E P Jayarajan: ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച സംഭവം; അന്തിമവാദം ഈ മാസം 25ന്

ട്രെയിന്‍ യാത്രയ്ക്കിടെ ഇ പി ജയരാജനെ(E P Jayarajan) വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ സുധാകരന്‍(K Sudhakaran) സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി(High Court) ഈ മാസം 25 ന് അന്തിമവാദം കേള്‍ക്കും. കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി നീണ്ട ഇടവേളക്ക് ശേഷം പരിഗണിക്കുന്നത്. വധശ്രമത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പോലീസ് കേസ്സ് എടുത്തത്.

വധശ്രമക്കേസിലെ ഗൂഢാലോചനക്ക് തന്നെ പ്രതിയാക്കിയ നടപടി ശരിവച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജി 2016 മുതല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി കേസില്‍ വിശദമായ വാദത്തിലേക്ക് കടന്നില്ല. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്നാണ് അന്തിമവാദം ഈ മാസം 25 ന് കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തിയാണ് സുധാകരനെ പ്രതിചേര്‍ത്ത് പോലീസ് കേസ്സെടുത്തത്.

തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ സുധാകരന്റെയും ഇന്നു ജീവിച്ചിരിപ്പില്ലാത്ത മറ്റൊരു നേതാവിന്റെയും നേതൃത്വത്തിലായിരുന്നു ഗൂഢാലോചനയെന്നും ഇവരാണ് തോക്കും തന്ന് തങ്ങളെ പറഞ്ഞുവിട്ടതെന്നും പ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇ പി ജയരാജന്റെ സ്വകാര്യ അന്യായം പരിഗണിച്ച തിരുവനന്തപുരം കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പോലീസ് നടപടി. സുധാകരനും മറ്റു പ്രതികളും കേസ് തടയാന്‍ ശ്രമിച്ചെങ്കിലും തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഇതംഗീകരിച്ചില്ല. ലഭ്യമായ തെളിവുകളും സാക്ഷിമൊഴികളും അനുസരിച്ച് കേസ് നിലനില്‍ക്കുമെന്ന് കോടതി അന്ന് വ്യക്തമാക്കി. ഇതിനെതിരെയാണ് സുധാകരന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. സുധാകരന്റെ ഹര്‍ജിയില്‍ കോടതി തുടര്‍ നടപടികള്‍ തടഞ്ഞതോടെ അന്വേഷണം അനിശ്ചിതത്വത്തിലായിരുന്നു. വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചതോടെ കേസ്സിലെ അനിശ്ചിതത്വം നീങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News