
ഇന്ത്യ വീണ്ടും ഒരു സ്വാതന്ത്ര്യ ദിന ആഘോഷത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. അതെ, രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ‘വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മള്‍ വിധിയുമായി പോരാടി വിജയിച്ചു. ഇപ്പോള്‍ നമ്മുടെ പ്രതിജ്ഞ വീണ്ടെടുക്കാനുള്ള സമയമായിരിക്കുന്നു. അര്‍ദ്ധരാത്രിയില്‍, ലോകം ഉറങ്ങുമ്പോള്‍, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നെഴുന്നേറ്റു.
‘1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രിയില്‍ നെഹ്‌റു ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ ചരിത്രപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളായിരുന്നു ഇവ. നാനാത്വത്തിലും ഏകത്വം നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടെത്. ‘ഇന്ത്യ’ എന്ന ആശയത്തെ വിഭജിക്കാന്‍ ഒന്നിനെയും അനുവദിക്കില്ല എന്ന് പ്രതിജ്ഞയാണ് ഈ ദിവസം നമ്മളെടുക്കേണ്ടത്. ഈ ദിവസത്തില്‍ നമ്മള്‍ തീര്‍ച്ചയായും ഓര്‍മിക്കപ്പെടേണ്ട ഒരാളുണ്ട്.
സ്വാതന്ത്ര്യ സമരത്തില്‍ മലബാറിലെ സകല വിഭാഗക്കാരെയും ഒന്നിച്ചു ചേര്‍ത്ത് പോരാടിയ ദേശസ്നേഹി…. കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് പോരാളി…. ഒറ്റപ്പേര്…. അതെ … മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്. ചരിത്രം വസ്തുതകള്‍ സത്യസന്ധമായി അടയാളപ്പെടുത്തുന്നതിനാലാണ് ഇന്നും സാഹിബ് മലയാളികളുടെ മനസില്‍ ജീവനോടെ തെളിഞ്ഞു നില്‍ക്കുന്നത്.
ആദര്‍ശ ധീരനും കേരളത്തിന്റെ മണ്ണില്‍ വളരെ കുറച്ചുകാലം മാത്രം ജീവിച്ച ധീര സേനാനിയുമായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് നവോത്ഥാന നായകനാകുന്നത് അദ്ദേഹത്തിന്റെ ത്യാഗോജ്വലമായ കര്‍മങ്ങള്‍ വിലയിരുത്തുമ്പോഴാണ്. ന്യൂനപക്ഷ തീവ്രവാദ മതരാഷ്ട്ര വാദികള്‍ക്ക് കണ്ണിലെ കരടായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് വിമോചന പോരാട്ടത്തിന്റെ ഭാഗമായി 48 വര്‍ഷക്കാലത്തെ തന്റെ ജീവിതത്തില്‍ 9 വര്‍ഷവും അദ്ദേഹം ജയിലില്‍ ആയിരുന്നു.
കോഴിക്കോട് മുക്കത്ത് 1945 നവംബര്‍ 23ന് നടത്തിയ തന്റെ അവസാന പ്രസംഗത്തിന്റെ പൊരുള്‍ മുസ്ലിം മതവിശ്വാസികള്‍ ഹിന്ദു സഹോദരന്മാരുമായി തോളോട് തോള്‍ ചേര്‍ന്ന് ബ്രിട്ടീഷ് കോളനി ശക്തിക്കെതിരെ പോരാടണമെന്നായിരുന്നു. കൊടുങ്ങല്ലൂരിലെ സമ്പന്ന മുസ്ലിം തറവാട്ടില്‍ 1898 ല്‍ ജനിച്ച്, അലീഗഢ് സര്‍വകലാശാലയില്‍നിന്നും ബിരുദം നേടിയ അബ്ദുറഹ്മാന്‍ ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നിരയിലെത്തുന്നത് 1921 ലെ നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന് ശേഷമാണ്.
ഖിലാഫത്ത് പ്രസ്ഥാനത്തിലും മലബാര്‍ കലാപത്തിലും ഉപ്പു സത്യഗ്രഹത്തിലും വെള്ളക്കാരോടേറ്റുമുട്ടി നിരവധി തവണ ജയില്‍ വാസമനുഭവിച്ചു. അലീഗഢ് സര്‍വ്വകലാശാലക്ക് അതുവരെയുണ്ടായിരുന്ന സങ്കുചിത മുസ്ലിം മുഖഛായ മാറ്റിയെടുക്കാന്‍ ഒരു ദേശീയ വാദിയായ അബ്ദുറഹിമാന്‍ സാഹിബിനു കഴിഞ്ഞു. മഹാകവികളായ ആശാനും വള്ളത്തോളും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും കേരളസിംഹം എന്ന് അറിയപ്പെട്ട മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ വര്‍ണിച്ചു കവിതകള്‍ എഴുതിയത് ആ കാലഘട്ടത്തില്‍ അദ്ദേഹം എത്ര മാത്രം ജനകീയനായിരുന്നു എന്നതിന്റെ ചരിത്ര ശേഷിപ്പ് കൂടിയാണ്. എസ്.കെ. പൊറ്റെക്കാട്ട്, പി.പി.
ഉമ്മര്‍കോയ, എന്‍.പി. മുഹമ്മദ്, കെ.എ. കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ അദ്ദേഹത്തിന്റെ അപൂര്‍വമായ ജീവചരിത്ര ഗ്രന്ഥത്തില്‍ പറയുന്നത് ഏറനാട്ടില്‍ മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ മുഹമ്മദ് അബ്ദുറഹിമാന്‍ വിങ്ങിപ്പൊട്ടിയെന്നാണ്. ആ വാചകത്തിലൂടെ തന്നെ രാജ്യത്തോടുള്ള ആ പോരാളിയുടെ വികാരം നമുക്ക് തൊട്ടറിയാന്‍ സാധിക്കും.
ഇന്ത്യയുടെ മോചനത്തിന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മാര്‍ഗം സ്വീകരിക്കണമെന്ന ചിന്തയാണ് അബ്ദുറഹിമാന്‍ സാഹിബിനെ ഏറെ ആകര്‍ഷിച്ചത്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസിലെ ഇടതുപക്ഷവുമായി അബ്ദുറഹിമാന്‍ അടുത്തതും അദ്ദേഹത്തിന്റ ജീവിതത്തിന്റെ ഒരു നാഴികക്കല്ലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here