ADVERTISEMENT
കനത്ത മഴയെ തുടര്‍ന്ന് ഷിംല-ഛണ്ഡീഗഡ് എക്‌സ്പ്രസ് വേ തകര്‍ന്നു. ഷംലെച്ച് ഗ്രാമത്തിന് സമീപത്ത് ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ദേശീയ പാതയുടെ പണി പൂര്‍ത്തിയായത്. അറ്റകുറ്റപ്പണിക്ക് ശേഷം തുറന്ന റോഡില്‍ 100 മീറ്ററോളം ആഴത്തിലുള്ള ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. സംഭവസമയം ഇതിലൂടെ സഞ്ചരിച്ചിരുന്ന കാര്‍ കുഴിയിലേക്ക് വീണെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ച് പേരാണ് താഴ്ചയിലേക്ക് വീണ കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അറ്റകുറ്റപണികള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് റോഡ് യാത്രക്കാര്‍ക്കായി വീണ്ടും തുറന്നു നല്‍കിയത്. ദേശീയപാത 25 ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. തുറന്ന് നല്‍കിയെങ്കിലും റോഡിന്റെ ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്.
കൃത്യമായ അന്വേഷണങ്ങള്‍ക്ക് ശേഷം റോഡ് പുനഃസ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജിആര്‍ ഇന്‍ഫ്രാപ്രോജക്ട്സിന്റെ പ്രോജക്ട് മാനേജര്‍ ബല്‍വീന്ദര്‍ സിംഗ് പറഞ്ഞു. ഇതിനിടയില്‍ റോഡ് തകര്‍ന്നത് നിര്‍മ്മാണത്തിലെ ക്രമക്കേടാണ് കാണിക്കുന്നതെന്നാണ് ആരോപണം. കൃത്യമായ അടിത്തറയില്ലാതെയാണ് റോഡ് പണിതത്. ഈ ഭാഗത്ത് റോഡ് നിര്‍മ്മിക്കുമ്പോള്‍ ഉചിതമായ രൂപരേഖ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടതായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ രാം അസ്ര ഖുറല്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.