Kerala Sports: കായിക വികസനത്തിന് കേരള-നെതര്‍ലാന്‍ഡ്സ് സഹകരണം

സംസ്ഥാനത്തിന്റെ കായിക വികസനത്തിനായി(Kerala Sports) നെതര്‍ലാന്‍ഡ്സ്(Netherlands) സര്‍ക്കാറുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് തുടക്കമാകുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഫുട്ബോള്‍, ഹോക്കി പരിശീലകര്‍ക്കുവേണ്ടിയുള്ള ആറു ദിവസത്തെ പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. നെതര്‍ലാന്‍ഡ്സിലെ ബോവ്ലാന്‍ഡര്‍ ഫൗണ്ടേഷനുമായും റോയല്‍ നെതര്‍ലാന്‍ഡ്സ് ഫുട്ബോള്‍ അസോസിയേഷനുമായും സഹകരിച്ചാണ് പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ക്യാംപില്‍ സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് സ്‌കൂളുകളില്‍ ജോലിചെയ്യുന്ന കായിക പരിശീലകര്‍ക്കും സ്പോര്‍ട്സ് കൗണ്‍സിലിനു കീഴിലെ പരിശീലകര്‍ക്കും കേരള ഫുട്‌ബോള്‍, ഹോക്കി അസോസിയേഷനുകളിലെ പരിശീലകര്‍ക്കുമാണ് വിദഗ്ധ പരിശീലനം നല്‍കുക. ബോവ്ലാന്‍ഡര്‍ ഫൗണ്ടേഷനിലെയും റോയല്‍ നെതര്‍ലാന്‍ഡ്സ് ഫുട്ബോള്‍ അസോസിയേഷനിലേയും പരിശീലകരാണ് ക്യാംപിനു നേതൃത്വം നല്‍കുന്നത്. മുന്‍ നെതര്‍ലാന്‍ഡ്സ് ഹോക്കിതാരവും ഹോക്കി ലോക കിരീട ജേതാവുമായ ഫ്ളോറിസ് ബോവ്ലാന്‍ഡര്‍ അടക്കമുള്ളവരാണ് പരിശീലകരായി എത്തുന്നത്.

കേരളത്തില്‍ നിന്നുള്ള 25 ഫുട്ബോള്‍ പരിശീലകരും 25 ഹോക്കി പരിശീലകരുമാണ് ക്യാംപില്‍ പങ്കെടുക്കുക. ആറു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന ക്യാംപിന്റെ ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 16 ചൊവ്വ) രാവിലെ 10.30ന് മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ അധ്യക്ഷനാകും. ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു, നെതര്‍ലാന്‍ഡ്സ് കോണ്‍സല്‍ ജനറല്‍ ഇവൗട്ട് ഡെ വിറ്റ്, ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഹെയ്ന്‍ ലെഗ്വീന്‍, ചീഫ് സെക്രട്ടറി വി.പി. ജോയ് ഐഎഎസ്, നെതര്‍ലാന്‍ഡ്സിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്സി കുട്ടന്‍, സായ് റീജിണല്‍ ഡയറക്ടര്‍ ഡോ ജി. കിഷോര്‍, കായിക യുവജനകാര്യ ഡയറക്ടര്‍ പ്രേം കൃഷ്ണന്‍ ഐഎഎസ്, അഡീഷണല്‍ ഡയറക്ടര്‍ സീന.എ.എന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സ്പോര്‍ട്സ് സയന്‍സിന്റെയും പുതിയ സാങ്കേതിക വിദ്യകളുടെയും മേഖലയിലെ സഹകരണവും, മൂന്നാം ഘട്ടത്തില്‍ പരിശീലകര്‍ക്കും കായിക താരങ്ങള്‍ക്കുമായി കേരള-നെതര്‍ലാന്‍ഡ്സ് എക്സ്ചേഞ്ച് പ്രോഗ്രാമുമാണ് തീരുമാനിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News