independence day : സ്വാതന്ത്ര്യച്ചിറകില്‍; നാടെങ്ങും വിപുലമായ ആഘോഷ പരിപാടികളുമായി സംസ്ഥാനം


സ്വാതന്ത്ര്യത്തിന്റെ (independence day ) എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നാടെങ്ങും വിപുലമായ ആഘോഷ പരിപാടികളുമായി സംസ്ഥാനം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദേശികാധിപത്യത്തിനെതിരെ പൊരുതിയ ധീരസ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കാമെന്നും ജനാധിപത്യം കരുത്തുറ്റതാകാന്‍ ഒറ്റക്കെട്ടായി അണിചേരാമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നതോടെ സംസ്ഥാനതല സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും.  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ രാജ് ഭവനില്‍ പതാക ഉയര്‍ത്തും.

വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പാര്‍ടി ഓഫീസുകളിലും സ്ഥാപനങ്ങളിലും  പതാക ഉയര്‍ത്തും.

ചടങ്ങില്‍ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് പാര്‍ടി പ്രവര്‍ത്തകര്‍ പ്രതിജ്ഞ എടുക്കും. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ രാവിലെ 9 മണിക്ക് സി പിഐഎം മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍പിള്ള പതാക ഉയര്‍ത്തും.

പകൽ 3.30ന്‌ അയ്യൻകാളി ഹാളിൽ നവോത്ഥാന സമിതി സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

എൽഡിഎഫ്‌ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും സ്വാതന്ത്ര്യദിനാഘോഷ പ്രഭാഷണവും സംഘടിപ്പിക്കും. തിങ്കൾ രാവിലെ 10ന്‌ കിഴക്കേകോട്ട നായനാർ പാർക്കിൽ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. സ്വാതന്ത്ര്യദിന ചടങ്ങുകളിൽ കോവിഡ്‌ മാനദണ്ഡങ്ങളും ഹരിത മാനദണ്ഡവും പാലിക്കണമെന്ന്‌ സർക്കാർ നിർദേശമുണ്ട്‌.

ഇന്ത്യ വീണ്ടും ഒരു സ്വാതന്ത്ര്യ ദിന ആഘോഷത്തിലേക്ക് കാലെടുത്തുവച്ചു അതെ, രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ‘വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മള്‍ വിധിയുമായി പോരാടി വിജയിച്ചു. ഇപ്പോള്‍ നമ്മുടെ പ്രതിജ്ഞ വീണ്ടെടുക്കാനുള്ള സമയമായിരിക്കുന്നു. അര്‍ദ്ധരാത്രിയില്‍, ലോകം ഉറങ്ങുമ്പോള്‍, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നെഴുന്നേറ്റു.

‘1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രിയില്‍ നെഹ്‌റു ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ ചരിത്രപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളായിരുന്നു ഇവ. നാനാത്വത്തിലും ഏകത്വം നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടെത്. ‘ഇന്ത്യ’ എന്ന ആശയത്തെ വിഭജിക്കാന്‍ ഒന്നിനെയും അനുവദിക്കില്ല എന്ന് പ്രതിജ്ഞയാണ് ഈ ദിവസം നമ്മളെടുക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here