അതെന്താ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വാതന്ത്ര്യദിനം ആഘോഷിച്ചുകൂടെ?

പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്താ കാര്യം എന്ന മട്ടിലാണ് ചില ചോദ്യങ്ങള്‍.
സ്വാതന്ത്ര്യ ദിനത്തിലെന്താ കമ്മ്യൂണിസ്റ്റുകള്‍ക്ക് കാര്യം?
ഒറ്റുകാരല്ലേ കമ്മ്യൂണിസ്റ്റുകള്‍ ? കരിദിനമായി ആഘോഷിച്ചവല്ലേ? കഴിഞ്ഞ വര്‍ഷമല്ലേ സ്വാതന്ത്ര്യം കിട്ടിയിട്ട് ആദ്യമായി പാര്‍ട്ടി ഓഫീസില്‍ പതാക ഉയര്‍ത്തിയത് ? പിന്നെ കൂട്ടത്തില്‍ കമ്പ്യൂട്ടറിനെ എതിര്‍ത്തവരല്ലേ? ടി.വി.യെ വിഢി പെട്ടി എന്ന് വിളിച്ചവരല്ലേ എന്ന ക്ലിഷേ മണ്ടത്തരങ്ങളും?
ഇതിലും വലിയ തമാശ ഇതൊക്കെ പറയുന്നവരില്‍ ദേശീയ കോണ്‍ഗ്രസ്സുമായി ഒരു ബന്ധവുമില്ലാത്ത ഇന്നത്തെ ഇന്ദിരാ കോണ്‍ഗ്രസ്സുകാര്‍ മുതല്‍, സ്വാതന്ത്യ സമരത്തിനിടയില്‍ ഒരു പഴത്തൊലിയില്‍ ചവിട്ടി തെന്നി വീണ് പോലും സ്വാതന്ത്യ സമരത്തില്‍ പങ്കില്ലാത്ത സംഘപരിവാര്‍ വരെ നീളുന്നതാണ് ആ ലിസ്റ്റ് എന്നതാണ്.

ഇന്ത്യക്ക് സ്വാതന്ത്യം കിട്ടി എഴുപത്തഞ്ചാമത് വര്‍ഷത്തിലും കമ്മ്യൂണിസ്റ്റുകാര്‍ കേള്‍ക്കുന്ന ആരോപണത്തിന് കണക്കില്ല.
എന്നാല്‍ വസ്തുതകള്‍ സംസാരിക്കട്ടെ… ചരിത്രം വര്‍ത്തമാനം പറയട്ടെ….. കല്ലുവെച്ചനുണകളാല്‍ തിരുത്താവുന്നതല്ല ചരിത്രം… സത്യാനന്തര കാലത്തും ചരിത്രത്തിന് ഒറ്റ ചരിത്രമേയുള്ളൂ. വര്‍ഗ സമരത്തിന്റേത്. അസ്വതന്ത്രരും സ്വാതന്ത്ര്യം നിഷേധിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടല്‍.

വാസ്തവത്തിലേക്ക്

ചിത്രം 1-

‘ നൂറ്റാണ്ടുകളായി ബ്രീട്ടീഷ് ജാക്ക് ( പതാക) പറന്നിരുന്നിടങ്ങളിലെല്ലാം ആഗസ്റ്റ് 15 ന് ഇന്ത്യയുടെ ദേശീയ പതാക പാറിപ്പറക്കും. വൈസ്രോയി സ്ഥാനമൊഴിയും, പുതിയ താല്‍ക്കാലിക ഗവണമന്റ് അധികാമേല്‍ക്കും. ഇന്ത്യന്‍ യൂണിയന്‍ പിറവി എടുക്കും. ഇന്ത്യയുടെ ചരിത്ര പ്രധാന ദിവസമാകും അത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ദേശീയ ആഹ്ലാദത്തിന്റേതായ ആ ദിനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും അതില്‍ അണി ചേരും.’

1947 ലെ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഇറക്കിയ പ്രസ്താവനയാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സങ്കല്‍പ്പത്തെ പാര്‍ട്ടി അത്രയധികം ആവേശത്തിലാണ് വരവേറ്റതെന്നതിന് തെളിവുകള്‍ കൂടുതല്‍ വേണമെന്നില്ല. രാജ്യമെമ്പാടും പാര്‍ട്ടി സ്വാതന്ത്യ ദിന ആഘോഷങ്ങള്‍ സംഘടിപ്പിച്ചു . സ്വാതന്ത്യ ദിനാഘോഷത്തില്‍ അണി ചേരാന്‍ മുഴുവന്‍ പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്തു. കേരളത്തിലും വലിയ ആഘോഷങ്ങള്‍ പാര്‍ട്ടി ഏറ്റെടുത്തു.


ചിത്രം 2,3,4,5

1947 ഓഗ്സ്റ്റ് 12 വരെ ദേശാഭിമാനിക്ക് നിരോധനം ആയിരുന്നു. നിരോധനം നീങ്ങി 13 ന് ആണ് പത്രം പുനപ്രസിദ്ധീകരിക്കുന്നത്. അന്ന് മുതല്‍ സ്വാതന്ത്യ ദിനാഘോഷവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ചു.
വാര്‍ത്തയില്‍ പാര്‍ട്ടി സെക്രട്ടറിയുടെ അറിയിപ്പ് ഉണ്ട്, ഓഗസ്റ്റ് 15, കോഴിക്കോട്ടെ പരിപാടി എന്ന തലക്കെട്ടില്‍

പാര്‍ട്ടി സെക്രട്ടറിയുടെ അറിയിപ്പാണ്. അതില്‍ ഇങ്ങനെ പറയുന്നു..

‘ 14 ന് രാത്രി 12 മണിക്ക് ശേഷം കോഴിക്കോട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസില്‍ വെച്ച് രാഷ്ട്ര പതാക വന്ദനം നടത്തുന്നതാണ്. അതിന് കോഴിക്കോട്ടെ എല്ലാ പാര്‍ട്ടി മെമ്പര്‍മാരും അനുഭാവികളും എത്തിച്ചേരണം. പതാക വന്ദനം കഴിഞ്ഞാല്‍ പല വിധ സാംസ്‌ക്കാരിക പരിപാടികളും നടത്തുന്നതായിരിക്കും.’
ഓഗസ്റ്റ് പതിനഞ്ചിന്റെ ദേശാഭിമാനിയില്‍ ഒന്നാം പേജില്‍ ദേശീയപതാകയുടെ ചിത്രത്തോടൊപ്പം ‘പ്രതിജ്ഞ’ എന്ന ശീര്‍ഷകത്തില്‍ മുഖപ്രസംഗം എഴുതി.

‘വെറുക്കപ്പെട്ട യൂണിയന്‍ ജാക്ക് കൊടിമരങ്ങളില്‍നിന്ന് കീഴോട്ട് വലിച്ചിറക്കി തല്‍സ്ഥാനത്ത് നമ്മുടെ ത്രിവര്‍ണ പതാക ഉയര്‍ത്തുമ്പോള്‍ വിങ്ങിപ്പൊട്ടുന്ന നമ്മുടെ ഹൃദയങ്ങള്‍ ഈ ദിനം കൈവരുത്തുന്നതിനുള്ള പ്രാഥമിക സംരംഭമായ സമരങ്ങളെ അനുസ്മരിക്കും.”
ചരിത്രത്തെ വിസ്മരിക്കാനോ ഇല്ലാതാക്കാനോ അല്ല. ഓര്‍മ്മിച്ചു കൊണ്ടേയിരിക്കാന്‍ ആഹ്വാനം ചെയ്തു. പത്രത്തിന്റെ ഉള്‍പേജുകളില്‍ നിറയെ ഇന്ത്യ സ്വതന്ത്രമായതിന്റെ വാര്‍ത്തകളാണ്.

ചിത്രം 6

ഓഗസ്റ്റ് 17 ന്റെ ദേശാഭിമാനി. ഓഗസ്റ്റ് 16 ന് ദേശാഭിമാനി അവധി കാരണം പ്രസിദ്ധീകരിച്ചിരുന്നില്ല, 17 ന്റെ പത്രത്തില്‍ ഇങ്ങനെ പറയുന്നു.

‘ 14 ന് അര്‍ദ്ധരാത്രി മുതല്‍ തന്നെ ആഘോഷം തുടങ്ങി കഴിഞിരുന്നു.നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും പാര്‍ട്ടി ഓഫീസില്‍ രാത്രി 12 മണിക്ക് ശേഷം പതാക ഉയര്‍ത്തുന്ന കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ കാത്തിരുന്നു.ക്യത്യം 12 മണിക്ക് സഖാവ് കെ എ കേരളീയന്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച വമ്പിച്ച കൊടിമരത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി.ആ സന്ദര്‍ഭത്തില്‍ പാടാന്‍ കേരളീയന്‍ തന്നെ എഴുതിയ പതാക വന്ദന ഗാനവും പാടി പതാകയെ അഭിവാദ്യം ചെയ്തു.പതാകയുടെ ത്യാഗമോഹന ചരിത്രവും അദ്ദഹം പ്രസംഗിച്ചു. ഇന്ത്യ സ്വന്തന്ത്യമായ ശേഷം നഗരത്തിലെ ആദ്യ പ്രകടനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത് ആയിരുന്നു. രാത്രി 2.30 വരെ ആഘോഷ പരിപാടികള്‍ നീണ്ട് നിന്നു.

ഓഗസ്റ്റ് 14 ന് ആണ് സ: ഇ എം എസ് അടക്കമുള്ള നേതാക്കള്‍ വെല്ലൂര്‍ ജയില്‍ നിന്ന് മോചിതരായത്.നൂറു കണക്കിന് നാട്ടുകാര്‍ അവര്‍ക്ക് സ്വീകരണം നല്‍കി. സ:ഇ എം എസ്സും സ: ക്യഷ്ണപിള്ളയും അടക്കമുള്ള നേതാക്കള്‍ സ്വാതന്ത്യ ദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തു. സ: എ കെ ജി അപ്പോഴും ജയില്‍ ആയിരുന്നു. ആ ദിവസം ജയില്‍ പതാക ഉയര്‍ത്തിയതിനെക്കുറിച്ച് സഖാവ് തന്നെ എഴുതിയിട്ടുണ്ട്.

കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സംയുക്തമായി സ്വാതന്ത്യ ദിനം ആഘോഷിക്കണമെന്നായിരുന്നു പാര്‍ട്ടി നിലപാട്. കണ്ണൂരില്‍ അങ്ങനെ ഒരുമിച്ച് ആഘോഷിച്ചു എങ്കിലും കോഴിക്കോട് കോണ്‍ഗ്രസ്സ് സഹകരിക്കാത്തത് കാരണം ഇരു പാര്‍ട്ടികളും പ്രത്യേകിച്ച് ആണ് ആഘോഷ പരിപാടികള്‍ നടത്തിയത്.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെ പാര്‍ട്ടി ശക്തമായ സമര രംഗത്ത് ആയിരുന്നു. അത് കൊണ്ട് തന്നെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒരുമിച്ചുള്ള പരിപാടികള്‍ ഇല്ലായിരുന്നു.


ചിത്രം 7

മൂന്ന് എന്ന വാക്ക് തിന്മയാണ്. മൂന്ന് നിറമുള്ള കൊടി ഇന്ത്യക്കാര്‍ക്ക് മാനസിക വിഭ്രാന്തി ഉണ്ടാക്കും.അത് രാഷ്ടത്തിന് ഹാനികരമാകും.
അത് കൊണ്ട് കാവിക്കൊടി ഇന്ത്യയുടെ ദേശീയ പതാക ആക്കണം എന്ന് പറഞ്ഞത് ആര്‍ എസ് എസ് മുഖപത്രം ഓര്‍ഗനൈസര്‍ ആണ്. 1947 ജൂലൈ 17 ന്റെ ഓര്‍ഗ്ഗനൈസര്‍ മുഖപ്രസംഗത്തില്‍ , ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക അല്ല ഉയര്‍ത്തേണ്ടത് കാവി പതാക ആണ് ഉയര്‍ത്തേണ്ടത് എന്നും ആവശ്യപ്പെട്ടു.

ചിത്രം 8

1947 ഓഗ്സ്റ്റ് 10 ലെ ബോംബ ക്രോണിക് ദിനപത്രത്തിലൊരു വാര്‍ത്ത ഉണ്ട്. സ്വാതന്ത്രം ഉറപ്പായ ശേഷം ഹിന്ദു മഹാസഭ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റേതാണ് വാര്‍ത്ത.

‘ Boycott of Aug:15 celebrations , Hindu Mahasabha to hold protest meeting on Independence Day ‘

മലയാളത്തില്‍ പറഞ്ഞാല്‍

” ഓഗസ്റ്റ് 15 ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കുക, സ്വാതന്ത്ര്യ ദിനത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് ഹിന്ദു മഹാസഭ.”
അതില്‍ ഒരാളുടെ പേര് നമ്മള്‍ കുറച്ച് നാളായി കേള്‍ക്കുന്നുണ്ട്. മറ്റാരുമല്ല അത്..

‘വി ഡി സവര്‍ക്കര്‍ ‘

ഭാരത രത്‌നം കൊടുക്കണമെന്ന് ബി ജെ പി ആവശ്യപ്പെടുന്ന മാപ്പ് എന്ന വാക്കിന്റെ പര്യായമായ അതേ ‘ സവര്‍ക്കര്‍ ‘.

തങ്ങള്‍ക്കൊരു റോളുമില്ലാത്ത, ഒറ്റികൊടുപ്പും മാപ്പ് എഴുതിയും ബഹിഷ്‌ക്കരിച്ചും നടന്ന ടീമുകള്‍, സ്വാന്തന്ത്യം ലഭിക്കുമ്പോഴും ജയിലിലായിരുന്ന നേതാക്കളുള്ള പാര്‍ട്ടിയോട് ചോദിക്കുകയാണ് നിങ്ങള്‍ കരിദിനം ആചരിച്ചില്ലേ എന്ന്…

കേവലമായൊരു ദേശീയ നേതാവിന്റേയോ പ്രസ്ഥാനത്തിന്റെയോ മാത്രം ഫലമല്ല സ്വാതന്ത്ര്യം. അനവധി സമരങ്ങള്‍ വ്യക്തികള്‍ ത്യാഗങ്ങള്‍ എല്ലാം ചേര്‍ന്നപ്പോഴാണ് രാജ്യം സ്വതന്ത്രമായത്. കോണ്‍ഗ്രസിന് കൃത്യവും വ്യക്തവുമായ പങ്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലുണ്ട്. എന്നാല്‍ കൂടുതല്‍ ഒന്നും അവകാശപ്പെടാനില്ല. കുറവുമല്ല താനും. അതുപോലെ തന്നെ കമ്മ്യൂണിസ്റ്റുകള്‍ക്കും വ്യക്തമായ പങ്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലുണ്ട്. എന്തുകൊണ്ടും ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് യോഗ്യതയുണ്ട് .
എന്നാല്‍ കപട ദേശീയത മതം പുരട്ടി വില്‍പ്പനയ്ക്ക് വെയ്ക്കുന്ന ഹിന്ദുത്വ ഭീകര സംഘടനകള്‍ക്ക് യാതൊന്നും അവകാശപ്പെടാനില്ല . മാപ്പ് എന്ന രണ്ടക്ഷരം ഉള്ളത് കൊണ്ട് മാത്രം സ്വാതന്ത്യ സമരത്തില്‍ ഇടം പിടിച്ച, 2001 ല്‍ പോലും നാഗ്പൂരില്‍ ദേശീയ പതാക ഉയര്‍ത്തിയ യുവാക്കളെ ജയിലില്‍ അടപ്പിച്ചവന്മാരുടെ രാജ്യ സ്‌നേഹ ക്ലാസ് അങ്ങ് കുറുവടി കറക്കുന്ന ഗ്രൗണ്ടില്‍ എടുത്താല്‍ മതി, പുറത്ത് വേണ്ട…!

സംഘ പരിവാറിന് ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ അവകാശപെടാന്‍ യാതൊന്നും ഇല്ല എന്നതുകൊണ്ട് 75 ന്റെ സ്വാതന്ത്ര തിളക്കത്തിന് സൂര്യശോഭയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News