അറിവ് നീതിബോധമായില്ലെങ്കില്‍ പിന്നെ എന്തുകാര്യം?സിവിക് ചന്ദ്രന് അനുകൂലമായ കോടതിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് സുനില്‍ പി ഇളയിടം|Sunil P Ilayidom

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് അനുകൂലമായ കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് എഴുത്തുകാരനും ചിന്തകനുമായ സുനില്‍ പി. ഇളയിടം(Sunil P Ilayidom). പെണ്‍കുട്ടി മോശമായി വസ്ത്രം ധരിച്ചതുകൊണ്ടാണ് കയറിപ്പിടിച്ചതെന്ന് പറയുന്നവര്‍ക്കുള്ള ഉത്തരം കുമാരനാശാന്‍ പണ്ടേ എഴുതിവെച്ചിട്ടുണ്ടെന്ന് സുനില്‍ പി. ഇളയിടം പറഞ്ഞു. പരാതിക്കാരി ധരിച്ചത് ലൈംഗിക പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രമായിരുന്നെന്നും അതിനാല്‍ പീഡനപരാതി നിലനില്‍ക്കില്ലെന്നുമായിരുന്നു കോടതി നിരീക്ഷിച്ചത്. ഇതിന്മേലാണ് സുനില്‍ പി. ഇളയിടത്തിന്റെ പ്രതികരണം.

എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ നടക്കുന്ന നേമം പുഷ്പരാജിന്റെ ഡിസ്റ്റോപിയ കലാ പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”പടുരാക്ഷസ ചക്രവര്‍ത്തിയെന്‍ ഉടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ,’ എന്ന് ആശാന്‍ എഴുതിയത് 1916ലാണ്. അത് ഇന്നത്തെ കാലത്ത് കൂടുതല്‍ തെളിഞ്ഞുവരുന്നു. ബലാത്സംഗം ചെയ്യപ്പെട്ടത് പെണ്‍കുട്ടിയുടെ കുറ്റമാണ് എന്ന നിലയിലാണ് ഇന്ന് വ്യാഖ്യാനം.

ഈ ചിത്രപ്രദര്‍ശനത്തിലും നീതിയെ വിഷയമാക്കി ഒരു ചിത്രം കണ്ടു. അറിവ് നീതിബോധമായില്ലെങ്കില്‍ പിന്നെ എന്തുകാര്യം?,” ഇളയിടം പറഞ്ഞു.കലയില്‍ പൊളിറ്റിക്കല്‍ കറക്ട്നെസ് കൂടിയേ തീരൂ എന്ന് പറയാനാവില്ല. ചങ്ങമ്പുഴ കവിതയില്‍ അന്ന് നടന്ന സ്വാതന്ത്ര്യസമരം കാണാനാവില്ല. പക്ഷെ കവി നാട്ടുഭാഷയുടെ വിപ്ലവം സൃഷ്ടിച്ചു.

ഗാന്ധിക്ക് കല ഇഷ്ടമായിരുന്നില്ല. പക്ഷെ അദ്ദേഹത്തെ പോലെ ഇന്ത്യന്‍ കലാരൂപങ്ങളെ സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല. വലിയ കല എന്നാല്‍ പുതിയ ഭാഷ സൃഷ്ടിക്കലാണ്. ആശാനും ബഷീറും സ്വന്തം ഭാഷ ചമച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സാഹിത്യ അക്കാദമി സെക്രട്ടറി അശോകന്‍ ചരുവിലും പങ്കെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News