P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

75 വർഷം മുമ്പുള്ള ഇന്ത്യ (India).നാമോരുത്തരും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത, നമ്മുടെ മനസ്സിനെ മുറിപ്പെടുത്തുന്ന ചരിത്രമുള്ള ആ നാളുകൾ.ആ കറുത്ത നാളുകളിൽ നിന്ന് ഇന്ന് കാണുന്ന ഇന്ത്യയിലേയ്ക്കുള്ള വളർച്ചയ്ക്ക് പിന്നിൽ ഒത്തിരിപ്പേരുടെ ത്യാ​ഗങ്ങളുണ്ട്.

ഓരോ രക്തസാക്ഷികളുടേയും ജീവന്റെ വിലയാണ് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം (Independence ).സ്വതന്ത്രഭാരതം 75 ന്റെ നിറവിൽ നിൽക്കുമ്പോൾ, ഇരുളടഞ്ഞ ജീവിതത്തിൽ നിന്ന് നമ്മെ വെളിച്ചത്തിലേയ്ക്ക് നയിച്ചവരെ ഈ ആഘോഷ വേളയിൽ നാം ഓർമ്മിച്ചില്ലെങ്കിൽ നന്ദികേട് എന്നല്ലാതെ മറ്റൊന്നും പറയാനാകില്ല.

സ്വാതന്ത്ര്യം ഒരു സുപ്രഭാതത്തിൽ നമുക്ക് ലഭിച്ചതല്ല. അതിനായി അക്ഷീണം പ്രവർത്തിച്ച കുറച്ചുപേർ ഇന്നും നമുക്ക് ചുറ്റുമുണ്ട്.അതിൽ പ്രധാനിയാണ് സമരവഴികളിലെ നിത്യ യൗവ്വനം എന്ന് അറിയപ്പെടുന്ന പി കെ മേദിനി (P. K. Medini).

വിപ്ലവത്തിന്റെ ഈരടികളിലേക്ക് കാലം എതിരേറ്റ പടപ്പാട്ടുകാരി പി കെ മേദിനിയുടെ മനസ്സിൽ ഇന്നുമുണ്ട് 75 ആണ്ടുകൾക്ക് മുൻപ് നടന്ന പുന്നപ്ര‑വയലാർ സമരത്തിന്റെ ഉറവ വറ്റാത്ത ഓർമ്മകൾ.

ജന്മിത്തത്തിനും കൊടിയ ചൂഷണത്തിനുമെതിരായ തൊഴിലാളികളുടെ മനസിലെ ചൂടും ചൂരും പി കെ മേദിനിയുടെ ഈണത്തിൽ അലയടിച്ചപ്പോൾ മലയാളികൾക്കത് നവ്യാനുഭവമായി.ആ ഹൃദയ പുഷ്പങ്ങളെ അവർ ആവോളം നുകർന്നു .അതിന്റെ മാസ്മരികതയിലാണ് തലമുറകൾ പോരിനിറങ്ങിയത്.പിന്നീട് കേരളം കണ്ടത് ചുടു ചോരയിൽ ഇതിഹാസം രചിക്കുന്ന മണ്ണിനെയാണ് .പാട്ടിനെ തടവിലാക്കാൻ ഒരു ഭരണ കൂടത്തിനും കഴിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ആ ജീവിതം .

സമരപഥങ്ങളിൽ തളരാതെ മുന്നേറുവാൻ ഒരു നാടിനൊന്നാകെ ശക്തി പകർന്ന സ്വരമാധുര്യമാണ് പി കെ മേദിനിയുടെത്. മനസ്സു നന്നാവട്ടെ, റെഡ്സല്യൂട്ട് തുടങ്ങിയ ഗാനങ്ങളിലൂടെ പെയ്തിറങ്ങിയ ആ ശബ്ദഗാംഭീര്യത്തിന് ഇന്നും പതിനെട്ടിന്റെ ചെറുപ്പമാണ്. എട്ടാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായ മേദിനി 89-ാം വയസ്സിലും പ്രായത്തിന്റെ അവശതകൾ മറന്ന് സംഘടനാ പ്രവർത്തനങ്ങളിൽ സജീവം.

ഉച്ചനീചത്വങ്ങളും ജാതി വൈകൃതങ്ങളും അരങ്ങ് വാണ കാലം. ദരിദ്ര കുടുംബത്തിൽ ആയിരുന്നു മേദിനിയുടെ ജനനം. മൂത്ത സഹോദരൻ ബാവ മുഴുവൻ സമയ കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ. മറ്റൊരു സഹോദരൻ ശാരംഗപാണിയുടെ തുന്നൽ ജോലിയിലൂടെ ലഭിക്കുന്ന തുച്ഛമായ തുക മാത്രമായിരുന്നു കുടുംബത്തിലെ ഒരേയൊരു വരുമാനം. സ്വന്തമായി ഭൂമിയില്ല. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനോട് ചേർന്നുള്ള തൊഴിലാളി കലാ സാംസ്കാരിക കേന്ദ്രത്തിലെ സന്ദർശനമാണ് വിപ്ലവ ഗാനത്തിലേക്ക് ശ്രദ്ധ തിരിപ്പിച്ചത്.

Today marks 75th anniversary of Punnapra-Vayalar uprising, Medini's red salute to those bloody memories - KERALA - GENERAL | Kerala Kaumudi Online

പന്ത്രണ്ടാം വയസ്സിൽ ആദ്യമായി വേദിയിൽ പാട്ടുപാടുമ്പോൾ ഭാവിയിൽ താൻ അറിയപ്പെടാൻ പോകുന്നത് ഈ പാട്ടുകളുടെ പേരിലായിരിക്കുമെന്നൊന്നും മേദിനി അന്നു കരുതിയതല്ല. പക്ഷേ, കാലം കാതോർത്തതും കാത്തുവച്ചതും അവരുടെ ശബ്ദവും അതിലൂടെ അവർ പറഞ്ഞ രാഷ്ട്രീയവുമായിരുന്നു. ആദ്യകാല പാർട്ടി സമ്മേളനങ്ങളുടെ പ്രധാന ആകർഷണമായിരുന്നു മേദിനി.

ആദ്യമായി പൊതുവേദിയിൽ പാടുന്നത് ആലപ്പുഴ കിടങ്ങാംപറമ്പ് മൈതാനത്തിലാണ്. പതിനായിരങ്ങൾ പങ്കെടുത്ത പൊതുയോഗം. വൈദ്യുതിയും മൈക്കുമില്ലാത്ത കാലം. വേദിയിലും സദസ്സിലും വെളിച്ചം പകർന്നത് പെട്രോമാക്സും. പി ടി പുന്നൂസ് പങ്കെടുത്ത ആ യോഗം മേദിനിയുടെ മനസിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല.

പിന്നീട് യൂണിയൻ സമ്മേളനങ്ങളിലും പാർട്ടി യോഗങ്ങളിലും അവിഭാജ്യഘടകമായി മേദിനിയുടെ പാട്ടുകൾ മാറി. ജനങ്ങളെ ആകർഷിക്കാൻ ‘ഉച്ച ഭാഷിണിയും പി കെ മേദിനിയുടെ പാട്ടും’ യോഗത്തിൽ ഉണ്ടാകുമെന്ന് സംഘാടകർ അറിയിപ്പും നൽകുമായിരുന്നു. യോഗത്തിനും മുൻപും ഓരോ പ്രസംഗത്തിന് ശേഷവും വിപ്ലവ ഗാനങ്ങൾ ഉണ്ടാകും. മേദിനിയും അനസൂയയും കെ മീനാക്ഷിയും ഉൾപ്പെട്ട ഗായക സംഘം ഏറെ ജന ശ്രദ്ധ നേടി.

19-ാം വയസ്സിൽ എൻ കെ രാഘവനാണ് പി കെ മേദിനിക്ക് പാർട്ടി മെമ്പർഷിപ്പ് നൽകിയത്. എം എൻ ഗോവിന്ദൻനായർ, ടി വി തോമസ്, സി കെ ചന്ദ്രപ്പൻ, വെളിയം ഭാർഗ്ഗവൻ തുടങ്ങിയ നേതാക്കളോടൊപ്പമുള്ള പ്രവർത്തനം നൽകിയത് വലിയ അനുഭവസമ്പത്തായിരുന്നുവെന്ന് മേദിനി പറയുന്നു.

കെ ആർ ഗൗരിയമ്മയുമായി ഏറെ ഹൃദയബന്ധം സൂക്ഷിച്ച മേദിനിയെ അവരുടെ വേർപാട് ഏറെ വേദനിപ്പിച്ചു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും ഇപ്റ്റ, യുവകലാസാഹിതി, വനിതാസാഹിതി, മഹിളാസംഘം എന്നീ രംഗങ്ങളിലും തന്റെ മികവ് തെളിയിച്ചു. ഒട്ടേറെ അവാർഡുകളും മേദിനിയെ തേടിയെത്തിയിട്ടുണ്ട്.

പതിനായിരത്തിൽ അധികം വേദികൾ കീഴടക്കിയ ഈ വിപ്ലവഗായികയ്ക്ക് അനിൽ നഗേന്ദ്രൻ, പി കൃഷ്ണപിള്ളയുടെ ജീവിതം പ്രമേയമാക്കി സംവിധാനം ചെയ്ത വസന്തത്തിന്റെ കനൽ വഴികൾ എന്ന സിനിമയിൽ മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും മറ്റൊരു അംഗീകാരമായി.

വേദികൾ തോറും കേരളത്തിലെങ്ങോളമിങ്ങോളം പ്രസംഗിച്ചും പാട്ടുപാടിയും പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ കഴിയുന്നത് തന്റെ ദൗത്യമാണെന്നാണ് പി കെ മേദിനിയുടെ പക്ഷം. പുന്നപ്ര വയലാർ സമര സേനാനികളിൽ ജീവിച്ചിരിക്കുന്ന ഏക വനിതയാണ് പി കെ മേദിനി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News