Kodiyeri Balakrishnan: കൊലയാളി രാഷട്രീയത്തെ ഉപയോഗിച്ചും LDFനെ അസ്ഥിരപ്പെടുത്താൻ RSS ഉും BJP യും ശ്രമിക്കുന്നു: കോടിയേരി

കേന്ദ്ര ഏജൻസികളെയും ഗവർണറെയും മാത്രമല്ല കൊലയാളി രാഷട്രീയത്തെ ഉപയോഗിച്ചും എൽഡിഎഫിനെ അസ്ഥിരപ്പെടുത്താൻ RSS ഉും BJP യും ശ്രമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്ണന്‍(kodiyeri balakrishnan).

പാലക്കാട് സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാന്‍റെ കൊലപാതകത്തിലൂടെ വെളിവായത് കേരളത്തിന്‍റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമെന്നും കോടിയേരി. ദേശാഭിമാനി ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ അക്രമാസക്തമായി നിലകൊള്ളുന്ന ആർഎസ്എസിനെയും അതിന്റെ ആചാര്യൻമാരെയും വെള്ളപൂശാനും പ്രകീർത്തിക്കാനുമുള്ള അവസരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചെങ്കോട്ട പ്രസംഗത്തെ മാറ്റിയെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറിച്ചു.

ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗവർണറെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുകയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മോദി ഭരണത്തിന്‍റേയും ബി ജെ പിയുടെയും ചട്ടുകമായി മാറിഎന്നും കോടിയേരി വിമർശിച്ചു.

ജനങ്ങൾ തെരഞ്ഞെടുത്ത ജനകീയ സർക്കാരിനെ ഗവർണറെ ഉൾപ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞു മുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

നിലപാടുകളില്ലാത്ത
 ‘തനിയാവർത്തനം’: കോടിയേരി 
ബാലകൃഷ്ണൻ

ഇന്ത്യയുടെ പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തിന് നൽകിയ സന്ദേശങ്ങൾ ലോകം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിരുന്നു. എന്നാൽ, രണ്ടു പേരുടെയും പ്രസംഗങ്ങൾ കേട്ടുതഴമ്പിച്ച വാചകമടിയായി പരിമിതപ്പെട്ടു. രാജ്യം പുരോഗമിക്കുകയാണെന്നു കാട്ടാൻ സ്ഥിതിവിവരക്കണക്കുകൾ നിരത്തി. എന്നാൽ, ജനങ്ങൾ നേരിടുന്ന ദുരവസ്ഥ തിരിച്ചറിയുന്നതിൽ ഇവർ പരാജയപ്പെട്ടു.

ആദിവാസി വിഭാഗത്തിൽ നിന്ന് രാജ്യത്തിന് ലഭിച്ച ആദ്യത്തെ രാഷ്‌ട്രപതിയാണ്‌ മുർമു. അത്‌ എല്ലാവരും അംഗീകരിക്കുന്നു. എന്നാൽ, ഒരാൾ ഏത് വിഭാഗത്തിൽനിന്നു വരുന്നു എന്നതിനേക്കാൾ പ്രധാനം എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതാണ്. അത്തരം നിലപാടുകളിലൂടെയാണ് ഡോ. രാജേന്ദ്രപ്രസാദും ഡോ. എസ് രാധാകൃഷ്ണനും ശങ്കർദയാൽ ശർമയും കെ ആർ നാരായണനും പ്രത്യേകതയുള്ളവരാകുന്നത്.

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അമ്പതാം വാർഷിക ദിനത്തോടനുബന്ധിച്ച് അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണൻ നടത്തിയ പ്രസംഗം ഈ വേളയിൽ ഓർക്കേണ്ടതാണ്. റിപ്പബ്ലിക് ദിനത്തിന് തലേനാൾ ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും ഒമ്പതും ഏഴും വയസ്സുള്ള പുത്രൻമാരെയും ബജ്‌റംഗദൾ അക്രമികൾ ചുട്ടുകൊന്നു. അതിനെ ‘ലോകത്തിലെ നീചമായ കുറ്റകൃത്യങ്ങളിലൊന്ന്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

സ്വാതന്ത്ര്യദിന സന്ദേശം മുർമു 14ന് രാത്രി നൽകുന്നതിനുമുമ്പ് രാജസ്ഥാനിൽ രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്ന ഒരു അയിത്താചരണ കൊലപാതകം നടന്നു. സ്കൂളിൽ സവർണർ കുടിക്കാൻ വച്ച കൂജയിൽ ഒരു ദളിത് വിദ്യാർഥി വെള്ളമെടുക്കുന്നതിനുവേണ്ടി തൊട്ടുപോയി. അതിന് കുട്ടിയെ അധ്യാപകൻ മർദിച്ചുകൊന്നു.

ഇത്ര ക്രൂരമാംവിധം അയിത്തം ഇന്നും നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്തും നിലനിൽക്കുന്നു എന്നതാണ് ഈ നടുക്കുന്ന സംഭവം വെളിപ്പെടുത്തുന്നത്. അത്തരം സംഭവങ്ങളിലേക്കൊന്നും പുതിയ രാഷ്ട്രപതിയുടെ കണ്ണ് പതിഞ്ഞിട്ടില്ല. എന്നിട്ടാണ് “ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന സങ്കൽപ്പവുമായി രാജ്യം മുന്നോട്ടുപോകുകയാണെന്ന് മുർമുവിന്റെ അഭിപ്രായം.

രാഷ്ട്രപതിയായ ശേഷമുള്ള മുർമുവിന്റെ ആദ്യ സന്ദേശമായിരുന്നു സ്വാതന്ത്ര്യദിന സന്ദേശം. ആർഎസ്എസ് പ്രതിനിധാനം ചെയ്യുന്ന സവർണ യാഥാസ്ഥിതിക ഹിന്ദുത്വം ഇന്ത്യയിൽ ദളിതർക്ക് മനുഷ്യരുടെ മിനിമം പദവിപോലും നിഷേധിക്കുന്നു. അത് കാണാൻ രാഷ്ട്രപതിക്ക് കഴിയാത്തത് ദൗർഭാഗ്യകരമാണ്.

‘ഓരോ കണ്ണിൽനിന്നും ഉതിരുന്ന ഓരോ കണ്ണീർത്തുള്ളിയും തുടച്ചുകളയുക’ എന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകൾ സ്‌മരിക്കേണ്ട ഘട്ടമാണിത്. പക്ഷേ, ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും വകവരുത്താനും ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ ഭരണകൂട പിന്തുണയോടെ പിടിച്ചെടുക്കാനും സംഘപരിവാർ തീവ്രയത്നത്തിലാണ്. ബിജെപിയുടെ തീവ്രഹിന്ദുത്വത്തിലെ പള്ളിപൊളിക്കൽ പരിപാടി ബാബ്റി മസ്ജിദിൽ അവസാനിക്കുന്നില്ല.

വാരാണസിയിലെ ജ്ഞാൻവ്യാപി മസ്ജിദ് സംഭവം ഉൾപ്പെടെ ഇത് വിളിച്ചറിയിക്കുന്നു. ‘മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം ഇന്ത്യയിലുണ്ടായ ഏറ്റവും നീചമായ ദുരന്തം’ എന്നാണ് ബാബ്റിമസ്ജിദ് പൊളിച്ചതിനെ രാഷ്ട്രപതിയായിരിക്കെ കെ ആർ നാരായണൻ വിശേഷിപ്പിച്ചത്. അത്രത്തോളം പോയില്ലെങ്കിലും , മതസൗഹാർദം തകർക്കുകയും സമാധാനജീവിതം ഇല്ലാതാക്കുകയും ചെയ്യുന്ന കൊള്ളരുതായ്മ സംഘപരിവാർ നിർത്തിവയ്‌ക്കണമെന്ന്‌ ഉപദേശിക്കാൻപ്പോലും രാഷ്ട്രപതിക്ക് കഴിയുന്നില്ല.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ അക്രമാസക്തമായി നിലകൊള്ളുന്ന ആർഎസ്എസിനെയും അതിന്റെ ആചാര്യൻമാരെയും വെള്ളപൂശാനും പ്രകീർത്തിക്കാനുമുള്ള അവസരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചെങ്കോട്ട പ്രസംഗത്തെ മാറ്റി.

മഹാത്മാഗാന്ധിക്കൊപ്പം ശ്രേഷ്ഠനായ സ്വാതന്ത്ര്യസമര സേനാനിയായി സവർക്കറെ പ്രതിഷ്ഠിക്കാനാണ് മോദി ശ്രമിച്ചത്‌. ജയിൽ മോചിതനാകാൻ മാപ്പെഴുതിക്കൊടുത്ത് ബ്രിട്ടീഷുകാരുടെ മുന്നിൽ യാചന നടത്തിയ, സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കാമെന്ന് ഉറപ്പുനൽകിയ സവർക്കറെ ഗാന്ധിജിക്കൊപ്പം കൂട്ടിയിണക്കിയത് മാപ്പർഹിക്കാത്ത പാതകമാണ്.

ഇതിനെ മണിക്കൂറുകൾക്കുള്ളിൽ നിശിതമായി വിമർശിക്കാൻ ഡിവൈഎഫ്ഐയിലെ ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായി. ചരിത്രത്തെ വികൃതപ്പെടുത്തുന്നവർക്കുള്ള താക്കീതായിരുന്നു അത്.

സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത പ്രസ്ഥാനമാണ് ആർഎസ്എസ്. മുസ്ലിം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നു എന്നാരോപിച്ചാണ് ഹിന്ദു തീവ്രവാദിയായ ഗോഡ്സെ ഗാന്ധിജിയെ വധിച്ചത്. ഹിന്ദു–-മുസ്ലിം ഐക്യത്തിനായുള്ള ഗാന്ധിജിയുടെ താരതമ്യമില്ലാത്ത പ്രവർത്തനമാണ് ആർഎസ്എസിനെയും ഗോഡ്സെയെയും പ്രകോപിപ്പിച്ചത്. ഗാന്ധി വധക്കേസിൽ പ്രതിയായിരുന്നു സവർക്കർ.

അത്തരം ഒരാളെ ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ പ്രതീകമായി പ്രധാനമന്ത്രി അവതരിപ്പിക്കുമ്പോൾ അപമാനിക്കപ്പെടുന്നത് രാജ്യസ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ലക്ഷക്കണക്കിന് രക്തസാക്ഷികളാണ്.

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ‘നാനാത്വത്തിൽ ഏകത്വം’ ഉള്ള രാജ്യമായി ഇന്ത്യയെ കണ്ടു. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ ഡോ. എസ് രാധാകൃഷ്ണനാകട്ടെ മുസ്ലിം, ക്രിസ്ത്യൻ, ജൈന, ബുദ്ധ, ഹിന്ദു മതങ്ങൾക്ക് സുരക്ഷാ സങ്കേതമാണ് ഇന്ത്യ എന്ന് വ്യക്തമാക്കി. ഹിന്ദു ഭാരതീയ സംസ്കാരങ്ങളെ സമഗ്രമായി പരിശോധിക്കുകയും പഠിക്കുകയും ചെയ്ത ചരിത്രകാരൻ കൂടിയായിരുന്നു അദ്ദേഹം.

എല്ലാ മതങ്ങൾക്കും ഒരുപോലെ സമാധാനത്തോടെ കഴിയാനുള്ള ഇടമായി രാജ്യത്തെ കണ്ട ഇവരുടെയെല്ലാം സങ്കൽപ്പത്തിന് തീർത്തും വിരുദ്ധമായ കാര്യങ്ങളാണല്ലോ ഇന്ന് നടക്കുന്നത്. അന്യമതങ്ങളോടും പ്രതിപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളോടും കമ്യൂണിസ്റ്റുകാരോടും കടുത്ത പകയോടെ കേന്ദ്രഭരണകക്ഷിയും ആർഎസ്എസും അഴിഞ്ഞാട്ടം നടത്തുകയാണ്. ഇതെല്ലാം തുടരുമ്പോൾ എങ്ങനെയാണ് ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്നത് യാഥാർഥ്യമാകുന്നത്.

സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയായി 2047ലെ ഇന്ത്യയെപ്പറ്റിയുള്ള സങ്കൽപ്പം മോദി ചെങ്കോട്ട പ്രസംഗത്തിൽ സൂചിപ്പിച്ചു. അടിമത്തത്തിൽനിന്ന്‌ മോചനത്തിലേക്കുള്ള, ഇരുട്ടിൽനിന്ന്‌ വെളിച്ചത്തിലേക്കുള്ള, ദാരിദ്ര്യത്തിൽനിന്ന്‌ സമൃദ്ധിയിലേക്കുള്ള കവാടം തുറന്നുകിട്ടുന്നതായിരുന്നു സ്വതന്ത്ര ഇന്ത്യാ സങ്കൽപ്പം.

മോദി ഭരണം എട്ട് വർഷം പിന്നിട്ടു. പട്ടിണി കൂടി. 2021ൽ ലോകരാജ്യങ്ങളിൽ വിശപ്പിന്റെ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 101 ആണ്. ഇത് അപമാനകരമാണ്. പാർപ്പിടം, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ ഇതിനെയെല്ലാം അടിസ്ഥാനമാക്കിയാണ് പട്ടിണി അളക്കുന്നത്. ഈ ഘട്ടത്തിൽ ഇന്ത്യയുടെ പൊതുചിത്രത്തിൽനിന്ന്‌ കേരളം വ്യത്യാസപ്പെട്ടിരിക്കുന്നു.

പട്ടിണി നമ്മൾ ഏറെക്കുറെ ഇല്ലാതാക്കി. ആരോഗ്യരംഗത്തെ ഒരു ഉദാഹരണം നോക്കുക. ഒരു ലക്ഷം പ്രസവത്തിൽ കേരളത്തിൽ 30 മാതൃമരണം. എന്നാൽ, ഇന്ത്യയിൽ പലയിടത്തും 140 മുതൽ 456 വരെയാണ്. അസമിൽ 215 ആണ്. തെക്കേഇന്ത്യയിൽ ശരാശരി 59 ആണ്.

ഈ സ്ഥിതിവിവരക്കണക്ക് ചൂണ്ടിക്കാട്ടുന്നത് കേരളത്തെപ്പോലെ മറ്റ് സംസ്ഥാനങ്ങളിലും ജീവിതനിലവാരത്തിൽ വേണമെങ്കിൽ മാറ്റം വരുത്താം എന്നതാണ്. എന്നാൽ, കേരളത്തിലെ നേട്ടത്തിനു കാരണം ഇവിടത്തെ നവോത്ഥാന പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ഇടപെടലുകളും കമ്യൂണിസ്റ്റ് ഇടതുപക്ഷ ഭരണങ്ങളുടെ നയങ്ങളുമാണ്‌.

ഇത്തരം അവസ്ഥകളോട് ആരോഗ്യകരമായി മത്സരിക്കാനല്ല അസഹിഷ്ണുതയോടെ എൽഡിഎഫ് ഭരണത്തെ അട്ടിമറിക്കാനാണ് കേന്ദ്രഭരണകക്ഷിയും മോദി ഭരണവും പരിശ്രമിക്കുന്നത്. അതിന് ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ തുറന്നുവിട്ടിരിക്കുകയാണ്. മറ്റൊരു ഭാഗത്ത് ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുന്നു.

അതിന്റെ ഭാഗമാണ് ഓർഡിനൻസിൽ ഒപ്പിടില്ല എന്ന ഗവർണറുടെ ശാഠ്യം. ഇതിലൂടെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ മോദി ഭരണത്തിന്റെയും ബിജെപിയുടെയും ചട്ടുകമായി മാറിയിരിക്കുകയാണ്. രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെയും ഗവർണർമാർ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്നതാണ് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യവ്യവസ്ഥ നിഷ്കർഷിക്കുന്നത്.

മന്ത്രിസഭ (എക്സിക്യൂട്ടീവ്) പാർലമെന്റ്, നിയമസഭകളോട് കടപ്പെട്ടിരിക്കുന്നതാണ്. മന്ത്രിമാർ ചുമതലകൾ നിറവേറ്റുന്നത് ശരിയായ രീതിയിലാണോ എന്ന് ക്രമമായും ഇടയ്ക്കിടയ്ക്കും പരിശോധന നടത്താൻ സംവിധാനമുണ്ട്. പാർലമെന്റിലും നിയമസഭകളിലും ഉന്നയിക്കുന്ന ചോദ്യങ്ങൾ, വരുന്ന പ്രമേയങ്ങൾ, നടക്കുന്ന ചർച്ചകൾ എന്നിവ വഴി ജനപ്രതിനിധികൾക്ക് ഇടയ്ക്കിടെ പരിശോധന നടത്താം.

നിശ്ചിത കാലയളവിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലൂടെ ജനങ്ങൾക്കും പരിശോധന നടത്താൻ അവസരം നൽകുന്നു. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. 1950ൽ നാം അംഗീകരിച്ച ഭരണഘടന വിഭാവനം ചെയ്യുന്നത് ഫെഡറൽ സംവിധാനമാണ്.

ഭരണഘടനയിലെ 356–-ാം വകുപ്പ് സംസ്ഥാനങ്ങളുടെമേൽ മുമ്പ്‌ പലതവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് പരീക്ഷിക്കാൻ ഇന്ന് പരിമിതികളുണ്ട്. അതുകൊണ്ടാണ് ജനങ്ങൾ തെരഞ്ഞെടുത്ത ജനകീയ സർക്കാരിനെ ഗവർണറെ ഉൾപ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞുമുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുന്നത്.

ഇത് ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരായ നീചമായ കടന്നാക്രമണമാണ്. മോദി സർക്കാരിന്റെയും ബിജെപിയുടെയും ഈ കിരാത നീക്കത്തിന് ഒത്താശക്കാരായി കോൺഗ്രസിന്റെ കേരള നേതാക്കൾ മാറിയിരിക്കുകയാണ്.

ഈ പശ്ചാത്തലത്തിൽ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രഭരണത്തിന്റെയും പ്രതിപക്ഷത്തെ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെയും ഗൂഢനീക്കത്തിനെതിരെ ശക്തവും വിപുലവുമായ ജനകീയ പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവരും. ഈ ജനകീയ കൂട്ടായ്മയിൽ യുഡിഎഫിലെ ഘടകകക്ഷികൾക്കോ അവയിലെ അണികൾക്കോ പങ്കെടുക്കാം. അവരുമായി ഈ വിഷയത്തിൽ കൈകോർക്കാൻ സിപിഐ എം തയ്യാറാണ്.

കേന്ദ്ര ഏജൻസികളെയും ഗവർണറെയും മാത്രമല്ല, കൊലയാളി രാഷ്ട്രീയത്തെയും എൽഡിഎഫിനെ അസ്ഥിരപ്പെടുത്തുന്നതിനായി ആർഎസ്എസും ബിജെപിയും ശരണം പ്രാപിച്ചിരിക്കുകയാണ്. അതിന് തെളിവാണ് പാലക്കാട് മരുതറോഡ് സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ ആർഎസ്എസ് ഗുണ്ടകൾ സംഘം ചേർന്ന് ക്രൂരമായി വകവരുത്തിയ സംഭവം.

ദിവസങ്ങൾക്കുമുമ്പ് ആർഎസ്എസിന്റെ രക്ഷാബന്ധൻ ചടങ്ങിലടക്കം പങ്കെടുത്തവരാണ് കൊലപാതകം നടത്തിയത്. ഇത്തരം അരുംകൊലകളിലൂടെ കേരളത്തിന്റെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാനുള്ള ഹീനമായ ക്രിമിനൽ പ്രവർത്തനമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. കാവിസംഘത്തിന്റെ കൊലപാതകങ്ങളെ വെള്ളപൂശുന്ന നീചമായ നടപടിയിലാണ് ഇവിടത്തെ കോൺഗ്രസ് നേതാക്കൾ. സംസ്ഥാനത്ത് കഴിഞ്ഞ ആറു വർഷത്തിനിടെ ആർഎസ്എസ് ക്രിമിനൽ സംഘം , 17 സിപിഐ എം പ്രവർത്തകരെയാണ് നിഷ്ഠുരമായി കൊലപ്പെടുത്തിയത്.

രാജ്യത്ത് സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിയാണ് പ്രധാനമന്ത്രിയെങ്കിൽ സംഘപരിവാർ കേരളത്തിൽ നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്താൻ അദ്ദേഹം ശബ്ദമുയർത്തണം. അല്ലാതെയുള്ള ചെങ്കോട്ട പ്രസംഗം ഉൾപ്പെടെയുള്ളവ പാഴാകുന്ന വാചകമടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News