independence day: സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നക്ഷത്രം… മുസഫര്‍ അഹമ്മദ്

ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലുമായി ഇരുപത് വര്‍ഷത്തിലേറെക്കാലം സ. മുസഫര്‍ അഹമ്മദ് ജയിലില്‍ കഴിഞ്ഞു; കടുത്ത കഷ്ടപ്പാടുകള്‍ സഹിച്ച് എട്ട് വര്‍ഷം ഒളിവില്‍ കഴിഞ്ഞു. ആദ്യം തടവറയില്‍ അടയ്ക്കപ്പെട്ടത് 1818ലെ മൂന്നാം റെഗുലേഷന്‍ നിയമപ്രകാരമായിരുന്നു; അതിന്റെ തുടര്‍ച്ചയായി കാണ്‍പുര്‍ ഗൂഢാലോചന കേസിലും ജയില്‍വാസം അനുഭവിച്ചു.

1927 മേയില്‍ ബോംബെയില്‍ ചേര്‍ന്ന കമ്യൂണിസ്റ്റുകാരുടെ യോഗത്തില്‍ മുസഫര്‍ അഹമ്മദ് പങ്കെടുത്തു; എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1927 മാര്‍ച്ചില്‍ കാണ്‍പുരില്‍ ചേര്‍ന്ന അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ (എഐടിയുസി) സമ്മേളനത്തിലും പങ്കെടുത്തു. എഐടിയുസിയുടെ തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റായിരുന്നു. ബംഗാള്‍ വര്‍ക്കേഴ്‌സ് ആന്‍ഡ് പെസന്റ്‌സ് പാര്‍ടിയുടെ മൂന്നാമത് സമ്മേളനം (1928) അദ്ദേഹത്തെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1929 ജനുവരിയില്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ആറാം കോണ്‍ഗ്രസിന്റെ പ്രമേയങ്ങളെയും തീരുമാനങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് കല്‍ക്കത്തയില്‍ കമ്യൂണിസ്റ്റുകാരുടെ രഹസ്യയോഗം ചേര്‍ന്നു. ഈ യോഗത്തിന് മുന്‍കൈയെടുത്തവരില്‍ ഒരാള്‍ മുസഫര്‍ അഹമ്മദായിരുന്നു.

മീററ്റ് ഗൂഢാലോചനകേസിലെ പ്രധാന കുറ്റാരോപിതരില്‍ ഒരാള്‍ മുസഫര്‍ അഹമ്മദായിരുന്നു. യുപിയിലെ നൈനി സെന്‍ട്രല്‍ ജയിലിലായിരുന്നു അദ്ദേഹം ജയില്‍വാസം അനുഭവിച്ചത്; പിന്നീട് ഡാര്‍ജിലിങ്ങിലെയും ബര്‍ദ്വാനിലെയും ഫരീദ്പുരിലെയും ജയിലുകളില്‍ ഏകാന്ത തടവിലടച്ചു. ജയില്‍മോചനത്തിനുശേഷം കിസാന്‍സഭ കെട്ടിപ്പടുക്കുന്നതിന് പ്രത്യേക ശ്രദ്ധചെലുത്തി. അഖിലേന്ത്യാ കിസാന്‍സഭ (എഐകെഎസ്) കെട്ടിപ്പടുക്കുന്നതിന് മുന്‍കൈയടുത്തു. എഐകെഎസിന്റെ ആദ്യ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.1937ല്‍ രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനും ആന്തമാനില്‍ തടവിലടയ്ക്കപ്പെട്ടിരുന്ന ദേശീയവിപ്ലവകാരികളെ മടക്കിക്കൊണ്ടുവരുന്നതിനുമുള്ള പ്രസ്ഥാനത്തില്‍ മുസഫര്‍ പങ്കെടുത്തു. 1937 മുതല്‍ 1943 വരെ രാജ്യത്തുടനീളം പാര്‍ടി കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനത്തില്‍ മുഴുകി.

സ്വാതന്ത്ര്യാനന്തരം 1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടി നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു; ഡിഫെന്‍സ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം മുസഫര്‍ അഹമ്മദിനെ അറസ്റ്റ് ചെയ്തു. ആറുമാസത്തിനുശേഷം മോചിപ്പിച്ചു. ജയിലില്‍നിന്ന് മോചിപ്പിച്ചതിനു തൊട്ടുപിന്നാലെ കരുതല്‍ തടങ്കല്‍ നിയമപ്രകാരം വീണ്ടും അറസ്റ്റ് ചെയ്തു. അലിപ്പുര്‍ ജയിലില്‍നിന്ന് മോചിപ്പിച്ചതിനെത്തുടര്‍ന്ന് കല്‍ക്കത്തയില്‍നിന്ന് പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കി. പിന്നീട് നവദ്വീപിലെ പട്ടണത്തില്‍ താമസമാക്കുകയും അവിടെനിന്ന് ഒളിവില്‍ പോകുകയും ചെയ്തു. 1940ല്‍, പാര്‍ടിയുടെ ഒളിവിലുള്ള ഓഫീസില്‍ പ്രവര്‍ത്തിക്കവെയാണ് തന്റെ മരുമക്കളെന്ന് വിളിക്കാറുണ്ടായിരുന്ന സഖാക്കള്‍ അദ്ദേഹത്തെ കാക്കാ ബാബു എന്ന് വിളിക്കാനാരംഭിച്ചത്. പാര്‍ടി വൃത്തങ്ങളിലും പുറത്തും സ്‌നേഹാദരങ്ങളോടെ കാക്കാ ബാബുവെന്നാണ് വിളിച്ചിരുന്നത്.ജയിലിലായിരുന്നതിനാല്‍ 1964ലെ കല്‍ക്കത്ത കോണ്‍ഗ്രസിലും രോഗം ബാധിച്ചതിനാല്‍ മധുര കോണ്‍ഗ്രസിലും (1972) ഒഴികെ തുടക്കം മുതലുള്ള എല്ലാ പാര്‍ടി കോണ്‍ഗ്രസുകളിലും മുസഫര്‍ അഹമ്മദ് പങ്കെടുത്തിരുന്നു. മീററ്റ് ഗൂഢാലോചന കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നപ്പോഴും 1933ല്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്നുള്ള എല്ലാ പാര്‍ടി കോണ്‍ഗ്രസുകളിലും 1948ലേതൊഴികെ, കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുകയുണ്ടായി. മരണംവരെ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായി തുടര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News