Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

യുഡിഎഫും (udf) ബിജെപിയും (bjp) ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു‍വെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan).കോൺഗ്രസും ബിജെപിയും ഏതെല്ലാം രീതിയിൽ എതിർത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ സർക്കാർ പിന്നോട്ടുപോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാർട്ടിക്കാരല്ലാത്ത ബഹുജനങ്ങൾ അടക്കം സിപിഐഎമ്മിന്റെ മേന്മ മനസ്സിലാക്കി പിന്തുണയ്ക്കുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോൾ കാണാനാകുന്നത്. ഇതൊരു നല്ല ചിന്തയാണ്. അതാണ് ഈ പാർട്ടിയുടെ ശക്തിയെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫിനെ സ്വീകരിച്ചു. എൽഡിഎഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങൾ നെഞ്ചേറ്റിയതിന്റെ തെളിവാണ്. എന്നാൽ മറ്റു ചിലരുണ്ട്. ഈ പാർട്ടി ഇവിടെ നിലനിൽക്കരുത് എന്നാണ് അവർ ആഗ്രഹിക്കുന്നത്. തുടർഭരണത്തിന് ശേഷം യുഡിഎഫ് വല്ലാത്ത പകയും വിദ്വേഷവും പടർത്തുന്നു. മുൻകാലങ്ങളിൽ സിപിഐഎമ്മിനെതിരെ അനാവശ്യമായ ശത്രുത ചില ജനവിഭാഗങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ യുഡിഎഫിന് കഴിഞ്ഞിരുന്നു. ഇപ്പോൾ ജനം തിരിച്ചറിഞ്ഞു.

ഇടത് മുന്നണിയെ ദുർബലപ്പെടുത്താൻ സിപിഐഎമ്മിനെ ലക്ഷ്യം വയ്ക്കണമെന്ന് കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വം ചിന്തിക്കുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒട്ടേറെ ആക്രമണങ്ങൾ അവർ അഴിച്ചുവിട്ടു. ഒട്ടേറെ ജീവനുകൾ നഷ്ടപ്പെടേണ്ടിവന്ന ഒരു പാർട്ടിയാണ് സിപിഐഎം എന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കോൺഗ്രസ് സിപിഐഎമ്മിനെ തകർക്കാൻ ശ്രമിച്ചു.

പാർട്ടി പ്രവർത്തകരെ ശാരീരികമായി ഉപദ്രവിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തു.ആ കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി തകർന്നു കൊണ്ടിരിക്കുകയാണ്. ത്രിപുരയിൽ കോൺഗ്രസ് പാർട്ടി തന്നെ ബിജെപിയായി മാറി. സംഘപരിവാറിന്റെ നിലപാടുകൾ നടപ്പാക്കുന്ന കോൺഗ്രസിന്റെ ദേശീയ നേതാക്കൾ ഉണ്ട്. അവരുടെ പേര് പറയാത്തത് തൻറെ മാന്യത കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്നം കാണാൻ പോലുമാകാത്ത പദ്ധതികൾ നടപ്പിലായത് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി കൊണ്ടുവന്നപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നം എന്നു പോലും പ്രതിപക്ഷം അന്ന് പരിഹസിച്ചു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തും എന്ന് പറഞ്ഞപ്പോൾ അതിനെ യുഡിഎഫ് എതിർത്തു. അഞ്ചുവർഷം കഴിഞ്ഞപ്പോൾ 62,000 കോടി രൂപ കണ്ടെത്തി. ആ കിഫ്ബിയെ തകർക്കാനാണ് ഇപ്പോഴത്തെ ശ്രമം. ബിജെപിക്കൊപ്പം കോൺഗ്രസും അതിൽ പങ്കുചേരുകയാണ്.

കേരളത്തിലെ വികസനം തടയാനുള്ള ശ്രമം നടത്തുകയാണ് ഇപ്പോൾ ഇഡി. ഇഡിയെ ആർക്കും പരിചയപ്പെടുത്തേണ്ടതില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇഡിയുടെ ഉദ്ദേശ്യം വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഇന്ന് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ്. കേരളത്തിന്റെ വികസനം തടയാൻ കിഫ്ബിയെ തകർക്കണം. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കേരളത്തെ മാറ്റി നിർത്തി കൊണ്ടാണോ രാജ്യത്തിന്റെ വികസനം വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. വികസനത്തിനായി കേന്ദ്രവും സംസ്ഥാനവും ഒരുമിക്കുകയല്ലേ വേണ്ടത്. ഇതല്ലേ രീതി. ഈ രീതി അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇടത് സർക്കാരിന്റെ കാലത്ത് വികസനം വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെയെങ്കിൽ നാട് ഒരു ഇഞ്ച് മുന്നോട്ടുപോകില്ല. പക്ഷേ പ്രതിപക്ഷം എന്തെല്ലാം എതിർപ്പുകളുമായി വന്നാലും വിസനത്തിന്റെ കാര്യത്തിൽ ഒരിഞ്ച് പുറകോട്ട് പോകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുമ്പ് ജനാധിപത്യവിരുദ്ധ നിലപാടുകൾ മാധ്യമങ്ങൾ തുറന്ന് കാണിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ ആ നില മാറി. ഇന്ന് രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് കോർപ്പറേറ്റുകളാണ്.

ബിജെപി സർക്കാരുകൾ കാണിക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ തങ്ങൾ കാണുന്നതേ ഇല്ല എന്നാണ് മാധ്യമങ്ങളുടെ നിലപാട്. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ കേന്ദ്ര സർക്കാർ നീങ്ങുമ്പോഴും അത് തുറന്നു കാണിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. ജനങ്ങളെ ഭീഷണിപ്പെടുത്തി അനുകൂലമാക്കുന്ന സമീപനമാണ് ബിജെപിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here