
നടിയെ ആക്രമിച്ച കേസില്‍(Actress attacked case) വിചാരണ നടത്തുന്ന ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ(High court) സമീപിച്ചു.പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമ വിരുദ്ധമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിജീവിതയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി 19ന് പരിഗണിക്കാന്‍ മാറ്റി. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയില്‍ നിന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഭരണവിഭാഗം തീരുമാനിച്ചിരുന്നു.നേരത്തെ സി ബി ഐ കോടതിയുടെ ചുമതല വഹിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗ്ഗീസ് തന്നെ കേസില്‍ വിചാരണയ്ക്ക് മേല്‍നോട്ടം വഹിക്കട്ടെയെന്നായിരുന്നു തീരുമാനം.വിചാരണ നടന്നിരുന്ന സി ബി ഐ മൂന്നാം കോടതിയില്‍, ജഡ്ജിയായി തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി കെ കെ ബാലകൃഷ്ണന് സ്ഥലം മാറ്റം ലഭിച്ചിരുന്നു.ഇതെത്തുടര്‍ന്ന് ഹണി എം വര്‍ഗ്ഗീസിന് സി ബി ഐ കോടതിയുടെ ചുമതല ഒഴിയേണ്ടി വന്നതിനാലാണ് വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.ഈ സാഹചര്യത്തിലാണ് കോടതി മാറ്റത്തിനെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
ഇപ്പോള്‍ വനിതാ ജഡ്ജിയുടെ കീഴില്‍ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് അതിജീവിത ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നേരത്തെ നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന് പരിശോധിച്ചതായി ഫോറന്‍സിക്ക് പരിശോധനയില്‍ കണ്ടെത്തിയിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ കോടതിയില്‍ നിന്ന് നടപടിയൊന്നുമുണ്ടായില്ലെന്ന് അതിജീവിത ആരോപിക്കുന്നു.സുതാര്യമായ വിചാരണ നടക്കുന്നില്ലെന്നാരോപിച്ച് രണ്ട് സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച കാര്യവും അതിജീവിത സൂചിപ്പിച്ചിട്ടുണ്ട്.വനിതാ ജഡ്ജിയുടെ സ്ഥലം മാറ്റത്തിനൊപ്പം കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം നിയമ വിരുദ്ധമെന്ന് അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു.ഇതുവരെ വിചാരണ നടത്തിയിരുന്ന സ്‌പെഷല്‍ കോടതിയില്‍ നിന്ന് രേഖകള്‍ മാറ്റരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേയ്ക്ക് മാറ്റിയത്.ഇത് ഭാവിയില്‍ ചിലപ്പോള്‍ കേസിനെ ദോഷകരമായി ബാധിക്കുമെന്നും അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.കേസില്‍ വനിതാ ജഡ്ജിയുടെ കീഴില്‍ വിചാരണവേണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ചായിരുന്നു ഹണി എം വര്‍ഗ്ഗീസ് ജഡ്ജിയായ സി ബി ഐ കോടതിയിലേക്ക് കേസ് മാറ്റിക്കൊണ്ട് ജസ്റ്റിസ് രാജ വിജയരാഘവന്‍ നേരത്തെ ഉത്തരവിട്ടത്.ഈ സാഹചര്യത്തില്‍ ജുഡീഷ്യല്‍ ഉത്തരവിനെ ഭരണവിഭാഗം ഉത്തരവിലൂടെ മറികടക്കാനാകില്ലന്നാണ് ഉന്നയിക്കപ്പെടുന്ന പ്രധാന വാദം.അതിജീവിതയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയച്ചു.തുടര്‍ന്ന് ഈ മാസം 19ന് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here