Pinarayi vijayan : കേരളത്തിന്റെ വികസനം തടയുക എന്നതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍: മുഖ്യമന്ത്രി

കേരളത്തില്‍ ഇന്ന് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ ലഭിച്ച പണം കൊണ്ടാണെന്നും കേരളത്തിന്റെ വികസനം തടയുക എന്നതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ജനാധിപത്യ ധ്വംസനത്തിനെതിരെ മാധ്യമങ്ങൾ ഒന്നും മിണ്ടുന്നില്ല. രാജ്യത്തെ കോർപ്പറേറ്റ്‌ മാധ്യമങ്ങൾ കേന്ദ്രത്തിനെതിരെ ഒന്നും മിണ്ടാൻ തയ്യാറല്ല. മാധ്യമങ്ങൾക്കെതിരെ കേന്ദ്രം നിലപാട്‌ സ്വീകരിക്കുമ്പോഴും അവർ മൗനം പാലിക്കുകയാണ്.

മുമ്പ് ജനാധിപത്യവിരുദ്ധ നിലപാടുകൾ മാധ്യമങ്ങൾ തുറന്ന് കാണിച്ചിരുന്നു, ഇപ്പോൾ ആ നില മാറി. ഇന്ന് രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് കോർപ്പറേറ്റുകളാണ്. ബിജെപി സർക്കാരുകൾ കാണിക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ തങ്ങൾ കാണുന്നതേ ഇല്ല എന്നാണ് മാധ്യമങ്ങളുടെ നിലപാട്. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ കേന്ദ്ര സർക്കാർ നീങ്ങുമ്പോഴും അത് തുറന്നു കാണിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല.

ജനങ്ങളെ ഭീഷണിപ്പെടുത്തി അനുകൂലമാക്കുന്ന നിലപാടാണ്‌ കേന്ദ്രത്തിന്റേത്‌. കേരളത്തിലെ വികസനം തടയാനാണ്‌ ഇഡി ലക്ഷ്യമിടുന്നത്‌. കിഫ്‌ബിയെ ലക്ഷ്യമിടുന്നത്‌ അതിനുവേണ്ടിയാണ്‌. കേരളത്തിലെ വികസനം തടയാൻ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്‌.

കേരളമെന്നൊരു സംസ്ഥാനത്തെ ഒഴിച്ചുനിർത്തിക്കൊണ്ടാണോ രാജ്യത്തിന്റെ വികസനം? ചില കാര്യങ്ങൾ കേന്ദ്രവും ചില കാര്യങ്ങൾ സംസ്ഥാനവും ചെയ്യുകയാണ്‌ രീതി. എന്നാൽ രാജ്യത്ത് ആ രീതി അട്ടിമറിക്കുകയാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഒന്നും നടക്കാൻ പാടില്ല എന്ന നിലപാടാണ്‌ കേന്ദ്രത്തിന്റേത്‌.

കിഫ്ബി കൊണ്ടുവന്നപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്‌നം എന്നുപോലും പ്രതിപക്ഷം അന്ന് പരിഹസിച്ചു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തും എന്ന് പറഞ്ഞപ്പോൾ അതിനെ യുഡിഎഫ് എതിർത്തു. അഞ്ചുവർഷം കഴിഞ്ഞപ്പോൾ 62,000 കോടി രൂപ കണ്ടെത്തി. ആ കിഫ്ബിയെ തകർക്കാനാണ് ഇപ്പോഴത്തെ ശ്രമം.

ബിജെപിക്കൊപ്പം കോൺഗ്രസും അതിൽ പങ്കുചേരുകയാണ്. കേരളത്തിൽ ഇന്ന് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ്. കേരളത്തിന്റെ വികസനം തടയാൻ കിഫ്ബിയെ തകർക്കണം. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ.
ഇടത് സർക്കാരിന്റെ കാലത്ത് വികസനം വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെയെങ്കിൽ നാട് ഒരു ഇഞ്ച് മുന്നോട്ടുപോകില്ല. പക്ഷേ പ്രതിപക്ഷം എന്തെല്ലാം എതിർപ്പുകളുമായി വന്നാലും വിസനത്തിന്റെ കാര്യത്തിൽ ഒരിഞ്ച് പുറകോട്ട് പോകില്ല. എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫിനെ സ്വീകരിച്ചു. എൽഡിഎഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങൾ നെഞ്ചേറ്റിയതിന്റെ തെളിവാണ്.

എന്നാൽ മറ്റു ചിലരുണ്ട്, ഈ പാർടി ഇവിടെ നിലനിൽക്കരുത് എന്നാണ് അവർ ആഗ്രഹിക്കുന്നത്. തുടർഭരണത്തിന് ശേഷം യുഡിഎഫ് വല്ലാത്ത പകയും വിദ്വേഷവും പടർത്തുന്നു. മുൻകാലങ്ങളിൽ സിപിഐ എമ്മിനെതിരെ അനാവശ്യമായ ശത്രുത ചില ജനവിഭാഗങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ യുഡിഎഫിന് കഴിഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ അത്തരം നീക്കങ്ങൾ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News