Arif Mohammad Khan: അഹിംസയും സത്യാഗ്രഹവുമായിരുന്നു സ്വാതന്ത്ര്യത്തിന്റെ ആയുധം: സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

എഴുപത്തി ആറാം സ്വാതന്ത്ര്യദിനവും(Independence Day) സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവും പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan) ആശംസകള്‍ നേര്‍ന്നു. അഹിംസയും(Ahimsa) സത്യാഗ്രഹവുമായിരുന്നു സ്വാതന്ത്ര്യത്തിന്റെ ആയുധമെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്‌നിക്കേണ്ടത് നമ്മുടെ കടമയാണ്. സ്വാതന്ത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ നമുക്ക് ആദരത്തോടെ ഓര്‍ക്കാം. ഭാരതീയര്‍ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂര്‍ണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ എന്നും ഗവര്‍ണര്‍ ആശംസിച്ചു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം;വിപുലമായ ആഘോഷത്തിനൊരുങ്ങി കേരളം

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നാടെങ്ങും വിപുലമായ അഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നാളെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമാവും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) ദേശീയ പതാക ഉയര്‍ത്തും.

നാളെ രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നതോടെ സംസ്ഥാനതല സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശവും തുടര്‍ന്ന് പോലീസ് മെഡലുകളുടെ വിതരണവും നടക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ രാജ് ഭവനില്‍ പതാക ഉയര്‍ത്തും.. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. ആഘോഷങ്ങള്‍ പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പാര്‍ടി ഓഫീസുകളിലും സ്ഥാപനങ്ങളിലും നാളെ പതാക ഉയര്‍ത്തും ചടങ്ങില്‍ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് പാര്‍ടി പ്രവര്‍ത്തകര്‍ പ്രതിജ്ഞ എടുക്കും. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ രാവിലെ 9 മണിക്ക് സി പിഐഎം മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍പിള്ള പതാക ഉയര്‍ത്തും.പരിപാടിയില്‍ മുഴുവന്‍ ബഹുജനങ്ങളും പങ്കെടുക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here