ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിഅഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആസാദികാ അമൃത് മഹോത്സവിൻ്റെ ഭാഗമായി കേരള നിയമസഭയുടെ മ്യൂസിയം, ലൈബ്രറി വിഭാഗങ്ങൾ ചേർന്ന് സംഘടിപ്പിക്കുന്ന ഡോക്യുമെൻ്ററി ചിത്രീകരണവും പ്രദർശനവും നിയമസഭാ സമുച്ചയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളുടെ ചരിത്രവും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ദേശരാഷ്ട്ര നിർമ്മാണവും ഇതിൻ്റെ ഭാഗമായി തന്നെ പുരോഗമിക്കുന്ന കേരള സംസ്ഥാനത്തിൻ്റെ ചരിത്രവും ഈ വേദിയിൽ സവിശേഷമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
ഡോക്യുമെൻ്ററികളിൽ ഇന്ത്യൻ സ്വാതന്ത്ര്യം ചിത്രീകരിക്കുന്ന “സ്വാതന്ത്ര്യായനം”, “സ്വാതന്ത്ര്യത്തിലേക്കൊരു തീർത്ഥയാത്ര” എന്നിവയും കേരളത്തിലെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളേയും സംസ്ഥാനത്തിൻ്റെ ജനാധിപത്യ ചരിത്രത്തേയും പ്രതിപാദിക്കുന്ന “നവകേരളം”, “കേരളം മുന്നോട്ട്” എന്നിവയും ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീ പങ്കാളിത്തം എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന രണ്ട് ഹൃസ്വ വീഡിയോകളും പ്രദർശിപ്പിക്കുകയാണ്.
നിയമസഭാ മ്യൂസിയത്തിൻ്റെ ശേഖരണങ്ങളിൽ നിന്ന് ഇന്ത്യയുടേയും കേരളത്തിൻ്റേയും പ്രധാന ചരിത്ര സംഭവങ്ങളെ റിപ്പോർട്ട് ചെയ്ത് പുറത്തിറങ്ങിയ അക്കാലത്തെ പത്രങ്ങളുടെ താളുകൾ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ചരിത്ര മുഹൂർത്തങ്ങളേയും വ്യത്യസ്ത ധാരകളേയും കേന്ദ്രീകരിച്ചുകൊണ്ടുള്ള ഫോട്ടോകൾ, ദേശീയവും പ്രാദേശീകവുമായ നവോത്ഥാന മുന്നേറ്റങ്ങൾ, പ്രമുഖരായ നേതാക്കൾ, ഇന്ത്യൻ ഭരണഘടനയുടെ ചരിത്രം എന്നിവയെല്ലാം ഇവിടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
നിയമസഭാ ലൈബ്രറിയുടെ ശേഖരത്തിൽ നിന്നുള്ള അപൂർവ്വവും പുരാതനവുമായ പുസ്തകങ്ങൾ ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിരിക്കുകയാണ്. നമ്മുടെ സ്വാതന്ത്ര്യ സമര നേതാക്കളും രാജ്യത്തെ മുന്നോട്ടു നയിച്ച രാഷ്ട്രീയ നേതാക്കളുമെല്ലാം തങ്ങളുടെ അനുഭവങ്ങളിൽ നിന്നും അറിവിൽ നിന്നും രേഖപ്പെടുത്തിയ അമൂല്യവും കൗതുക പൂർണ്ണവുമായ പുസ്തക ശേഖരം ഇവിടെ ജനങ്ങൾക്ക് കാണാവുന്നതാണ്.
2022 ആഗസ്റ്റ് 10ന് ആരംഭിച്ച് 2022 ആഗസ്റ്റ് 24 വരെ നീളുന്ന ഈ ചരിത്ര പ്രദർശനം പൊതുജനങ്ങൾക്ക് വന്ന് കാണുവാനുള്ള സൗകര്യം കേരള നിയമസഭ ഒരുക്കിയിരിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here