Premier League : മാഞ്ചസ്റ്റർ ടീമുകൾ ഇന്ന് രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (Premier League) മാഞ്ചസ്റ്റർ ടീമുകൾ ഇന്ന് രണ്ടാം റൗണ്ട് മത്സരത്തിന് ഇറങ്ങും. ഇതോടൊപ്പം ആഴ്‌സനലിനും എവർട്ടനും ഇന്ന് മത്സരമുണ്ട്.

പ്രീമിയർ ലീഗ് കിരീടം നിലനിർത്താനൊരുങ്ങുന്ന മാഞ്ചസ്റ്റർ സിറ്റി പോയിന്‍റ് പട്ടികയിൽ മുന്നിലെത്താൻ വമ്പൻ ജയം ലക്ഷ്യമിട്ടാണ് ഇത്തവണയിറങ്ങുന്നത്. ആദ്യ മത്സരത്തിൽ വെസ്റ്റ്ഹാമിനെ തോൽപ്പിച്ച സിറ്റി ഗോൾ വേട്ടയ്ക്ക് തുടക്കമിട്ട ഏർലിംഗ് ഹാളണ്ടിന്‍റെ പ്രകടനത്തിലേക്കാണ് ഉറ്റുനോക്കുന്നത്.

രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ ദുർബലരായ ബേൺമൗത്താണ് സിറ്റിയുടെ എതിരാളികൾ. ഫിൽ ഫോഡൻ, ജാക്ക് ഗ്രീലിഷ്, ഡിബ്രുയിൻ, ഗുണ്ടോഗൻ, റോഡ്രി തുടങ്ങി ശക്തരുടെ നിരയുള്ള നീലപ്പടയുടെ പ്രതിരോധത്തിലെ പിഴവുകളാണ് പെപ് ഗ്വാർഡിയോളയുടെ ആശങ്ക. മത്സരം ഇത്തിഹാദിലാണെന്നത് സിറ്റിയുടെ കരുത്ത് കൂട്ടും.

ആദ്യ മത്സരത്തിൽ തോറ്റ് തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് രാത്രി പത്തിന് എവേ മത്സരത്തിൽ ബ്രന്‍റ്‌ഫോർഡിനെ നേരിടും. പ്രീ-സീസൺ മത്സരങ്ങളിൽ നിന്ന് മികച്ച ലൈനപ്പ് ഇനിയും കണ്ടെത്താനാകാത്തത് എറിക് ടെൻഹാഗിന് തലവേദനയാണ്.

ആഴ്സനൽ ഇന്ന് ലെസ്റ്റർ സിറ്റിയെ നേരിടും. സ്റ്റീവൻ ജെറാർദ് പരിശീലിപ്പിക്കുന്ന ആസ്റ്റൻ വില്ലയ്ക്ക് ഫ്രാങ്ക് ലാംപാർഡിന്‍റെ എവർട്ടനാണ് എതിരാളികൾ. മറ്റ് മത്സരങ്ങളിൽ സതാംപ്റ്റൺ, ലീഡ്സ് യുണൈറ്റഡിനെയും ബ്രൈറ്റൻ, ന്യൂകാസിലിനെയും വോൾവ്സ്, ഫുൾഹാമിനെയും നേരിടും.

അതേസമയം സ്‌പാനിഷ് ലീഗില്‍ മുൻ ചാമ്പ്യന്മാരായ ബാഴ്സലോണ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. രാത്രി പന്ത്രണ്ടരക്ക് റയോ വയേക്കാനോയ്ക്ക് എതിരെയാണ് ബാഴ്സയുടെ ആദ്യ മത്സരം. മറ്റൊരു മത്സരത്തിൽ വിയ്യാറയൽ വയ്യാഡോളിഡിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് നാളെയാണ് ആദ്യ മത്സരം. അത്‍ലറ്റിക്കോ മാഡ്രിഡ് മറ്റന്നാൾ ആദ്യ മത്സരത്തിന് ഇറങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News