CITU:അപകടങ്ങളില്‍ രക്ഷകരാകാന്‍ ചുമട്ടുതൊഴിലാളികള്‍; ഇതാ വരുന്നു സിഐടിയു റെഡ് ബ്രിഗേഡ്

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയു റെഡ് ബ്രിഗേഡ്(CITU Red Brigade) പദ്ദതി ആരംഭിക്കുന്നു. സംസ്ഥാന വ്യാപകമായി അയ്യായിരം പേരടങ്ങുന്ന സേനയെയാണ് ചുമട്ടു തൊഴിലാളികളുടെ സന്നദ്ധ സംഘടന സജ്ജമാക്കാനൊരുങ്ങുന്നത്. സംഘടനയുടെ ശക്തികേന്ദ്രങ്ങളില്‍ 500 പേരെയും മറ്റ് സ്ഥലങ്ങളില്‍ 250 പേരെയുമാണ് റെഡ് ബ്രിഗേഡില്‍ അംഗങ്ങളാക്കുകയെന്നാണ് വിവരം.

തിരുവന്തപുരം ജില്ലയില്‍ മാത്രമായി 3,000 പേരടങ്ങുന്ന സേന രൂപീകരിക്കാനാണ് സംഘടനയുടെ ലക്ഷ്യം. ഇതിനായി ആരോഗ്യവാന്മാരും സേവാമനസ്‌കരുമായ 45 വയസില്‍ താഴെ മാത്രം പ്രായമുള്ള തൊഴിലാളികളെയാണ് തെരഞ്ഞടുക്കുക. തലസ്ഥാനത്തെ സേനക്ക് ‘ബ്ലൂ ബ്രിഗേഡ്’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവരും പൊതു ഇടങ്ങളില്‍ നിരന്തരമുള്ളവരുമായ തൊഴിലാളികള്‍ക്ക് അപകട സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പ്രഥമശുശ്രൂഷയിലും പ്രത്യേക പരിശീലനം നല്‍കി വരികയാണ്. അഗ്‌നിരക്ഷാസേന, ഐഎംഎ, ദുരന്തനിവാരണ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് തൊഴിലാളികള്‍ക്ക് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

ഓരോ ജില്ലയിലേയും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വ്യത്യസ്തമായ സേവന പരിപാടികളാണ് സംഘടന ആസൂത്രണം ചെയ്യുന്നത്. വിട്ടുപിരിഞ്ഞ പ്രമുഖ തൊഴിലാളി നേതാക്കളുടെ പേരില്‍ ട്രസ്റ്റുകള്‍ രൂപീകരിക്കാനും സംഘടന ആലോചിക്കുന്നുണ്ട്. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്കും തീപൊള്ളലേല്‍ക്കുന്നവര്‍ക്കും അടിയന്തര പരിചരണം നല്‍കാനുള്ള പരിശീലനം ഐഎംഎയുടെ നേതൃത്വത്തില്‍ ഇതിനോടകം നല്‍കി കഴിഞ്ഞു. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങള്‍ മൂലം അവശതയിലായ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കുക, പൊതുസ്ഥലങ്ങളില്‍ ഫലവൃക്ഷ തൈകള്‍ നടുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here