Congress:കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐ എന്‍ ടി യു സി

കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐ എന്‍ ടി യു സി. തൊഴിലാളികളെ വിശ്വാസത്തില്‍ എടുത്തില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ നാശമായിരിക്കും ഫലമെന്ന് സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു. തൊഴിലാളികളെ വികസന വിരോധികളായി ചിത്രീകരിക്കുന്ന മുത്തശ്ശി മാധ്യമങ്ങള്‍ പഠിപ്പിക്കുന്നതിന് അനുസരിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് എന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. 2000 ലധികം ഐഎന്‍ടി യു സി നേതാക്കള്‍ പങ്കെടുത്ത ജനറല്‍ കൗണ്‍സിലിലെ വിമര്‍ശനം കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.

തൊഴിലാളികളെയും ഐ എന്‍ ടി യു സി യെയും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം തമസ്‌കരിക്കുന്നുവെന്നാണ് പ്രധാന ആരോപണം. തൊഴിലാളികളാകെ വികസന വിരോധികളാണെന്ന് ചില മുത്തശ്ശി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ അതിനനുസരിച്ചാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തിക്കുന്നത്. ഈ നിലപാടിനെ ദുരന്തം എന്നാണ് പ്രമേയത്തില്‍ വിശേഷിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ തൊഴിലാളികളുടെ മനസ്സില്‍ നിന്നും കോണ്‍ഗ്രസ്സ് ഒഴിവാക്കപ്പെടുകയാണെന്നും പ്രമേയം നേതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്നു . മോഡിയുടെ കരിനിയമങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ പ്രതിഷേധിക്കുമ്പോള്‍ അതിനെ തള്ളിപ്പറയുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

ഐ എന്‍ ടി യു സി ഉള്‍പ്പെടെ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തിയ ദേശീയ പണിമുടക്കിനെ വിമര്‍ശിച്ച വി ഡി സതീശന്റെ നടപടിക്കെതിരെ ജനറല്‍ കൗണ്‍സിലിലും വിമര്‍ശനം ഉയര്‍ന്നു. സതീശനെതിരെ കോട്ടയത്ത് പ്രകടനം നടത്തേണ്ടി വന്നതും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. തൊഴിലാളിയുടെ വേദനയും കഷ്ടപ്പാടുകളും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്സില്‍ വേദിയില്ലെന്നും പാര്‍ട്ടി നയം മാറ്റണമെന്നും സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ഐ എന്‍ ടി യു സി യോട് അഫിലിയേറ്റ് ചെയ്ത 441 ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് 2000 ലധികം ഐഎന്‍ടി യു സി നേതാക്കളാണ് അങ്കമാലിയില്‍ നടക്കുന്ന ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്നത്.ജനറല്‍ കൗണ്‍സിലില്‍ ഉയര്‍ന്ന വിമര്‍ശനം കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കവും , അതിനെ പിന്തുണച്ച പ്രതിനിധികളുടെ നിലപാടുമാണ് നേതൃത്വത്തിന്റെ ആശങ്കക്ക് കാരണം
സതീശ – സുധാകര അച്ചുതണ്ടിനെതിരെ പ്രത്യക്ഷ നിലപാട് ഐ എന്‍ ടി യു സി സ്വീകരിക്കുമെന്ന സൂചനയായി പ്രവര്‍ത്തന റിപ്പോര്‍ട്ടിനെ ചില നേതാക്കള്‍ കാണുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News