KIIFB:മസാലാബോണ്ടിനെതിരായ ഇ ഡി അന്വേഷണത്തിനെതിരെ കിഫ്ബി സമര്‍പ്പിച്ച ഹര്‍ജി;മറുപടിക്കായി സാവകാശം തേടി ഇ ഡി

മസാലാബോണ്ടിനെതിരായ ഇ ഡി അന്വേഷണം നിയമവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി  കിഫ്‌ബി സമർപ്പിച്ച ഹർജിയിൽ നിലപാട് അറിയിക്കാൻ  ഇ ഡി ഹൈക്കോടതിയിൽ സാവകാശം തേടി.  ഇടക്കാല ഉത്തരവിലേക്ക് കടക്കാതെ വിശദമായ വാദത്തിനായി  കോടതി    അടുത്ത മാസം 2 ന് പരിഗണിക്കുന്നതിനായി കേസ് മാറ്റി.

കിഫ്ബിക്കെതിരായ അന്വേഷണത്തിൽ   ഇ ഡി ക്ക് മറ്റ്  താത്പര്യങ്ങളുണ്ടെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി. ചില ഉന്നതരുടെ പേര് പറയാൻ ആദ്യം മൊഴിയെടുത്തപ്പോൾ ഇ ഡി  ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി ഹർജിക്കാരിയായ കിഫ്ബി ജോയിന്റ്‌ ഫണ്ട്‌ മാനേജർ ആനി ജൂള തോമസ്‌ കോടതിയെ അറിയിച്ചു.

ഇഡിയുടെ നിയമവിരുദ്ധമായ അന്വേഷണം തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ കിഫ്‌ബി സി ഇ ഒ, കെ എം എബ്രഹാം, ജോയിന്റ്‌ ഫണ്ട്‌ മാനേജർ ആനി ജൂള തോമസ്‌ എന്നിവർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് വി ജി അരുൺ പരിഗണിച്ചത്.  കിഫ്ബിയുടെ പ്രവർത്തനത്തെ ഇ ഡി അനാവശ്യമായി തടസ്സപ്പെടുത്തുകയാണെന്ന് കിഫ് ബി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതിൽ അടിയന്തിരമായി കോടതി ഇടപെടണമെന്നും അന്വേഷണം സ്റ്റേ ചെയ്യണമെന്നും കിഫ്ബി ആവശ്യപ്പെട്ടു.

തുടർന്നാണ് മറുപടി സത്യവാങ്ങ്മൂലം ഫയൽ ചെയ്യാൻ ഇ ഡി 10 ദിവസം സാവകാശം തേടിയത്. ഫെമ നിയമ ലംഘനമുണ്ട് എന്ന് സംശയിക്കുന്നതായി ഇ ഡി അഭിഭാഷകൻ വാദിച്ചു. ഹർജി തീർപ്പാകുന്നതു വരെ ഹാജരാകില്ല എന്ന് അറിയിച്ചാൽ ഇളവ് അനുവദിക്കാമെന്നും   ഇ ഡി വാക്കാൽ അറിയിച്ചു. തുടർന്നാണ് കേസ് അടുത്ത മാസം 2 ലേക്ക് പരിഗണിക്കുന്നതിനായി മാറ്റിയത്.

കിഫ്ബിക്കെതിരായ അന്വേഷണത്തിൽ   ഇ ഡി ക്ക് മറ്റ് താത്പര്യങ്ങളുണ്ടെന്ന് കിഫ്ബി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്‌ട്രീയ താൽപ്പര്യത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിനെ താറടിക്കാനുള്ള  നീക്കമാണ് ഇ ഡി യുടേതെന്ന് കിഫ്ബി വാദത്തിനിടെ ചൂണ്ടിക്കാട്ടി.  അധികാരമുപയോഗിച്ച്‌ നിയമം അനുശാസിക്കുന്ന മാർഗത്തിലാണ്‌ കിഫ്‌ബി രൂപീകരിച്ചത്‌. റിസർവ്‌ ബാങ്കിന്റെ എല്ലാ അനുമതികളുമുണ്ട്‌. .  മസാലബോണ്ടിൽ കിഫ്‌ബി ഫെമ നിയമം ലംഘിച്ചുവെന്ന ഇഡിയുടെ ആരോപണം പ്രഥമദൃഷ്‌ട്യാതന്നെ അടിസ്ഥാനമില്ലാത്തതാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here