ADVERTISEMENT
കുടുംബശ്രീ സ്ത്രീ കൂട്ടായ്മയിലൂടെ ചരിത്രം തീർക്കുകയാണ് ടീം ബേഡകം കുടുംബശ്രീ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി. കാർഷിക രംഗത്ത് വൈവിധ്യം നിറഞ്ഞ പദ്ധതികളുമായി മാതൃകാ സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ വനിതകളെ മാത്രം അംഗങ്ങളാക്കിയാണ് കമ്പനി രൂപീകരിച്ച് പ്രവർത്തിക്കുന്നത്. മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കുടുംബശ്രീ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ഉദ്ഘാടനം ചെയ്തു.
ഒരു വർഷം മുമ്പ് രൂപീകരിച്ച ടീം ബേഡകം കുടുംബശ്രീ ഫാർമേഴ്സ് കമ്പനിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമ്പോൾ ബേഡകത്തെ സ്‌ത്രീ കൂട്ടായ്മ ചരിത്രം രചിക്കുകയാണ്. വനിതകൾ മാത്രം ഓഹരി ഉടമകളായ കമ്പനി. കാർഷിക രംഗത്തെ സാധ്യതകളുപയോഗിച്ച് ഉൽപാദന- വിപണന രംഗത്ത് വൈവിദ്ധ്യം നിറഞ്ഞ പദ്ധതികൾക്ക് തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ കീഴിൽ കമ്പനിക്ക് തുടക്കം കുറിച്ചത്. 50 ക്ലസ്റ്ററുകൾ രൂപീകരിച്ച് ജൈവ കാർഷിക വിഭവങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കുക, മൂല്യവർധിത ഉത്പനങ്ങൾ നിർമിക്കുക, പുതിയ സംരംഭങ്ങളിലൂടെ സ്ത്രീകൾക്ക് തൊഴിൽ നൽകുക, ഓഹരി ഉടമകളുടെ കാർഷിക ഉത്പനങ്ങൾ ശേഖരിച്ച് നല്ല വിലയിൽ വിൽപന നടത്തുക എന്നിങ്ങനെ തുടങ്ങി സ്ത്രീ കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ നിരവധിയാണ്.
ഒരു വർഷത്തിനിടെ മൃഗപരിപാലന രംഗത്ത് മുപ്പത് പഞ്ചായത്തുകളിൽ കൂടും കോഴിയും പദ്ധതിയിലൂടെ മുട്ടക്കോഴി വിതരണം ചെയ്തും, തണ്ണിമത്തൻ ഉൾപ്പെടെ വിളയിച്ചെടുത്ത് ജൈവ കൃഷിയിലും വിജയഗാഥ തീർത്തു. ബേഡകം ആനന്ദമഠത്ത 28 ഏക്കർ സ്ഥലം കമ്പനി വാങ്ങിച്ചു. ഹൈടെക് ഫാമുകൾ , ടൂറിസം ഹട്ടുകൾ, ഫാം ടൂറിസം,കൺവെൻഷൻ സെന്റർ, മാതൃകാ കൃഷിയിടം എന്നിവയൊരുക്കി ഒരു മാതൃകാ കാർഷിക ഗ്രാമം ഒരുക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി വരികയാണ്. ആദ്യ ഘട്ടത്തിൽ 1000 രൂപയുടെ ഓഹരിയെടുത്ത് 3772 പേരാണ് ഓഹരി ഉടമകളായത്. രണ്ടാം ഘട്ട ഓഹരി വിതരണം ആരംഭിച്ചതോടെ നിരവധി പേരാണ് ഓഹരിയെടുത്ത് കമ്പനിയുടെ ഭാഗമാവാനെത്തുന്നത്. ഇരുപത്തിയഞ്ച് വയസ് പിന്നിടുന്ന കുടുംബശ്രീയുടെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്താവുന്ന സുപ്രധാന ചുവടുവെപ്പായി മാറുകയാണ് ഈ ഫാർമേഴ്സ് പ്രൊഡ്യൂസേർഴ്സ് കമ്പനി .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.