Indian Independence: വരിക വരിക സഹജരേ….

സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്(Independence struggle) ഓര്‍ക്കുമ്പോള്‍ വരിക വരിക സഹജരേ(Varika varika sahajare..) എന്നു തുടങ്ങുന്ന ഗാനം ഓര്‍ക്കാതിരിക്കില്ല ആരും.സ്വാതന്ത്ര്യ സമരകാലത്ത് കേരള ജനത ആവേശപൂര്‍വ്വം പാടിനടന്ന ദേശഭക്തിഗാനമാണ് ഇത്. ഈ ഗാനം രചിച്ച ആളാണ് അംശി നാരായണപ്പിള്ള. കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അദ്ദേഹം. കോഴിക്കോട് വടകരയില്‍ നിന്നും പയ്യന്നൂര്‍ വരെ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി ഈ ഗാനം രചിച്ചത്.പടയാളിയുടെ പടപ്പാട്ടുകാരനായ അംശി ‘വരിക വരിക സഹജരേ…’എഴുതിയപ്പോള്‍ കേരളം അതേറ്റുപാടി. സ്വാതന്ത്ര്യസമരം കൊടുംപിരി കൊണ്ട കാലത്ത് കേരള ജനത ആവേശപൂര്‍വം പാടിനടന്ന ‘വരിക വരിക സഹജരേ’ എന്ന മാര്‍ച്ചിങ് സോങ്ങിലൂടെ അംശി നാരായണ പിള്ള ഒരു തീജ്വാലയായി മാറി.

1930-ല്‍ കോഴിക്കോട് നടന്ന ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ പൊന്നറ ശ്രീധര്‍, എന്‍.സി. ശേഖര്‍, അംശി നാരായണപിള്ള എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട 25 അംഗ ജാഥ ‘വരിക വരിക സഹജരേ’ വഴിനീളെ പാടി സ്വാതന്ത്ര്യം കാംക്ഷിക്കുന്ന ജനങ്ങളില്‍ ആവേശമുണര്‍ത്തി. എന്നാല്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ സര്‍ക്കാരുകള്‍ ഈ ഗാനം നിരോധിക്കുകയാണുണ്ടായത്. ‘പടയാളിയുടെ പാട്ടുകള്‍’ എന്ന കൃതിയില്‍ ഈ ഗാനമുണ്ട്. എ.കെ.പിള്ളയുടെ സ്വരാജ് വാരികയില്‍ സഹപത്രാധിപരായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്തുനിന്ന് 1924ല്‍ ‘മഹാത്മാ’ എന്ന വാര്‍ത്താവാരിക അദ്ദേഹം തുടങ്ങിയത് ഗാന്ധിയന്‍ ആദര്‍ശം പ്രചരിപ്പിക്കുന്നതിനായാണ്. ഇത് മലയാളത്തിലെ ആദ്യത്തെ കാലണപത്രമായിരുന്നു.പിന്നീട് പി.കേശവദേവുമായി ചേര്‍ന്ന് തൃശ്ശൂരില്‍നിന്ന് ‘മഹാത്മാ’ ദിനപത്രമായി പ്രസിദ്ധീകരിച്ചു. ഗുരുവായൂര്‍ സത്യാഗ്രഹത്തിനു മഹാത്മാ വാര്‍ത്താവാരിക ശക്തമായ പിന്തുണ നല്‍കിയിരുന്നു. അംശിയുടെ ആദ്യകാല കവിതകള്‍ മഹാത്മയിലായിരുന്നു പ്രസിദ്ധീകരിച്ചത്.

സ്വാതന്ത്ര്യവാഞ്ഛ തുടിക്കുന്ന വരികളായിരുന്നു അംശിയുടേത്. മഹാത്മാഗാന്ധിയെ ശ്രീരാമനായും ഭാരതത്തെ സീതയായും ബ്രിട്ടീഷുകാരനെ രാവണനായും ചിത്രീകരിക്കുന്ന ഗാന്ധിരാമായണം, രണ്ടാം ഭാരതയുദ്ധം, ഭഗത്സിങ്, ജാലിയന്‍വാലാബാഗ് എന്നീ കവിതകള്‍ മദ്രാസ് സര്‍ക്കാര്‍ നിരോധിച്ചു. നിരോധനലംഘനം മൂലം അംശിക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആറരമാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിനും വിപ്ലവഗാനരചനയ്ക്കും തൃശ്ശൂര്‍ മജിസ്‌ട്രേറ്റ് കോടതി അംശിയെ വിചാരണ ചെയ്തിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ അനുസ്മരിച്ചിരുന്നു. അംശി മരിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍ ഇങ്ങനെയെഴുതുകയുണ്ടായി. ‘തൃശ്ശൂരില്‍ കേശവദേവുമൊത്ത് മഹാത്മാ പത്രം നടത്തിയിരുന്ന അംശിയെ ഓര്‍മയുണ്ട്. അദ്ദേഹം ഇത്രകാലം ജീവിച്ചിരുന്നുവെന്നത് മരണവാര്‍ത്ത കേട്ടപ്പോഴാണ് തിരിച്ചറിഞ്ഞത്. രാഷ്ട്രീയത്തിലും സാഹിത്യത്തിലും അംശി അരികുവത്കരിക്കപ്പെട്ടിരുന്നു’.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here