Health:എവിടെയാണ് ഓര്‍മ്മകള്‍ ഉറങ്ങുന്നത്?

ഒരു നിലവറയ്ക്കുള്ളില്‍ വലിച്ചുവാരിയിട്ട പുസ്തകങ്ങളെപ്പോലെയല്ല, അതിനൂതനമായ ഒരു സൂപ്പര്‍ കംപ്യൂട്ടറിനെ വെല്ലുന്ന കൃത്യതയോടെയാണ് തലച്ചോര്‍ ഇതെല്ലാം സൂക്ഷിക്കുന്നത്. ഈ കൃത്യതയെ നിയന്ത്രിക്കുന്നത് ആരാണ് എന്ന രഹസ്യം അഞ്ജാതമായി തുടരുകയാണ് ഇപ്പോഴും.

തന്മാത്രകളാല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള നാഡീവ്യൂഹങ്ങള്‍ക്കിടയിലാണ് ഓര്‍മ്മ ജനിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചു വീഴുന്നത് മുതല്‍ അവന്റെ തലച്ചോറിനുള്ളിലും ശരീരഭാഗങ്ങളിലും ഓര്‍മ്മയുടെ കണ്ണികളും കൂട്ടിവിളക്കപ്പെടുന്നു. കൊണ്ടും കൊടുത്തും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും കുറയ്ക്കലുകള്‍ക്കും ഓര്‍മ്മ വിധേയമാക്കപ്പെടുന്നു. ഇതെല്ലാം നടക്കുന്നത് കവി കല്‍പനകളിലേതുപോലെ ഹൃദയത്തില്‍ മാത്രമല്ല, കോടാനുകോടി നാഡികളുടെ കലവറയായ തലച്ചോറിലാണ് ഓര്‍മ്മകള്‍ പ്രധാനമായും പിറക്കുന്നതും വളരുന്നതും ക്ഷയിക്കുന്നതും മരിക്കുന്നതും.

തലച്ചോര്‍ എന്ന സൂപ്പര്‍ കംപ്യുട്ടര്‍

വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, നാവ്, മൂക്ക്, ത്വക്ക്, ചെവി എന്നിവയിലൂടെ ഗ്രഹിക്കുന്ന വിവരങ്ങള്‍ നാഡികളിലൂടെ തലച്ചോറിലെത്തുകയാണ്. തലച്ചോറിലെ വിവിധ ഭാഗങ്ങളിലേക്ക് ഈ വിവരങ്ങള്‍ എത്തിച്ചേരുന്നു. വേണ്ടതും വേണ്ടാത്തതും പ്രാധാന്യമുള്ളതും ഇല്ലാത്തതും എല്ലാം തരംതിരിക്കപ്പെടുന്നു. ഒരു നിലവറയ്ക്കുള്ളില്‍ വലിച്ചുവാരിയിട്ട പുസ്തകങ്ങളെപ്പോലെയല്ല, അതിനൂതനമായ ഒരു സൂപ്പര്‍ കംപ്യൂട്ടറിനെ വെല്ലുന്ന കൃത്യതയോടെയാണ് തലച്ചോര്‍ ഇതെല്ലാം സൂക്ഷിക്കുന്നത്. ഈ കൃത്യതയെ നിയന്ത്രിക്കുന്നത് ആരാണ് എന്ന രഹസ്യം അഞ്ജാതമായി തുടരുകയാണ് ഇപ്പോഴും.

കാഴ്ചയിലൂടെ ഓര്‍മ്മകളിലേക്ക്

ഓര്‍മ്മയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട വഴി തുറക്കുന്നത് കാഴ്ചയിലൂടെയാണ്. കാഴ്ചകളെ ‘അമഗ്ഡല’ എന്ന തലച്ചോറിലെ ഭാഗത്താണ് സൂക്ഷിക്കുന്നത്. ചിത്രങ്ങളെയും നിമിഷങ്ങളെയും തന്മാത്രകളെയും സങ്കലനമാക്കി മാറ്റുന്നു. അതുപോലെ മറ്റിന്ദ്രിയങ്ങളുടെയും വിവരങ്ങള്‍ ഹിപ്പോകാമ്പസിലേക്കും എത്തുന്നു. ഈ ഹിപ്പോകാമ്പസില്‍ വച്ച് പഴയ ഓര്‍മ്മകളിലേക്ക് പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. വൈദ്യുത സ്ഫുലിംഗങ്ങളായാണ് പ്രധാനമായും ഇവ കൈമാറ്റം ചെയ്യപ്പെടുന്നത്. ഗ്ലൂറ്റമേറ്റ് തുടങ്ങിയ രാസതന്മാത്രകളും വിവരശേഖരണത്തില്‍ ഇടപെടുന്നുണ്ട്. പി.ഇ.ടി (പൊസിഷന്‍ എമിഷന്‍ ടോമോഗ്രഫി) ഉപയോഗപ്പെടുത്തി ഹിപ്പോകാമ്പസിലെ രാസപ്രവര്‍ത്തനങ്ങളെ പഠനവിധേയമാക്കിയിട്ടുണ്ട്. ഇതിനെ ‘മാപ്പിംഗ്’ എന്നു പറയുന്നു.

ഓര്‍മ്മകള്‍ സൂക്ഷിക്കപ്പെടുന്ന സമയത്ത് ഹിപ്പോകാമ്പസിലെ രക്തപ്രവാഹം കൂടുന്നതായാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായം കൂടുന്തോറും ഈ രക്തപ്രവാഹം കുറയുന്നതായും കാണപ്പെടുന്നു. പ്രായം ചെല്ലുന്തോറും ഓര്‍മ്മകള്‍ സൂക്ഷിക്കാനുള്ള കുറവുണ്ടാകുന്നത് ഈ രക്തപ്രവാഹത്തിന്റെ വ്യത്യാസം കൊണ്ടാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.

ഓര്‍മ്മകളെ തരംതിരിക്കാം

മുമ്പ് സൂചിപ്പിച്ചതുപോലെ രാസതന്മാത്രകളുടെയും വൈദ്യുത സ്ഫുലിംഗങ്ങളുടെയും സങ്കലനവും വേര്‍പിരിയലുകളുമാണ് ഓര്‍മ്മ. ഓര്‍മ്മകളെ ഹ്രസ്വകാല ഓര്‍മ്മകളെന്നും ദീര്‍ഘകാല ഓര്‍മ്മകളെന്നും പൊതുവേ രണ്ടായി തരംതിരിച്ചിട്ടുണ്ട്. മിനിട്ടുകള്‍ക്കുള്ളിലോ കുറച്ച് ദിവസങ്ങള്‍ക്കുള്ളിലോ സംഭവിച്ചിട്ടുള്ള കാര്യങ്ങളെ ഓര്‍ത്തുവയ്ക്കുന്നതിനാണ് ഹ്രസ്വകാല ഓര്‍മ്മകള്‍ എന്നു പറയുന്നത്.

ഇന്ന് രാവിലെ പ്രഭാത ഭക്ഷണം എന്തായിരുന്നു എന്ന് ചോദിച്ചാല്‍ അതിനു മറുപടി പറയാന്‍ നമുക്ക് എളുപ്പം സാധിക്കും. പുട്ടും പഴവുമെന്നോ, ഇഡ്ഡലിയും സാമ്പാറുമെന്നോ… എന്നാല്‍ ഒരു മാസം മുമ്പ് ഇതേ ദിവസം എന്താണ് പ്രഭാതഭക്ഷണമായി കഴിച്ചത് എന്നു ചോദിച്ചാല്‍ നമുക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞെന്നുവരില്ല. ജനനത്തീയതി, വിവാഹദിനം കുട്ടികള്‍ ജനിച്ച ദിവസം എന്നിവ നമ്മള്‍ കൃത്യമായി ഓര്‍ത്തുവയ്ക്കാറുണ്ട്. ഇവയെല്ലാം ദീര്‍ഘകാല ഓര്‍മ്മയിലാണ് സൂക്ഷിക്കുന്നത്.

ലിംബ് സിസ്റ്റം എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗങ്ങളാണ് ഓര്‍മ്മയുടെ പ്രധാന നിലവറ. ഇതിന്റെ ഭാഗങ്ങളാണ് തലാമസ്, ഹിപ്പോകാമ്പസ്, ഫോര്‍ണിസെസ്, മാമില്ലറി ബോഡികള്‍ എന്നിവ ദീര്‍ഘകാല ഓര്‍മ്മകള്‍ സൂക്ഷിക്കപ്പെടുന്നത് കൂടുതല്‍ വിശാലമായിട്ടാണ്. ഈ ഭാഗങ്ങളിലെ ഡി.എന്‍.ഏയ്ക്കുള്ളിലെ ജീനുകളിലേക്ക് ഈ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നു.

ഓര്‍മ്മത്തെറ്റുകള്‍

ഓര്‍മ്മകളെ സൂക്ഷിക്കുന്നതിലോ തരം തിരിക്കുന്നതിലോ തിരിച്ചെടുക്കുന്നതിലോ ഉള്ള പോരായ്മകള്‍ നമ്മുടെ ഓര്‍മ്മകളെ തകര്‍ത്തുകളയുന്നു. കാലക്രമത്തില്‍ അല്‍പാല്‍പമായി നഷ്ടപ്പെടുന്ന ഓര്‍മ്മകളാണ് മറവിരോഗം അഥവാ അല്‍ഷിമേഴ്സിന്റെ ലക്ഷണങ്ങള്‍. ഒരു നിമിഷാര്‍ദ്ധത്തിലുണ്ടാകുന്ന രക്തപ്രവാഹം കൊണ്ടോ ഗുരുതരമായ ക്ഷതംകൊണ്ടോ നഷ്ടമാകുന്ന ഓര്‍മ്മകളാണ് തലച്ചോറിലെ ക്ഷതം, സ്ട്രോക്ക്, മസ്തിഷ്‌ക്കാഘാതം എന്നിവയില്‍ സംഭവിക്കുന്നത്.

ഒരു പ്രത്യേക വസ്തുവിനെയോ ആളെയോ ശബ്ദത്തെയോ തിരിച്ചറിയാന്‍ കഴിയാതെ വരുന്നതിനെ അഗ്നോസിക എന്നു പറയുന്നു. തലച്ചോറിലെ പറൈറ്റല്‍ ലോബ്, ഓക്സിവിറ്റല്‍ ലോബ്, ഓകുപിറ്റല്‍ ലോബ് എന്നിവിടങ്ങളിലെ രോഗങ്ങളാണ് ഇതിനു കാരണം.

കടപ്പാട്:
ഡോ. സരീഷ്‌കുമാര്‍ എം.കെ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News