Delhi: ദില്ലി തെരുവിലുണ്ട്, പതാക വിറ്റ് വിശപ്പടക്കുന്ന ചിലര്‍

സ്വാതന്ത്ര്യത്തിന്റെ അമൃത വര്‍ഷത്തില്‍ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(Narendra Modi) അഹ്വാനം. സ്വന്തമായി വീടില്ലാത്തവര്‍ക്ക് ആ പതാക വിശപ്പടക്കാനുള്ള വഴി കൂടിയാണ്. ദില്ലി തെരുവില്‍ അങ്ങനെ ചിലരെ കാണാം.

ദില്ലിയിലെ(Delhi) മോത്തി ബാഗ് റെഡ് ലൈറ്റില്‍ വാഹനങ്ങള്‍ നിര്‍ത്തുമ്പോള്‍ രാധയും കുട്ടികളും പതാകയുമായി ഇറങ്ങും. ഒരു പതാക വിറ്റാല്‍ പത്ത് രൂപ ലാഭം. അങ്ങനെ സ്വാതന്ത്ര്യ ദിനം ഈ തെരുവിന്റെ മക്കള്‍ക്ക് താല്‍ക്കാലികമായെങ്കിലും ഉത്സവകാലമാണ്.

സ്വന്തമായി വീടോ, ഉപജീവനമോ ഇല്ലാത്തതിനാല്‍ രാജസ്ഥാനിലെ ഗ്രാമങ്ങളില്‍ നിന്നെത്തി ദില്ലിയുടെ തെരുവില്‍ ജീവിക്കുന്നവരാണ്. ചുവന്ന വെളിച്ചത്തിന് മുന്നില്‍ വാഹനങ്ങള്‍ നിറുത്തുമ്പോള്‍ ആരെങ്കിലും നല്‍കുന്ന നാണയ തുട്ടികളിലാണ് ജീവിതം. പൂക്കള്‍ വില്‍ക്കാറാണ് പതിവ്, സ്വാതന്ത്ര്യ ദിനമായപ്പോള്‍ അത് പതാകയായി. ഹര്‍ഗര്‍ തിരംഗയും അമൃത മഹോത്സവവുമൊക്കെയായി രാജ്യം ആഘോഷ ലഹരിയില്‍ മുങ്ങുമ്പോള്‍ മഴയത്തും വെയിലത്തും ഇവരിതുപോലെ നടക്കും. സ്വന്തം വീടുകളില്‍ പതാക ഉയരത്താനുള്ള പ്രധാനമന്ത്രിയുടെ അഹ്വാനം നിറവേറ്റാന്‍ ഇവര്‍ക്ക് നിര്‍വ്വാഹമില്ല.

ഭരണസിരാകേന്ദ്രമായ ദില്ലി തെരുവുകളില്‍ ഇതുപോലെ ഒരുപാട് മുഖങ്ങളുണ്ട്. അടുത്ത സ്വാതന്ത്ര്യ ദിനത്തിലെങ്കിലും ഇവര്‍ക്കും സ്വന്തം വീടുകളില്‍ പതാക ഉയര്‍ത്താന്‍ സാധിക്കട്ടെ. ഇവരെ കൂടി ചേര്‍ത്തുപിടിക്കാതെ ഒരു സാമ്രാജ്യവും കെട്ടിപൊക്കാനാകില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News