Rohingya:റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഉറപ്പാക്കാനുള്ള തീരുമാനം പരസ്യമായി തളളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

(Rohingyan refugees)റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഉറപ്പാക്കാനുള്ള കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ തീരുമാനം പരസ്യമായി തളളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ ഫ്റ്റാറുകള്‍ നല്‍കാന്‍ തീരുമാനിച്ചതായി നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ അങ്ങനെ ഒരു തീരുമാനവും ഇല്ലെന്നും അഭയാര്‍ത്ഥികളെ ഉടന്‍ ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് മാറ്റുമെന്നും ട്വിറ്ററിലൂടെ തന്നെ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തുകയായിരുന്നു.

റോഹിഗ്യന്‍ അഭയാര്‍ത്ഥികളെ അംഗീകരിക്കാനാകില്ല എന്ന ഉറച്ച നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പല തവണ സ്വീകരിച്ചത്. അതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ഇന്നുരാവിലെ കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ ട്വീറ്റ്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ ഫ്‌ളാറ്റ് നല്‍കും. ദില്ലിയിലെ ബക്കര്‍വാലയിലായിരിക്കും ഫ്‌ളാറ്റ് നല്‍കുക. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. ദില്ലി പൊലീസിന്റെ സുരക്ഷയും നല്‍കും. ഇതായിരുന്നു രാവിലെ ഏഴര മണിക്ക് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.

റോഹിഗ്യകള്‍ക്ക് അനുകൂലമായ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി. എന്നാല്‍ വൈകിട്ടോടെ നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ ട്വീറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. റോഹിഗ്യകള്‍ക്ക് താമസിക്കാന്‍ ദില്ലിയിലെ ബര്‍ക്കവാലയില്‍ ഫ്‌ളാറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടില്ല. അങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ല. നിലവില്‍ എവിടെയാണോ തുടരുന്നത് അവിടെ തന്നെ റോഹിഗ്യകള്‍ തുടരണം. അഭയാര്‍ത്ഥികളെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനിള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇവരെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലേക്ക് മാറ്റും. അതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.ഇതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

ഒരു മന്ത്രിയുടെ പ്രഖ്യാപനത്തെ മറ്റൊരു മന്ത്രാലയം പരസ്യമായി തള്ളുന്നത് അപൂര്‍വ്വമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ തിരുത്ത് വന്നെങ്കിലും റോഹിഗ്യകളെ സഹായിക്കും എന്ന ട്വിറ്ററിലൂടെയുള്ള പ്രഖ്യാപനം കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇതുവരെ പിന്‍വലിച്ചിട്ടില്ല. സര്‍ക്കാരിനിടയില്‍ തുടരുന്ന ആശയകുഴപ്പമാണ് ഇതോടെ പുറത്താകുന്നത്. റോഹിഗ്യകളെ ഉടന്‍ നാടുകടത്തണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here