Independence: ഭരണഘടനാ സ്വാതന്ത്ര്യത്തിലേക്ക് ഇനി എത്ര നാള്‍?

2022ല്‍ 75-ാം സ്വാതന്ത്ര്യദിനം(Independence Day) ആഘോഷിക്കാനൊരുങ്ങുമ്പോള്‍ ത്രിവര്‍ണ ശോഭയില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് ഇന്ത്യ(India). സ്വന്തം ജീവന്‍ പോലും നഷ്ടപ്പെടുത്തി ഒരു കൂട്ടം മഹാന്മാര്‍ നമുക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിത്തന്നു. ആ ദിനത്തിന്റെ ഓര്‍മ നാം ഇന്നും ആഘോഷിക്കുന്നു. എന്നാല്‍, ഓരോ സ്വാതന്ത്ര്യ ദിനാഘോഷ വേളയിലും നമ്മള്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. യഥാര്‍ത്ഥത്തില്‍, നാം സ്വതന്ത്രരാണോ?

പാശ്ചാത്യ ശക്തികളില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചെങ്കിലും നാം ഇപ്പോഴും ഒരു അദൃശ്യമായ അഴിയ്ക്കുള്ളിലാണ്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയാത്ത, കിരാതനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന, ജനാധിപത്യം നോക്കുകുത്തിയാവുന്ന അഴിയ്ക്കുള്ളില്‍. കൊളോണിയിസത്തില്‍ നിന്ന് മോചനം ലഭിച്ചുവെന്നതൊഴിച്ചാല്‍ നാം ഇപ്പോഴും സമൂഹത്തിലെ വിഭജനങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും മോചനം നേടിയിട്ടില്ല. ജാതീയതയും മതഭ്രാന്തുമെല്ലാം വിവിധ രൂപത്തില്‍ ഇന്ത്യയെ ഇപ്പോഴും വേട്ടയാടുന്നുണ്ട്.

സ്വാതന്ത്ര്യം ലഭിച്ച വേളയില്‍ ബാപ്പു പറഞ്ഞത് പാവങ്ങളില്‍ പാവപ്പെട്ടവരുടെ സ്വാതന്ത്ര്യം ആണ് നാം വിഭാവനം ചെയ്യുന്നത് എന്നായിരുന്നു. നിര്‍ഭാഗ്യവശാല്‍, 75 വര്‍ഷങ്ങള്‍ക്കിപ്പുറവും അത് യഥാര്‍ഥ്യമാക്കാന്‍ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് സാധിച്ചിട്ടില്ല. ഓരോ സ്വാതന്ത്ര്യദിനം പിന്നിടുമ്പോഴും വിവേചനവും വേര്‍തിരിവും വര്‍ധിയ്ക്കുകയാണ്. ഏറെ ആശങ്കയുണര്‍ത്തുന്ന കാര്യമാണിതും.

സ്വാതന്ത്ര്യങ്ങളെല്ലാം നിഷേധിക്കപ്പെടുന്ന ഒരു രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യവും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവുമെല്ലാം ഇവിടെ ഹനിക്കപ്പെടുകയാണ്. രാജ്യത്ത് പൗരന്റെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വ്യക്തമാക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. എന്നാല്‍, ഭരണഘടന പൗരന്മാര്‍ക്ക് എന്തെല്ലാം സ്വാതന്ത്ര്യങ്ങള്‍ നല്‍കുന്നുണ്ടോ അതെല്ലാം റദ്ദ് ചെയ്യുകയാണ് ഭരണകൂടം. വ്യക്തിസ്വാതന്ത്ര്യം അത്രയധികം നിഷേധിക്കപ്പെടുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് പറയാം.

ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന സ്വാതന്ത്ര്യങ്ങളെല്ലാം സമൂഹത്തിലെ ഏറ്റവും അടിസ്ഥാന ജനവിഭാഗത്തിന് ലഭ്യമായാല്‍ മാത്രമേ രാജ്യം സ്വതന്ത്രമായി എന്ന് പൂര്‍ണമായി പറയാന്‍ കഴിയൂ. വ്യക്തിപരമായ അവകാശങ്ങളെക്കുറിച്ച് ആകുലപ്പെടുന്നതിനപ്പുറം സമൂഹത്തിന്റെ പ്രശ്നങ്ങളിലേക്ക് കൂടെ നമ്മുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. അതിനാല്‍, നിരന്തരം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയര്‍ന്നേ തീരൂ. നമുക്ക് വേണ്ടത് ഭരണാഘടനാ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ളത് ധരിയ്ക്കാനും കഴിയ്ക്കാനും പ്രകടിപ്പിയ്ക്കാനുമുള്ള സ്വാതന്ത്ര്യം. അത്തരമൊരു നല്ല നാളേയ്ക്കായി നമുക്ക് കാത്തിരിയ്ക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here