ADVERTISEMENT
ദുബായ് (dubai) അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ 44 വിമാന സർവീസുകൾ റദ്ദാക്കി.പ്രതികൂല കാലാവസ്ഥ കാരണമാണ് റദ്ദാക്കിയത്.12 സർവീസുകൾ ദുബായ് വേൾഡ് സെൻട്രൽ വിമാനത്താവളത്തിലേക്കും രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും പുനഃക്രമീകരിച്ചു.
കാലാവസ്ഥാ മെച്ചപ്പെട്ടു വരുന്നതിനാൽ സർവീസുകൾ സാധാരണ നിലയിലായിക്കൊണ്ടിരിക്കുകയാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
ഞായറാഴ്‍ച ഉച്ചയ്‍ക്ക് ശേഷവും തിങ്കളാഴ്‍ച രാവിലെയുമുള്ള ചില സർവീസുകളാണ് റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യേണ്ടി വന്നത്. ഞായറാഴ്‍ച രാവിലെ മുതൽ ശക്തമായ പൊടിക്കാറ്റാണ് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടത്.
ദൂരക്കാഴ്‍ച തടസപ്പെടുന്ന സാഹചര്യമുണ്ടായതോടെ വിമാന സർവീസുകളെയും ബാധിച്ചു. ഞായറാഴ്‍ച 10 സർവീസുകൾ ദുബായിലെ വേൾഡ് സെൻട്രൽ വിമാനത്താവളത്തിലേക്കും മറ്റ് വിമാനത്താവളങ്ങളിലേക്കും പുനഃക്രമീകരിക്കേണ്ടി വന്നതായി ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളം അധികൃതർ അറിയിച്ചിരുന്നു.
വിമാനക്കമ്പനികളുമായി സഹകരിച്ച് എത്രയും വേഗം വ്യോമഗതാഗതം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും പ്രസ്‍താവനയിൽ പറയുന്നുണ്ട്. യാത്രക്കാർ അതത് വിമാനക്കമ്പനികളുടെ വെബ്‍സൈറ്റുകൾ നേരിട്ട് പരിശോധിച്ച് വിമാന സർവീസുകളുടെ സമയം ഉറപ്പുവരുത്തണമെന്നാണ് നിർദേശം.
ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും ദൂരക്കാഴ്‍ച ഇന്നലെ 500 മീറ്ററിൽ താഴെയായി കുറഞ്ഞുവെന്ന് യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദുബായിലെ പല സ്ഥലങ്ങളിലും പൊടിക്കാറ്റ് മൂലം ദൂരക്കാഴ്‍ച 500 മീറ്ററിലും താഴെയായതോടെ ബുർജ് ഖലീഫയും ഐൻ ദുബൈയും ഉൾപ്പെടെയുള്ളവയുടെ ദൂരക്കാഴ്‍ച അസാധ്യമായി. അതേസമയം അഞ്ച് എമിറേറ്റുകളിൽ ഇന്ന് ശക്തമായ മഴ ലഭിക്കുകയും ചെയ്‍തു. യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം പൊടി നിറഞ്ഞ കാലവസ്ഥയും മഴയും അടുത്ത നാല് ദിവസം കൂടി തുടരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.