FIFA; ലോകകപ്പ് ഫുട്‍ബോളിന് തിരിതെളിയാൻ ഇനി 100 ദിനം ബാക്കി; കാത്തിരിപ്പോടെ ആരാധകർ

ലോകം കാത്തിരിക്കുന്ന ഫുട്‍ബോള് വിരുന്നിനായി കൗൺഡൗൺ തുടങ്ങുന്നു. ഇനി 100 ദിവസം. ഫുട്‍ബോള് ആരാധകരെ വരവേൽക്കാനുള്ള തിടുക്കത്തിലാണ് ഖത്തർ. മത്സരക്രമം പുതുക്കിയാൽ നവംബർ 20 മുതൽ ഡിസംബർ 18 വരെയാകും 22-ാമത്തെ ലോകകപ്പ്. 32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പാണിത്‌. അടുത്തതവണ ടീമുകളുടെ എണ്ണം നാൽപ്പത്തെട്ടാകും. ആകെ 64 കളികളും.

ഖത്തറിനെ വേദിയായി പ്രഖ്യാപിച്ചത് 2010 ലാണ്.അന്നുമുതൽ ലോകകപ്പ് വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. അഞ്ചു നഗരങ്ങളിലെ എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഒരുക്കിയത്. അൽഖോർ നഗരത്തിലെ അൽ ബെയ്‌ത്ത്‌ സ്‌റ്റേഡിയത്തിലാണ്‌ ഉദ്‌ഘാടനമത്സരം. മത്സരക്രമം പുതുക്കിയാൽ ആതിഥേയരായ ഖത്തർ– ഇക്വഡോർ ആയിരിക്കും ആദ്യ മത്സരം. 60,000 പേർക്ക്‌ ഇരിക്കാവുന്ന സ്‌റ്റേഡിയമാണ്‌. ഫൈനൽ ഡിസംബർ 18ന്‌ ലുസൈൽ സ്‌റ്റേഡിയത്തിലാണ്‌. 80,000 പേർക്ക്‌ കളി കാണാം.

ഒട്ടേറെ സവിശേഷതകളുള്ള ലോകകപ്പാണിത്‌. അറബ്‌ലോകത്തെ ആദ്യ ലോകകപ്പ്‌. ഏഷ്യയിൽ രണ്ടാംതവണയും. അതുപോലെ ലോകകപ്പിന്‌ വേദിയാകുന്ന ചെറിയ രാജ്യം എന്ന സവിശേഷതയുമുണ്ട്‌. സാധാരണ ലോകകപ്പ്‌ നടക്കുന്നത്‌ ജൂൺ, ജൂലൈ മാസങ്ങളിലാണ്‌. ആ സമയത്ത്‌ ഖത്തറിൽ കടുത്ത ചൂടായതിനാലാണ്‌ തണുപ്പുള്ള നവംബർ, ഡിസംബർ തെരഞ്ഞെടുത്തത്‌.

ലോകകപ്പ്‌ കേരളത്തിന്‌ ഇത്രയടുത്ത്‌ എത്തുന്നതും ആദ്യം. നാലരമണിക്കൂർ വിമാനത്തിൽ പറന്നാൽ ഖത്തറായി. അതിനാൽ ഏറ്റവും കൂടുതൽ മലയാളികൾ കാണുന്ന ലോകകപ്പുമാകും. രാജ്യത്തെ ജനസംഖ്യ 29.83 ലക്ഷമാണ്‌. അതിൽ ഏഴുലക്ഷം ഇന്ത്യക്കാരുണ്ട്‌. അവരിൽ മൂന്നരലക്ഷമാണ്‌ മലയാളികൾ. ഏകദേശം 12 ലക്ഷം കാണികളെയാണ്‌ ഖത്തർ പ്രതീക്ഷിക്കുന്നത്‌. അവർക്കായി ഇതുവരെ കാണാത്ത താമസസൗകര്യമാണ്‌ ഏർപ്പെടുത്തിയിട്ടുള്ളത്‌. 30,000 ഹോട്ടൽമുറികൾക്കുപുറമേ 65,000 പേർക്ക്‌ വില്ലകളും അപാർട്ട്‌മെന്റുകളും ഒരുക്കിയിരിക്കുന്നു. തീരത്ത്‌ നങ്കൂരമിട്ട രണ്ട്‌ ആഡംബരക്കപ്പലുകളിൽ 4000 പേർക്ക്‌ താമസിക്കാം. കുറഞ്ഞ നിരക്കിൽ താമസത്തിന്‌ ലഭ്യമാകുന്ന കൂടാരങ്ങൾ സവിശേഷതയാണ്‌.

അതേസമയം, അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്‌, ഫ്രാൻസ്‌, മെക്‌സിക്കോ, ഖത്തർ, സൗദി അറേബ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ആരാധകരാണ്‌ ടിക്കറ്റ്‌ വാങ്ങാൻ മുന്നിലുള്ളത്‌. ടിക്കറ്റ്‌ വിൽപ്പനയുടെ രണ്ടാംഘട്ടം ഞായറാഴ്‌ച അവസാനിക്കും.ഇതുവരെ തകൃതിയായാണ് 12 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയത്.

എന്നാൽ റൊണാൾഡോയുടെയും അവസാന ലോകകപ്പാകും.എന്നിരുന്നാലും ലോകകപ്പിന്റെ വിസ്മയച്ചെപ്പ് തുറക്കാനുള്ള ആവേശത്തിലാണ് ആരാധകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News