെ പിടിച്ചുകയറാൻ അനേകർക്ക് കൈത്താങ്ങാവുന്നതും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.