Pesticides: ഇന്ത്യയില്‍ മാരക കീടനാശിനികളുടെ അനധികൃത ഉപയോഗം വ്യാപകം

മാരക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രാസകീടനാശിനികള്‍(Pesticides) ഇന്ത്യയില്‍(India) വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി പഠനം. തൃശൂര്‍(Thrissur) പൊതുമരാമത്തു വകുപ്പിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് നടന്ന ആരോഗ്യ- ഭക്ഷ്യ സുരക്ഷാ മേഖലയില്‍ രാസകീടനാശിനികള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ എന്ന ശില്പശാലയില്‍ പ്രകാശനം ചെയ്ത പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ്വര്‍ക്ക് ഇന്ത്യ എന്ന പൊതുതാത്പര്യ ഗവേഷക സംഘടനയുടെ സ്റ്റേറ്റ് ഓഫ് ക്ലോര്‍പൈറിഫോസ്, ഫിപ്രോനില്‍, അട്രാസിന്‍ ആന്‍ഡ് പാരക്വാറ്റ് ഡൈക്ലോറൈഡ് ഇന്‍ ഇന്ത്യ എന്ന റിപ്പോര്‍ട്ടിലാണ് അനധികൃതമായും വ്യാപകമായും കീടനാശിനികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ആന്ധ്ര പ്രദേശ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടകം, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ ഏഴു സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

ഭാരത കാര്‍ഷിക ഗവേഷണ കൌണ്‍സില്‍ എമരിറ്റസ് പ്രൊഫസ്സര്‍ ആയ ഡോക്ടര്‍ ഇന്ദിരാദേവിയാണ് പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. കീടനാശിനിയുടെ അശാസ്ത്രീയമായ ഉപയോഗം പരിസ്ഥിതിയെ അനാരോഗ്യകരമാക്കി മറ്റും, അതിനാല്‍ തന്നെ നമ്മുടെ ആരോഗ്യവും മോശമാകുമെന്നു അവര്‍ പറഞ്ഞു. ശാസ്ത്രീയമായ പഠനങ്ങളും നയപരമായ തീരുമാനങ്ങളും ഒപ്പം സമൂഹത്തെ ബോധവല്‍ക്കരിക്കലും ഇന്ന് അനിവാര്യമാണ്. മാരകകീടനാശിനികളുടെ ഉപയോഗം ലോകത്താകെ ജനതയുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന വസ്തുതയുടെ വെളിച്ചത്തില്‍ അവയുടെ ഉപയോഗത്തെ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ നമുക്ക് കഴിയണമെന്നും ഇന്ദിരാദേവി കൂട്ടിച്ചേര്‍ത്തു. സുസ്ഥിര കൃഷി സാധ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പെസ്റ്റിസൈഡ് മാനേജ്മന്റ് ബില്‍ 2020 അനിവാര്യമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി പാസ്സാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കീടനാശിനികളാണ് ക്ലോര്‍പൈറിഫോസും ഫിപ്രോനിലും. കളനാശിനികളായ അട്രാസിനും പാരക്വാറ്റ് ഡൈക്ലോറൈഡും ധാരാളമായി കൃഷിയിടങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. മനുഷ്യരില്‍ പ്രത്യേകിച്ച് കുട്ടികളിലും മറ്റു ജീവജാലങ്ങളിലും നാഡീ വ്യവസ്ഥ സംബന്ധമായ ഗുരുതര രോഗാവസ്ഥകള്‍ക്കു കാരണമാകുന്നതാണ് ക്ലോര്‍പൈറിഫോസ്. നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ക്യാനസറിനു കാരണമാകുകയും ഹോര്‍മോണ്‍ തകരാറുകള്‍ക്കും പ്രതുല്പാദനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും കാരണമാകുന്നതാണ് ഫിപ്രോനില്‍. അട്രെസിനും സമാനമായ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഗുരുതരമായ രോഗാവസ്ഥകള്‍ക്കും ജീവന്‍ തന്നെ അപായപ്പെടുത്താനും കഴിയുന്ന വിഷമാണ് ഇത്. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമെല്ലാം വായുവിലൂടെയുമെല്ലാം ഇവ മനുഷ്യ ശരീരത്തില്‍ എത്തുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ നാല്പതോളം രാജ്യങ്ങള്‍ ഇവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. അപായപ്പെടുത്താന്‍ പോന്ന വിഷമാണ് ഇത്. കേന്ദ്ര കൃഷിവകുപ്പ് അനുമതി നല്‍കാത്ത വിളകളില്‍ ഇവ ഉപയോഗിക്കുന്നതിനു വിവിധ സംസ്ഥാനങ്ങളിലെ കാര്‍ഷിക സര്‍വകലാശാലകളും കീടനാശിനി കമ്പനികളും പ്രസ്തുത കീട/കളനാശിനികള്‍ നിര്‍ദേഷിച്ചിട്ടുള്ളതായി കാണുന്നുണ്ട്.

ഈ നാലു കീടനാശിനികളും വിവിധ വിളകളില്‍ ഉപയോഗിക്കാന്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെങ്കിലും ഇവ അനിയന്ത്രിതമായി അനധികൃതമായും ഉപയോഗിക്കപ്പെടുന്നുണ്ട്. ക്ലോര്‍പൈറിഫോസ് പതിനെട്ടു വിളകളില്‍ ഉപയോഗിക്കാനാണ് അംഗീകരിച്ചിട്ടുള്ളത്, എന്നാല്‍ 23 വിളകളില്‍ ഇത് ഉപയോഗിക്കപ്പെടുന്നു. ഫിപ്രോനില്‍ ഒന്‍പത് വിളകളില്‍ ഉപയോഗിക്കാനാണ് അംഗീകരിച്ചിട്ടുള്ളത് എന്നാല്‍ 27 വിളകളിലാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. അട്രാസിന്‍ ഒരു വിളയില്‍ ഉപയോഗിക്കാന്‍ മാത്രേ അംഗീകരിച്ചിട്ടുള്ളൂ എന്നിരിക്കെ, 19 വിളകളില്‍ ഇവയുടെ ഉപയോഗം കാണപ്പെട്ടു. പതിനൊന്നു വിളകളില്‍ ഉപയോഗിക്കാന്‍ അംഗീകാരമുള്ള പാരക്വറ്റ് 23 വിളകളിലാണ് ഉപയോഗിക്കുന്നത്. ‘ഇത്തരത്തില്‍ അനധികൃതമായ ഉപയോഗം ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടു വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഭക്ഷ്യവസ്തുക്കളിലെ കീടനാശിനി അവശിഷ്ടങ്ങള്‍ ശരിയായ രീതിയില്‍ ഇന്ത്യയില്‍ പരിശോധിക്കപ്പെടുന്നില്ല’, പാന്‍ ഇന്ത്യയുടെ സിഇഒ ദിലീപ് കുമാര്‍ പറഞ്ഞു.

കേരളത്തില്‍ ക്ലോര്‍പൈറിഫോസ്, ഫിപ്രോനില്‍, പാരക്വാറ്റ് ഡൈക്ലോറൈഡ് എന്നിവ ഉപയോഗിക്കപ്പെടുന്നുണ്ട്. കേന്ദ്ര കൃഷിവകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള അനുവദനീയമായ ഉപയോഗങ്ങള്‍ക്കു വിരുദ്ധമായി ഒട്ടനവധി വിളകളില്‍ ക്ലോര്‍പൈറിഫോസ്, ഫിപ്രോനില്‍ കീടനാശിനികള്‍ കേരള കര്‍ഷികസര്‍വകലാശാല നിര്‍ദ്ദേശിക്കുന്നുണ്ട്. കേരള സര്‍ക്കാരിന്റെ സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം വെള്ളായനി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട പരിശോധന ലാബില്‍ നടത്തിയ ഏറ്റവും പുതിയ പഠനത്തില്‍ കേരളത്തില്‍നിന്ന് ശേഖരിച്ച 35 ശതമാനം സാമ്പിളുകളില്‍ 31 വിവിധ കീടനാശിനികളുടെ വിഷാംശം അനുവദനീയമായ പരിധിയിലും കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. 19 ഇനം ഭക്ഷ്യ ഉത്പന്നങ്ങളില്‍ അനുവദനീയമായ പരിധിക്കുമുകളില്‍ ക്ലോര്‍പൈറിഫോസ് വിഷാംശം കണ്ടെത്തിയിട്ടുണ്ട്, ഇവയെല്ലാം തന്നെ കാര്‍ഷികസര്‍വകലാശാല നിര്‍ദ്ദേശിചിട്ടില്ലാത്ത വിളകളില്‍ നിന്നുള്ളവയാണ് എന്നത് നമ്മുടെ ഭക്ഷ്യ ഉത്പന്നങ്ങളില്‍ വ്യാപകമായി വിഷാംശം അടങ്ങിയിട്ടുണ്ട് എന്നതിന്റെ സൂചയാണ്.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാല്‍പതു ശതമാനത്തോളം കീടനാശിനികള്‍ മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും കരണമാകുന്നവയാണ്. രാജ്യത്തെ കീടനാശിനി ഉപയോഗവുമായി ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തമില്ലായ്മയും ഗുരുതരമായ പിഴവുകളും, അപര്യാപ്തമായ നിയന്ത്രണവുമെല്ലാം ഈ പഠനം സൂചിപിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അനധികൃത ഉപയോഗങ്ങള്‍ തുടരുകയാണ്, ഭക്ഷണവും വെള്ളവും എല്ലാം മലിനമാക്കുന്നു, ഒപ്പം കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വിഷബാധ നില്‍ക്കുന്നു, പക്ഷെ സര്‍ക്കാരോ, കീടനാശിനി കമ്പനികളോ വ്യാപാരികളോ യാതൊരു ഉത്തരവാദിത്തവും കാണിക്കുന്നില്ല. ‘മാരകമായ ആരോഗ്യ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കു കരണമാകുമെന്നതിനാലും സുരക്ഷിത ഭക്ഷണത്തിനു വിഘാതമാകുമെന്നതിനാലും ഇവ നിരോധിക്കപ്പെടേണ്ടതാണ്. ദേശീയ സംസ്ഥാന തലത്തില്‍ പൊതുജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കിക്കൊണ്ടുള്ള കര്‍ശനമായ കീടനാശിനി നിയന്ത്രണത്തിന് ഈ റിപ്പോര്‍ട്ട് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദിലീപ് കുമാര്‍ പറഞ്ഞു.

നിലവില്‍ കീടനാശിനി ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളെയും ശരിയാംവിധം കൈകാര്യം ചെയ്യാന്‍ പാകത്തില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ട് പെസ്റ്റിസൈഡ് മാനേജ്മന്റ് ബില്‍ 2020 പാസ്സാക്കുകയാണ് വേണ്ടതെന്നു ഡോ ഇന്ദിരാദേവി അഭിപ്രായപ്പെട്ടു. കൃത്യമായ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും വെളിച്ചത്തില്‍ ദോഷവശങ്ങള്‍ വിശകലനം ചെയ്തതിനു ശേഷം മാത്രമേ ഡ്രോണ്‍ ഉപയോഗിച്ച് രാസകീടനാശിനികള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാവൂ എന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഭക്ഷണ ഉത്പന്നങ്ങളില്‍ കീടനാശിനികളുടെ സാന്നിധ്യം പൊതുജനാരോഗ്യം സുരക്ഷിത ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് വലിയ ആശങ്ക ഉളവാക്കുന്നതാണെന്നു ശില്പശാല വിലയിരുത്തി. രാസകീടനാശിനികള്‍ നിരോധിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും കേരളത്തിലും ഇന്ത്യയില്‍ പൊതുവിലും ജൈവരീതിയിലുള്ള ഭക്ഷണം ഉല്പാദിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും രാസകീടനാശിനിരഹിത സുരക്ഷിത കൃഷി വ്യാപിപ്പിക്കുന്നതിനു സര്‍ക്കാറിന്റെ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. സലിം അലി ഫൗണ്ടേഷന്‍ പ്രതിനിധി ഡോ. ലളിത വിജയന്‍, ഓര്‍ഗാനിക് ഫാര്‍മിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് ഇല്യാസ് കെ. പി. എന്നിവര്‍ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News