സഖാവ് ഗോദാവരി പരുലേക്കര്‍ ഇന്ത്യാവിമോചന പ്രസ്ഥാനത്തിലെ തീപ്പേരുകളില്‍ മുന്‍നിരക്കാരി:മന്ത്രി ആര്‍ ബിന്ദു|R Bindu

രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷത്തിനൊപ്പം ആ സ്വതന്ത്രതാപോരാട്ട സമുദ്രത്തിലെ ആദിവാസി പ്രക്ഷോഭത്തിരയുടെ നായികയെയും ഓര്‍ക്കുകയാണ് രാജ്യമെന്ന് മന്ത്രി ആര്‍ ബിന്ദു(R Bindu).

സഖാവ് ഗോദാവരി പരുലേക്കര്‍ ഇന്ത്യാവിമോചന പ്രസ്ഥാനത്തിലെ തീപ്പേരുകളില്‍ മുന്‍നിരക്കാരിയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷത്തിനൊപ്പം ആ സ്വതന്ത്രതാപോരാട്ട സമുദ്രത്തിലെ ആദിവാസി പ്രക്ഷോഭത്തിരയുടെ നായികയെയും ഓര്‍ക്കുകയാണ് രാജ്യം. സഖാവ് ഗോദാവരി പരുലേക്കര്‍ – ഇന്ത്യാവിമോചന പ്രസ്ഥാനത്തിലെ തീപ്പേരുകളില്‍ മുന്‍നിരക്കാരി. ഭൂവുടമയുടെ ആജീവനാന്ത അടിമയാവാന്‍ നൂറുനൂറു കാരണങ്ങള്‍ ഒരുക്കി വെക്കപ്പെട്ടിരുന്ന ആദിവാസി ജീവിതങ്ങളില്‍ അട്ടിമറിമാറ്റം ഉണ്ടാക്കിയത് ഗോദാവരിയുടെ നേതൃത്വത്തില്‍ നടന്ന വര്‍ളി കലാപമാണ്. കൂലിരഹിത തൊഴിലടിമത്തത്തെയും വിവാഹസഹായം നല്‍കി ആജന്മം ഭൂവുടമയുടെ പണിയാളരാക്കുന്നതു പോലുള്ള ലിംഗപദവി ചൂഷണത്തെയും അഖിലേന്ത്യാ കിസാന്‍സഭയുടെ ചെങ്കൊടിച്ചോട്ടില്‍ ആദിവാസികളെ അണിനിരത്തി അവസാനിപ്പിച്ച തീക്ഷ്ണമായ സ്വാതന്ത്ര്യസമര അധ്യായമായിരുന്നു വര്‍ളി കലാപം.

ചെറുകിട കാര്‍ഷികോല്‍പ്പാദനവും വനവിഭവ ശേഖരണവുമെല്ലാമായി സ്വതന്ത്ര ജീവിതം പുലര്‍ത്തിപ്പോന്ന താനെ ജില്ലയിലെ (മഹാരാഷ്ട്ര) ആദിവാസി ബഹുജനങ്ങളുടെ ജീവിതം കീറിപ്പറത്താന്‍ ഇടവരുത്തിയത് ഈ ഭൂപ്രഭു വംശത്തിന് ദല്ലാളായി നിന്നുകൊണ്ട് കൊളോണിയല്‍ ഭരണമായിരുന്നു. 1818ല്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ വനനിയമത്തിന്റെ ഉഗ്രനഖങ്ങളില്‍ ഒരു കുലം തന്നെ മുടിഞ്ഞു തുടങ്ങിയ നാല്‍പ്പതുകളിലായിരുന്നു താനെയില്‍ കിസാന്‍സഭാ പതാകയുമായി ഗോദാവരിയുടെ പടയിറക്കം.

സ്വരാജ്യത്തെയും വിദേശത്തെയും ചൂഷകര്‍ ഒരുമിച്ച നാളുകള്‍ക്ക് ചെങ്കൊടികൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ തീയിടുകയായിരുന്നു 1945 മുതല്‍ 47 വരെ നീണ്ട കലാപത്തില്‍ സഖാവ് ഗോദാവരിയെ മുന്‍നിര്‍ത്തി മറാത്താ പ്രാക്തന ജനത. മധ്യേന്ത്യയെ കൊളോണിയല്‍ നുകത്തില്‍ നിന്ന് ഉയിര്‍ത്തെണീപ്പിച്ച ഐതിഹാസികമായ സ്വാതന്ത്ര്യസമര ഏടായി ചരിത്രത്തിലേക്ക് ആ പ്രക്ഷോഭം എഴുന്നുനിന്നു.

തുടര്‍ന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാകെ വിളങ്ങിനിന്നതാണ് ആ മഹാപ്രസ്ഥാനത്തിന്റെ മായാത്ത സവിശേഷത. സ്വാതന്ത്ര്യശേഷവും രാജ്യമെങ്ങുമുള്ള ‘മനുഷ്യരുടെ ഉണരലുകളെ’, വിശേഷിച്ചും ആദിവാസികളും സ്ത്രീകളുമടങ്ങുന്ന കീഴാള ഉണര്‍വ്വുകളെ അതിന് പ്രചോദിപ്പിക്കാനായി. ജീവിതാന്ത്യം വരെയും, ദേഹം വെടിഞ്ഞ് ഇന്നാള്‍ വരേയ്ക്കും മാര്‍ക്‌സിസം നല്‍കിയ ഉള്‍ത്തെളിച്ചം നെഞ്ചില്‍ സൂക്ഷിച്ചും ഞങ്ങളുള്‍പ്പെട്ട വനിതാപ്രസ്ഥാന പ്രവര്‍ത്തകരെ സമരോന്മുഖരാക്കുന്ന ഓര്‍മ്മയായും ഗോദാവരി പരുലേക്കര്‍ അവരുടെ വിപ്ലവപ്രവൃത്തി തുടരുന്നു.

115 വര്‍ഷം തികയുന്നു ആ ഇതിഹാസജന്മത്തിന്റെ പിറവിക്ക്. ധീരമായ, ദീര്‍ഘദര്‍ശനം നിറഞ്ഞ ആ പോരാട്ടത്തിന്റെ അമൃതത്വം കൂടിയാണ് നാം ഇന്നാഘോഷിക്കുന്ന എഴുപത്തഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ മധുരം.

സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷത്തില്‍ നിന്റെ ഓര്‍മ്മകള്‍ക്ക് കീഴാള ജനകോടികളുടെ ലാല്‍ സലാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here