Shajahan:ഷാജഹാന്റെ കൊലക്ക് പിന്നില്‍ ഉന്നത ബിജെപി നേതാക്കള്‍ക്ക് പങ്ക്‌:എന്‍ എന്‍ കൃഷ്ണദാസ്

(Palakkad)പാലക്കാട്ടെ ഷാജഹാന്റെ കൊലക്ക്(Shajahan Murder) പിന്നില്‍ ഉന്നത ബിജെപി നേതാക്കള്‍ക്ക് പങ്കെന്ന്‌ എന്‍ എന്‍ കൃഷ്ണദാസ്(NN Krishnadas). ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമാണ് കൊലപാതകം. കേരളത്തില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ബിജെപി ലക്ഷ്യമെന്നും എന്‍ എന്‍ കൃഷ്ണദാസ് കൈരളി ന്യൂസിനോട് പ്രതികരിച്ചു.

ഷാജഹാന്റെ കൊലക്ക് പിന്നില്‍ വ്യക്തമായ ഗൂഡാലോചനയെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പ്രതികരിച്ചു. ആയുധങ്ങള്‍ എത്തിച്ച് കൊടുത്ത് നടത്തിയ ആസൂത്രിത കൊലപാതകത്തിന് പുറത്തു നിന്നുള്ള സഹായം ലഭിച്ചു എന്നത് വ്യക്തമെന്നും ഇ എന്‍ സുരേഷ് ബാബു കൈരളി ന്യൂസിനോട് പറഞ്ഞു.

അതേസമയം കൊല നടത്തിയതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും കൊലപാതകത്തിന് പിന്നില്‍ ആസൂത്രണം നടന്നിട്ടുണ്ടെന്നും ഷാജഹാന്റെ പിതാവ് സായിബ് കുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു. ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ബി ജെ പി – ആര്‍ എസ് എസ്(BJP-RSS) പ്രവര്‍ത്തകരാണെന്നും പ്രതികള്‍ കൈവശം ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നുവെന്നും സായിബ് കുട്ടി പറയുന്നു. പ്രതികളെ വേഗത്തില്‍ അറസ്റ്റ് ചെയ്യണമെന്നും തന്റെ മകന്റെ കൊലപാതക ഗൂഡാലോചനയില്‍ പങ്കുള്ളവര്‍ക്കെതിരെയും നടപടി വേണമെന്നും സായിബ് കുട്ടി ആവശ്യപ്പെട്ടു. താന്‍ മരിക്കും മുമ്പ് പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും സായിബ് കുട്ടി പറഞ്ഞു.

ഷാജഹാന് ഭീഷണി ഉണ്ടായിരുന്നെന്നും കുടുംബം മുമ്പ് വെളിപ്പെടുത്തിയിരുന്നു. കൊലപാതകികള്‍ സജീവ ബിജെപി(BJP) പ്രവര്‍ത്തകരാണെന്നും ഷാജഹാന്റെ കുടുംബം പറഞ്ഞു. ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്നും ബന്ധു മുസ്തഫ കൈരളി ന്യൂസിനോട് പറഞ്ഞു. ആഗസ്റ്റ് 15ന് കൊല്ലുമെന്നായിരുന്നു ഭീഷണി. പ്രതികളായ നവീന്‍, അനീഷ് എന്നിവരാണ് ഷാജഹാനെ ഭീഷണിപ്പെടുത്തിയിരുന്നത്. ശബരിയും അനീഷും സജീവ ബിജെപി പ്രവര്‍ത്തകരാണ്. ഷാജഹാനെ വെട്ടുമെന്ന് ഇവര്‍ നിരന്തരം പറഞ്ഞിരുന്നു. സിദ്ധാര്‍ത്ഥ് എന്നൊരാള്‍ ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്നും കുടുംബം പറയുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പ്രതികള്‍ നേരത്തെ തന്നെ കൈവശം വെച്ചിരിന്നുവെന്നും ഇവരുടെ ഫോണില്‍ ചിത്രങ്ങള്‍ ഉണ്ടെന്നും മുസ്തഫ പറഞ്ഞു.ആസൂത്രിത കൊലപാതകത്തിന് പിന്നില്‍ ബി ജെ പി ആര്‍ എസ് എസ് പ്രവര്‍ത്തകരെന്നും മുസ്തഫ കൈരളി ന്യൂസിനോട് പറഞ്ഞു.

അതേസമയം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ പിടിയിലായി. കേസില്‍ ആറ് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൊലപാതക സംഘത്തില്‍ നേരത്തെ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്തില്‍ സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. സിപിഐഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ് ഷാജഹാനെയാണ് (40) ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. കുന്നങ്കാട് ജങ്ഷനില്‍ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.

അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഷാജഹാന്റെ കാലിലും തലയ്ക്ക് പിറകിലുമായാണ് വെട്ടേറ്റത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങാന്‍ കുന്നങ്കാട് ജങ്ഷനില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. വെട്ടിയ ശേഷം അഞ്ച് പേരും ഓടി രക്ഷപ്പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here