‘ആ കൊടി എന്നുമുണ്ടെന്റെ വീടിന്‍ ആത്മാഭിമാനക്കൊടിമരത്തില്‍…’; അച്ഛന്റെ ഓര്‍മ്മകുറിപ്പ് പങ്കുവച്ച് ഡോ എന്‍ പി ചന്ദ്രശേഖരന്‍

സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ കോഫി ഹൗസ് സ്ഥാപക നേതാവ് എന്‍.എസ് പരമേശ്വരന്‍ പിള്ളയുടെ ഓര്‍മ്മചിത്രവും കുറിപ്പും പങ്കുവച്ച് മകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കൈരളി ന്യൂസ് ഡയറക്ടറുമായ എന്‍ പി ചന്ദ്രശേഖരന്‍. ആ കൊടി എന്നുമുണ്ടെന്റെ വീടിന്‍ ആത്മാഭിമാനക്കൊടിമരത്തില്‍ എന്ന കുറിപ്പോടെയാണ് പിതാവ് എസ് പരമേശ്വരന്‍ പിള്ളയുടെ ചെറുപ്പകാല ചിത്രവും അദ്ദേഹത്തിന്റെ ഒരു കുറിപ്പും എന്‍ പി ചന്ദ്രശേഖരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. അര്‍ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയ മൂഹൂര്‍ത്തത്തില്‍ ബല്ലാറില്‍ ടൗണില്‍ മറ്റുള്ളവരോടൊപ്പം താനും റോഡില്‍ കൂട്ടായി ജയ്‌വിളിച്ചുവെന്നും ത്രിവര്‍ണ്ണക്കൊടിയും പിടിച്ച് ജാഥയില്‍ നടന്നുവെന്നും എന്‍ പി ചന്ദ്രശേഖരന്‍ പങ്കുവച്ച കുറിപ്പില്‍ എന്‍ എസ് പരമേശ്വരന്‍ പിള്ള കുറിച്ചിരിക്കുന്നത്.

എന്‍ പി ചന്ദ്രശേഖരന്‍ പങ്കുവച്ചിരിക്കുന്ന പിതാവിന്റെ കുറിപ്പിലെ വരികള്‍ ഇങ്ങനെ

ബല്ലാറിയില്‍ ജോലി ചെയ്തു താമസിക്കുമ്പോഴാണ് 1947 ആഗസ്റ്റ് മാസം പതിനാലാം തീയതി വ്യാഴാഴ്ച അര്‍ധരാത്രി കഴിഞ്ഞതിനു ശേഷം വെള്ളക്കാരുടെ അടിമത്വത്തില്‍ കഴിഞ്ഞിരുന്ന നമ്മുടെ ഭാരതം സ്വതന്ത്ര്യ ഭാരതമായി അധികാര കൈമാറ്റമുണ്ടാകുന്നത് ആ ധന്യ മൂഹൂര്‍ത്തത്തില്‍ ഞാന്‍ ബല്ലാറില്‍ ടൗണില്‍ മറ്റുള്ളവരോടൊപ്പം റോഡില്‍ കൂട്ടായി ജയ്‌വിളിച്ച് ത്രിവര്‍ണ്ണക്കൊടിയും പിടിച്ച് ജാഥയില്‍ നടന്നു

ഇന്ത്യന്‍ കോഫി ഹൗസ് സ്ഥാപക നേതാവാണ് എന്‍.എസ് പരമേശ്വരന്‍ പിള്ള. എന്‍ എസ് പരമേശ്വരന്‍ പിള്ള (1931-2010) ഇന്ത്യന്‍ കോഫീ ഹൗസ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ സ്ഥാപക സെക്രട്ടറിയാണ് . നടയ്ക്കല്‍ പരമേശ്വരന്‍ പിള്ള എന്ന പേരില്‍ കോഫി ഹൗസിന്റെ കഥ എന്ന പുസ്തകം എഴുതി. കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ ഏക ലിഖിത ചരിത്രം ഇതാണ്.

കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ ചരിത്രകാരന്‍

തിരുവനന്തപുരത്തെ ഇന്ത്യന്‍ കോഫി ഹൗസ് നടയ്ക്കല്‍ പരമേശ്വരന്‍ പിള്ള എന്ന തൂലികാനാമത്തിലാണ് ”കോഫി ഹൗസിന്റെ കഥ” എന്ന പുസ്തകം ഇദ്ദേഹം പുറത്തിറക്കിയത്. മാധ്യമം ആഴ്ചപ്പതിപ്പ് ആണ് പരമ്പരയായി ഇതിന്റെ പ്രധാനഭാഗങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് കറന്റ് ബുക്‌സ്, തൃശൂര്‍ പുറത്തിറക്കിയ ഈ പുസ്തകത്തിന് അവതാരികയെഴുതിയത് എം. ടി. വാസുദേവന്‍ നായര്‍ ആയിരുന്നു. 2007-ലെ നല്ല ആത്മകഥയ്ക്കുള്ള അബുദാബി ശക്തി അവാര്‍ഡ് ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.

കച്ചവടം നടത്താന്‍ മുതലാളി വേണ്ട, യജമാനന്‍ വേണ്ട; തൊഴിലാളി മാത്രം മതി. കച്ചവടംകൊണ്ട് പണക്കാരനുണ്ടാകരുത്, മേലാളനുണ്ടാകരുത്; കൂടുതല്‍ നന്നായി ജീവിക്കുന്ന തൊഴിലാളിമാത്രമേ ഉണ്ടാകാവൂ.

– – ‘കോഫീ ഹൗസിന്റെ കഥ”യില്‍നിന്ന്

ആദ്യകാല ജീവിതം

1931 മേയ് 25-ന് ആലപ്പുഴയിലെ പള്ളിപ്പുറത്താണ് ജനിച്ചത്. നാലാം ക്ലാസ് ജയിച്ചെങ്കിലും ദാരിദ്ര്യം കാരണം പഠിപ്പവസാനിപ്പിക്കേണ്ടി വന്നു. ജോലി തേടി വീട്ടില്‍ നിന്ന് ഒളിച്ചോടി. നിര്‍മ്മാണമേഖലയില്‍ കൂലിത്തൊഴിലാളിയായും, പാചകക്കാരനായും, ഹോട്ടലിലെ വിതരണക്കാരനായും, കപ്പലണ്ടിയും മുറുക്കാനും വില്‍ക്കുന്നയാളായും, കയര്‍ ഫാക്ടറിയിലെ തൊഴിലാളിയായും, കൊച്ചി ഹാര്‍ബറില്‍ വാട്ടര്‍ ബോയ് ആയും, റേഷന്‍ ഡിപ്പോയിലെ ക്ലര്‍ക്കായും, വക്കീല്‍ ഗുമസ്തനായും മറ്റും ജോലി ചെയ്തു. വളരെ നാള്‍ അലഞ്ഞ ശേഷം കോഫി ബോര്‍ഡിന്റെ എറണാകുളത്തുള്ള ഇന്ത്യാ കോഫി ഹൗസില്‍ അവസാന ഗ്രേഡ് ജീവനക്കാരനായി ദിവസക്കൂലിക്ക് 1945-ല്‍ ജോലിക്ക് ചേര്‍ന്നു. ഇന്ത്യാ കോഫീ ഹൗസിന്റെ ബെല്ലാറി, തൃശൂര്‍, കോയമ്പത്തൂര്‍, ഊട്ടി, മദ്രാസ്, കോട്ടയം ശാഖകളില്‍ ജോലി ചെയ്തു.

തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം

അക്കാലത്ത് ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ കോഫീ ഹൗസിലെ തൊഴിലാളികളുടെ ജീവിതം ദുരിതമയമായിരുന്നു. ജോലിക്കാര്‍ക്ക് പ്രതിഷേധിക്കാനോ സംഘം ചേരാനോ സ്വാതന്ത്യമുണ്ടായിരുന്നില്ല. ഇതിനെതിരേ മലയാളികളായ ജോലിക്കാര്‍ നടത്തിയ നീക്കത്തിലൂടെയാണ് ഇദ്ദേഹം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായി മാറുന്നത്. അങ്ങനെ, എ.ഐ.ടി.യു.സിയുടെ കീഴില്‍ രൂപം കൊണ്ട ഇന്ത്യ കോഫി ബോര്‍ഡ് ലേബറേഴ്‌സ് യൂണിയന്റെ സ്ഥാപക നേതാക്കളിലൊരാളായി ഇദ്ദേഹം. ബെല്ലാറി, തൃശൂര്‍, കോയമ്പത്തൂര്‍, ഊട്ടി, മദ്രാസ്, കോട്ടയം എന്നീ സ്ഥലങ്ങളില്‍ ഐസിബിഎല്‍യു നേതാവായി ഇദ്ദേഹം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.

1957-ല്‍ കോഫീ ഹൗസ് നഷ്ടത്തിലാണെന്നു ചൂണ്ടിക്കാട്ടി നിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരായുള്ള സമരത്തിന് നേതൃത്വം നല്‍കിയവരിലൊരാളായിരുന്നു ഇദ്ദേഹം. കോഫീ ഹൗസുകള്‍ അടയ്ക്കാനുള്ള തീരുമാനം വരുമ്പോള്‍ യൂണിയന്റെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു. ജീവനക്കാരുടെ നടത്തിപ്പിലുള്ള കോഫി ഹൗസുകള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ യൂണിയന്‍ ഇദ്ദേഹത്തെ ചുമതലപ്പെടുത്തി. തൂശൂരിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന ടി.കെ. കൃഷ്ണന്‍ എം. എല്‍. എ.യുടെയും (പ്രസിഡന്റ്) ഇദ്ദേഹത്തിന്റെയും (സെക്രട്ടറി) നേതൃത്വത്തില്‍ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ പിരിച്ചുവിടപ്പെട്ട കോഫീ ഹൗസ് തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ നിലവില്‍ വന്നു.

1958 മാര്‍ച്ച് 8-ന് മുന്‍ കോഫീ ഹൗസ് തൊഴിലാളികള്‍ ആരംഭിച്ച കേരളത്തിലെ ആദ്യ ഇന്ത്യന്‍ കോഫി ഹൗസ് എ.കെ.ജി. ഉദ്ഘാടനം ചെയ്തു. പരമേശ്വരന്‍ പിള്ളയായിരുന്നു ഇതിന്റെ മാനേജറും കൗണ്ടര്‍ ക്ലാര്‍ക്കും അക്കൗണ്ടന്റും. ഈ കോഫീ ഹൗസില്‍ നിന്നാണ് ഇന്ത്യന്‍ കോഫീ ഹൗസുകളുടെ ശൃംഖല കേരളത്തില്‍ പടര്‍ന്നു പന്തലിച്ചത്. ഒന്നാമത്തെ കോഫീ ഹൗസ് ഇപ്പോഴും തൃശൂര്‍ റൗണ്ട് സൗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മൂന്നു പതിറ്റാണ്ടുകാലം ഇദ്ദേഹം ഐ.സി.എച്ച്. പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോയി. തൃശൂരുള്ള സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി, സെയില്‍സ് മാനേജര്‍, ചീഫ് സെയില്‍സ് ഓഫീസര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചു. പാലക്കാട്ടെ സൊസൈറ്റിയുടെ സ്ഥാപകസെക്രട്ടറിയുമായിരുന്നു.

ഫെഡറേഷന്‍ ഓഫ് ഐ.സി.എച്ച്. സൊസൈറ്റീസ് എന്ന കൂട്ടായ്മയുടെ ഡയറക്ടര്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, ചെയര്‍മാന്‍ എന്ന നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ഐ.സി.എച്ചുകളുടേയും ഡല്‍ഹി ആസ്ഥാനമായ സംഘടനയാണിത്.

പൊതുപ്രവര്‍ത്തനം

1940-കളില്‍ സിപി ഐ എം അംഗമായിരുന്നു. പാര്‍ട്ടിയുടെ നായ്ക്കനാല്‍ ബ്രാഞ്ചിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നായ്ക്കനാല്‍ ബ്രാഞ്ച് സെക്രട്ടറി, തൃശൂര്‍ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി, തൃശൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മരണം

2010 ഡിസംബര്‍ 17-നാണ് ഇദ്ദേഹം നിര്യാതനായത്. മൃതദേഹം തൃശൂരിലെ പാമ്പാടിയില്‍ ഭാരതപ്പുഴയുടെ തീരത്ത് മത ചടങ്ങുകളില്ലാതെ സംസ്‌കരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here