National Flag: ഇന്ത്യന്‍ ദേശീയ പതാകയും ഫ്‌ലാഗ് കോഡും

75-)o സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ(Independence Day Celebration) ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യം ഒട്ടാകെ ദേശീയ പതാക ഉയര്‍ത്തുകയാണ്. മുന്‍പ് ഓഫീസുകളിലും പൊതു ഇടങ്ങളിലും മാത്രമാണ് പതാക ഉയര്‍ത്തിയിരുന്നത്. ഇന്ത്യന്‍ ദേശീയ പതാകയുടെ ഉപയോഗം, പ്രദര്‍ശനം എന്നിവ സംബന്ധിച്ച നിയമാവലിയായ ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് നെ 2022 ജൂലൈയില്‍ ഭേദഗതി ചെയ്തതിന്റെ ഭാഗമായാണ് വീടുകളിലും പതാക ഉയര്‍ത്തുവാന്‍ സാധിക്കുന്നത്.

ഇന്ത്യന്‍ ദേശീയ പതാകയെക്കുറിച്ചും ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് നെക്കുറിച്ചും വിശദമായി നോക്കാം

മുകളില്‍ കുങ്കുമം, നടുവില്‍ വെള്ള, താഴെ പച്ച. ഈ മൂന്നു വര്‍ണ്ണങ്ങളാണ് ഇന്ത്യന്‍ ദേശീയ പതാകയെ ത്രിവര്‍ണ പതാക ആക്കുന്നത്. വെളുപ്പിന്റെ ഒത്ത നടുക്ക് നേവി ബ്ലൂ നിറത്തില്‍ 24 ആരക്കാലുകളുമായി അശോകചക്രം സ്ഥിതി ചെയ്യുന്നു. ദേശീയ പതാകയിലെ വെളുത്ത ഭാഗത്തിന്റെ ഉയരത്തില്‍ നാലില്‍ മൂന്നു ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം.
ത്രിവര്‍ണ പതാകയിലെ കുങ്കുമ നിറം ത്യാഗത്തേയും ധീരതയേയും വെള്ളനിറം സത്യത്തേയും സമാധാനത്തേയും പച്ച രാജ്യത്തിന്റെ സമ്പത്തിനെയും മണ്ണിന്റെ ഫലപുഷ്ടിയേയുമാണ് സൂചിപ്പിക്കുന്നത്. അശോകചക്രം ധര്‍മ്മത്തിന്റെ നിയമ ചക്രമാണ്. അതിലെ ആരക്കാലുകളാകട്ടെ ധര്‍മ്മങ്ങളുടെ മുന്നോട്ടും പിന്നോട്ടും ഉള്ള പ്രയാണങ്ങളും. ഇന്ത്യന്‍ ദേശീയ പതാകയെ അംഗീകരിക്കുന്ന എല്ലാവരും സത്യം, ധര്‍മ്മം എന്നിവയുടെ മാര്‍ഗ്ഗദര്‍ശികളാണ്.

1947 ജൂലൈ 22 നാണ് ത്രിവര്‍ണ പതാകയെ ദേശീയ പതാകയായി അംഗീകരിച്ചത്. മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളെ നെഞ്ചിലേറ്റിയ ജപ്പാന്‍ വെങ്കയ്യ എന്ന പിങ്കിളി വെങ്കയ്യയാണ് ഇന്ത്യന്‍ ദേശീയ പതാക രൂപകല്പന ചെയ്തത്. ദേശീയ പതാക ദീര്‍ഘചതുരാകൃതിയില്‍ മാത്രമേ നിര്‍മ്മിക്കാവൂ. നീളവും വീതിയും എല്ലായിപ്പോഴും 3: 2 എന്ന അനുപാതത്തില്‍ ആയിരിക്കണം. ഏതു വലുപ്പത്തിലും പതാക നിര്‍മ്മിക്കാം. എന്നാല്‍ മൂന്ന് വര്‍ണ്ണങ്ങളും ഒരേ വലുപ്പത്തില്‍ ആയിരിക്കണം.

2002 നു മുമ്പ് ത്രിവര്‍ണ പതാക പൊതുജനങ്ങള്‍ക്ക് നിശ്ചിത ദിവസങ്ങളില്‍ ഒഴികെ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ടായിരുന്നു. നവീന്‍ ഷിണ്ടാല്‍ എന്ന വ്യവസായിയുടെ നിയമ പോരാട്ടത്തിന്റെ ഫലമായി രാജ്യത്തിന്റെ അഭിമാനം നഷ്ടപ്പെടാത്ത രീതിയില്‍ ദേശീയ പതാക പ്രദര്‍ശിക്കാനുള്ള നിയമം, ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് , 2002 ജനുവരി 26 ന് പ്രാബല്യത്തില്‍ വന്നു. ഇന്ത്യന്‍ ഫ്‌ലാഗ് കോഡിന് 3 ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗം ദേശീയ പതാകയുടെ പൊതുവായ വിവരമാണ് നല്‍കുന്നത്. രണ്ടാം ഭാഗം പൊതു സ്ഥാപനങ്ങളും സ്വകാര്യ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എങ്ങനെ ദേശീയ പതാക ഉപയോഗിക്കണമെന്നും പ്രദര്‍ശിപ്പിക്കണമെന്നും വിവരിക്കുന്നു. മൂന്നാം ഭാഗം കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും അവരുടെ ഏജന്‍സികളും എങ്ങനെ ദേശീയ പതാക ഉപയോഗിക്കണമെന്നും പ്രദര്‍ശിപ്പിക്കണമെന്നും വിശദീകരിക്കുന്നു.

2005-ല്‍ ഫ്‌ലാഗ് കോഡില്‍ ഭേദഗതി വരുത്തുകയുണ്ടായി. അതിന്‍ പ്രകാരം ദേശീയ പതാക യൂണിഫോമുകളുടെ ഭാഗമായി ഉപയോഗിക്കാം. 2021 ഡിസംബറിലെ ഭേദഗതി പ്രകാരം കൈ ഉപയോഗിച്ച് നെയ്‌തെടുത്തതോ യന്ത്രനിര്‍മ്മിതമായതോ ആയ പതാകകള്‍ ഉയര്‍ത്താവുന്നതാണ്. ഖാദി തുണി ഉപയോഗിച്ചു മാത്രം പതാക നിര്‍മ്മിച്ചിരുന്നതില്‍ വ്യത്യാസം വരുത്തി പോളിസ്റ്റര്‍ തുണികളും പതാകയ്ക്കായി ഉപയോഗിക്കാം എന്നാക്കി. എന്നാല്‍ ഇത് ഖാദി തൊഴിലാളികളുടെ പ്രതിഷേഷേധങ്ങള്‍ക്ക് കാരണമായി.

2022 ജൂലൈയിലെ ഭേദഗതി പ്രകാരം പകലോ രാത്രിയോ പതാക ഉയര്‍ത്താം. നേരത്തെ സൂര്യോദയത്തിനും അസ്തമയത്തിനും ഇടയില്‍ പതാക ഉയര്‍ത്താന്‍ അനുമതിയില്ലായിരുന്നു. വീടുകളിലും പതാക ഉയര്‍ത്താം. ഇപ്പോള്‍ തുറസ്സായ സ്ഥലങ്ങളിലും വീടുകളിലും രാവും പകലും ദേശീയ പതാക പ്രദര്‍ശിപ്പിക്കുവാന്‍ സാധിക്കും.ഫ്‌ലാഗ് കോഡിലെ നിയമങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ 3 വര്‍ഷം വരെ തടവോ പിഴയോ പിഴയോടുകൂടിയ തടവോ ശിക്ഷയായി ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News