Kerala university: സെർച്ച്‌ കമ്മിറ്റി ചട്ടവിരുദ്ധം; രണ്ട് അംഗങ്ങൾമാത്രമുള്ള കമ്മിറ്റി നിലനിൽക്കില്ല; കേരള സർവകലാശാലയ്ക്ക്‌ നിയമോപദേശം

കേരള സർവകലാശാല വൈസ്‌ചാൻസലറെ കണ്ടെത്താൻ മൂന്നംഗ നിയമന ശുപാർശ (സെർച്ച്‌) കമ്മിറ്റിയിലേക്ക്‌ രണ്ടുപേരെ മാത്രം വച്ച്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ഉത്തരവിറക്കിയത്‌ ചട്ടവിരുദ്ധം.

സർവകലാശാല നിയമത്തിലെ 10 (-1) പ്രകാരം രണ്ടുപേരെ മാത്രംവച്ച്‌ കമ്മിറ്റി രൂപീകരിച്ചത്‌ നിലനിൽക്കില്ല. ഇത്‌ സംബന്ധിച്ച്‌ സർവകലാശാലയ്ക്ക്‌ നിയമോപദേശം ലഭിച്ചു. തുടർനടപടികൾ സർവകലാശാലയുടെ പരിഗണനയിലാണ്‌.

കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ. ദേബാഷിഷ് ചാറ്റർജിയെ ഗവർണറുടെ പ്രതിനിധിയായും കർണാടക കേന്ദ്രസർവകലാശാല വിസി ഡോ. ബട്ടു സത്യനാരായണയെ യുജിസി പ്രതിനിധിയായും നിയമിച്ചാണ്‌ ആഗസ്ത്‌ അഞ്ചിന്‌ ഗവർണർ ഉത്തരവിറക്കിയത്‌.

കേരള സർവകലാശാലയുടെ പ്രതിനിധിയെ ഉൾപ്പെടുത്തിയില്ല. മൂന്നു പ്രതിനിധികളുടെയും പേര്‌ ഉൾപ്പെടുത്തി വേണം കമ്മിറ്റി രൂപീകരിക്കാൻ. ഗവർണർ ഉത്തരവ്‌ ഇറക്കിയതിനാൽ സർവകലാശാല പ്രതിനിധിയെ തീരുമാനിച്ച്‌ ചേർക്കുന്നതും നിയമപരമല്ല.

നിലവിലുള്ള ഉത്തരവ്‌ പിൻവലിച്ച്‌ മൂന്നുപേരെയും ഉൾപ്പെടുത്തി പുതിയ ഉത്തരവ്‌ ഇറക്കേണ്ടി വരും. സ്റ്റാൻഡിങ്‌ കൗൺസൽ തോമസ്‌ എബ്രഹാമാണ്‌ കേരള സർവകലാശാലയ്ക്ക്‌ നിയമോപദേശം നൽകിയത്‌.

ചട്ടവിരുദ്ധമായ ഒരു നടപടിയും അംഗീകരിക്കില്ലെന്ന്‌ ആവർത്തിക്കുന്ന ഗവർണർതന്നെ ഇറക്കിയ നിയമവിരുദ്ധ ഉത്തരവ്‌ അസാധുവാക്കാൻ ആർക്കും കോടതിയെ സമീപിക്കാം. ചട്ടവിരുദ്ധമായ ഉത്തരവ്‌ ഇറക്കിയതിനെതിരെ സെനറ്റ്‌ പ്രമേയം പാസാക്കിയാൽ ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണർ ഒഴിയേണ്ടിയും വരും.

വിസിയുടെ ഒഴിവ്‌ വരുന്നത്‌ സംബന്ധിച്ച്‌ സർക്കാർ വിജ്ഞാപനം വന്നശേഷമാണ്‌ സാധാരണ നിയമന ശുപാർശ കമ്മിറ്റി രൂപീകരിക്കാറ്‌. കേരള സർവകലാശാല വൈസ്‌ചാൻസലർ ഡോ. മഹാദേവൻപിള്ളയുടെ കാലാവധി ഒക്‌ടോബറിലാണ്‌ അവസാനിക്കുക.

Kannur University: ഗവർണറുടെ നടപടി; കണ്ണൂർ സർവ്വകലാശാല നിയമ നടപടിയിലേക്ക്

അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ സർവ്വകലാശാല(kannur university) നിയമ നടപടിയിലേക്ക്. സർവ്വകലാശാലാലാ നിയമം 7(3)പ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകാതെ നടപടിയെടുത്തത് ചട്ടവിരുദ്ധമെന്നാണ് സർവ്വകലാശാല ചൂണ്ടിക്കാട്ടുന്നത്.
അതേ സമയം പ്രിയ വർഗ്ഗീസിന്റെ നിയമനം യുജിസി മാനദണ്ഡങ്ങളും സർവ്വകലാശാലാ ചട്ടവും പാലിച്ചാണെന്നും സർവ്വകലാശാല വിശദീകരിക്കുന്നു.

യുജിസി മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രിയ വർഗ്ഗീസിന്റെ നിയമനമെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. വിദഗ്ധ സമിതി തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർവ്വകലാശാല അംഗീകരിച്ചതെന്നും വൈസ് ചാൻസിലർ വ്യക്തമാക്കി. നിയമന നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

ഗവർണർ ചോദിച്ച വിശദകരണത്തിന് എല്ലാ കാര്യങ്ങളും വ്യക്തമാക്കി ഈ മാസം 12 ന് മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചട്ട വിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടങ്കിൽ ഗവർണർക്ക് അത് നേരത്തെ ചൂണ്ടിക്കാട്ടാമായിരുന്നു. യുജിസി മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രീയ വർഗ്ഗീസിന്റെ നിയമനം. നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News